ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതൽ മുതൽമുടക്കും: ധനമന്ത്രി കെ എൻ ബാലഗോപാൽ
പുതിയ ഗവേഷണ പ്രൊജക്ടുകൾ കണ്ടെത്തി ഏറ്റെടുക്കാൻ സർവ്വകലാശാലകളുടെ മുൻകയ്യുണ്ടാവണം. കാർഷികമേഖലയും വ്യവസായമേഖലയുമായി ബന്ധപ്പെടുന്ന തരത്തിൽ പഠന-ഗവേഷണപ്രവർത്തനങ്ങൾ വികസിക്കണം.
തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതൽ മുതൽമുടക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശില്പശാലയുടെ സമാപനസെഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ധനമന്ത്രി. നിലവിലെ ശക്തിദൗർബല്യങ്ങൾ വിലയിരുത്തി ശില്പശാലയിൽ തയ്യാറാക്കിയ നിർദ്ദേശങ്ങളിൽ സർക്കാർ തുടർനടപടികൾ കൈക്കൊള്ളുമെന്ന് അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
സാമ്പത്തികഞെരുക്കത്തിനിടയിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് വേണ്ട സൗകര്യങ്ങളും ആവശ്യമായ നിയമനങ്ങളും സർക്കാർ ഒരുക്കുമെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. പുതിയ ഗവേഷണ പ്രൊജക്ടുകൾ കണ്ടെത്തി ഏറ്റെടുക്കാൻ സർവ്വകലാശാലകളുടെ മുൻകയ്യുണ്ടാവണം. കാർഷികമേഖലയും വ്യവസായമേഖലയുമായി ബന്ധപ്പെടുന്ന തരത്തിൽ പഠന-ഗവേഷണപ്രവർത്തനങ്ങൾ വികസിക്കണം. കാർഷിക-നിർമ്മാണ മേഖലകൾക്ക് സഹായകമായ ലഘു ഉപകരണങ്ങൾ വികസിപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ സർവ്വകലാശാലകൾ ഏറ്റെടുക്കണമെന്നും ധനമന്ത്രി പറഞ്ഞു..
അടിയന്തിരമായി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് കരടുരേഖയായി ശില്പശാലയിൽ അവതരിപ്പിച്ചതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം ഐ.എം.ജിയിൽ നടന്ന ദ്വിദിന ശില്പശാലയിലെ ചർച്ചകളിൽ ഉയർന്ന നിർദ്ദേശങ്ങൾ ഗ്രൂപ്പുകളുടെ കോർഡിനേറ്റർമാർ സമാപനസെഷനിൽ അവതരിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, മലയാള സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ എന്നിവരും സംസാരിച്ചു.