Kerala PSC Notifications : 40 തസ്തികകളിൽ പുതിയ വിജ്ഞാപനം പ്രഖ്യാപിക്കാനൊരുങ്ങി കേരള പിഎസ്‍സി
ആദ്യ ഘട്ടം മേയ് മൂന്നിനും രണ്ടാമത്തേത് മേയ് നാലിനും അവസാനത്തേത് മേയ് 16-നുമുള്ള ഗസറ്റുകളിൽ പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം: വിവിധ തസ്തികകളിലേക്കുള്ള (notification) വിജ്ഞാപനങ്ങൾ മൂന്നു ഘട്ടങ്ങളിലായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുമായി (Kerala Public Service Commission) കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. ഇന്ത്യ റിസർവ് ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ എന്നിവ ഉൾപ്പെടെ 40 തസ്തികകളിലേക്കാണ് പുതിയ വിജ്ഞാപനം തയ്യാറായിരിക്കുന്നത്. ജ്യോഗ്രഫി, സംസ്കൃതം വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാർ, വിവിധ ജില്ലകളിൽ ലബോറട്ടറി ടെക്‌നീഷ്യൻ തുടങ്ങിയവയ്ക്കും വിജ്ഞാപനങ്ങളുണ്ട്. ആദ്യ ഘട്ടം മേയ് മൂന്നിനും രണ്ടാമത്തേത് മേയ് നാലിനും അവസാനത്തേത് മേയ് 16-നുമുള്ള ഗസറ്റുകളിൽ പ്രസിദ്ധീകരിക്കും. അതിനുശേഷമാണ് ഓൺലൈനിൽ അപേക്ഷിക്കേണ്ടത്.
ട്രെയിനിങ് കോളേജുകളിൽ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസർ (തസ്തികമാറ്റം)-ത്തിന് വിവരണാത്മക പരീക്ഷ നടത്താൻ തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫിസിയോളജി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്‌റ്റ്‌സ്‌മാൻ (മെക്കാനിക്കൽ എൻജിനിയറിങ്) എന്നിവയ്ക്ക് ഓൺലൈൻ പരീക്ഷ നടത്തും. ട്രെയിനിങ് കോളേജുകളിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ (തസ്തികമാറ്റം), വിവിധ ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് എന്നിവയുടെ ചുരുക്കപ്പട്ടിക ഉടൻ പ്രസിദ്ധീകരിക്കാൻ യോഗം നിർദേശം നൽകി.