Ayushman Bharat Yojana: ആരോഗ്യ പ്രൊഫഷണൽ രജിസ്ട്രിയുടെ നഴ്‌സ് മൊഡ്യൂൾ ദേശീയ ആരോഗ്യ അതോറിറ്റി പുറത്തിറക്കി
വിവിധ ചികിത്സാ സമ്പ്രദായങ്ങൾ പിന്തുടരുന്ന ഡോക്ടർമാർക്കുള്ള മൊഡ്യൂളും അവരുടെ ചികിത്സാ സന്നദ്ധതയും ആരോഗ്യ പ്രൊഫഷണൽ രജിസ്ട്രിയിൽ ഇപ്പോൾ ലഭ്യമാണ്.
ദില്ലി: ആയുഷ്മാൻ ഭാരത് (Ayushman Bharat Yojana) ഡിജിറ്റൽ ദൗത്യത്തിന് (ABDM) കീഴിലുള്ള ആരോഗ്യ പ്രൊഫഷണൽ രജിസ്ട്രിയിൽ, നഴ്സുമാർക്കുള്ള മൊഡ്യൂൾ ദേശീയ ആരോഗ്യ അതോറിറ്റി (NHA) പുറത്തിറക്കി. വിവിധ ചികിത്സാ സമ്പ്രദായങ്ങൾ പിന്തുടരുന്ന ഡോക്ടർമാർക്കുള്ള മൊഡ്യൂളും അവരുടെ ചികിത്സാ സന്നദ്ധതയും ആരോഗ്യ പ്രൊഫഷണൽ രജിസ്ട്രിയിൽ ഇപ്പോൾ ലഭ്യമാണ്. ദേശീയതലത്തിൽ നഴ്‌സ് മൊഡ്യൂൾ പുറത്തിറക്കിയതോടെ, ആധുനികവും പരമ്പരാഗതവുമായ ചികിത്സ സമ്പ്രദായങ്ങളില്‍ ആരോഗ്യ സേവനങ്ങൾ നൽകുന്ന നഴ്‌സുമാർക്കും ഹെൽത്ത് കെയർ പ്രൊഫഷണൽ രജിസ്ട്രിയിൽ (HPR) എൻറോൾ ചെയ്യാൻ കഴിയും. രജിസ്ട്രിയിൽ ചേരുന്നതിനുള്ള അപേക്ഷകൾ ബന്ധപ്പെട്ട കൗൺസിലുകൾ പരിശോധിക്കും. ഇതിന്റെ തുടർച്ചയായി, പാരാ-മെഡിക്കൽ പ്രൊഫഷണലുകൾ, താഴെത്തട്ടിലെ ആശാ വർക്കർമാർ (ASHAs), ആരോഗ്യ പരിരക്ഷാ ജീവനക്കാർ, ബന്ധപ്പെട്ട മറ്റ് ആരോഗ്യ പ്രൊഫഷണലുകൾ തുടങ്ങി കൂടുതൽ വിഭാഗങ്ങളെ രജിസ്ട്രിയിൽ ചേർക്കാൻ NHA പദ്ധതിയിടുന്നു.
ആധുനികവും പരമ്പ രാഗതവുമായ ചികിത്സാ സംവിധാനങ്ങൾ അടിസ്ഥാനമാക്കി ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ രംഗത്തെ എല്ലാ പ്രൊഫഷണലുകളുടെയും സമഗ്രമായ വിവരശേഖരമാണ് HPR. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യത്തിന്റെ അടിസ്ഥാനശിലയാണിത്. HPR മുഖേന, ആരോഗ്യപരിപാലന പ്രൊഫഷണലുകൾക്ക് ഇന്ത്യയുടെ ഡിജിറ്റൽ ആരോഗ്യ വ്യവസ്ഥയിലേക്ക് പ്രവേശിക്കാനും ആരോഗ്യ ദാതാക്കളുമായും തിരിച്ചും ബന്ധപ്പെടാനും രോഗികളുമായി ബന്ധപ്പെടാനും സാധിക്കും. HPR-ന്റെ പ്രയോജനങ്ങളിൽ ടെലിമെഡിസിൻ, ഏകീകൃത ഡിജിറ്റൽ സേവനങ്ങൾ എന്നിവയ്‌ക്കൊപ്പം സമർപ്പിതവും വിശ്വസനീയവുമായ ഐഡന്റിറ്റി, ഓൺലൈൻ സാന്നിധ്യം, കണ്ടെത്തൽ എന്നിവ ഉൾപ്പെടുന്നു. ആരോഗ്യ രംഗത്തെ പ്രൊഫഷണലുകൾക്ക് സ്വന്തം ആധാർ കാർഡോ ഡ്രൈവിംഗ് ലൈസൻസോ ഉപയോഗിച്ച് https://hpr.abdm.gov.in/ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ HPR-ന്റെ ഭാഗമാകാം.