അടുത്ത 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും: പ്രധാനമന്ത്രി
ആധുനിക ആരോഗ്യ സംവിധാനങ്ങളോടു കൂടിയ, കച്ച് മേഖലയിലെ ആദ്യത്തെ ചാരിറ്റബിൾ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയാണിത്.
ഭുജ്: എല്ലാ ജില്ലയിലും ഒരു മെഡിക്കൽ കോളേജെങ്കിലും (medical colleges) സ്ഥാപിക്കുമെന്ന കേന്ദ്രസർക്കാർ നയം മൂലം അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്തിന് അനവധി ഡോക്ടർമാരെ ലഭിക്കുമെന്ന് (Narendra Modi) പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജിൽ 200 കിടക്കകളുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി വീഡിയോ കോൺഫറൻസിംഗിലൂടെ രാജ്യത്തിന് സമർപ്പിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു, കൊറോണ വൈറസ് ഇപ്പോഴും പതിയിരിക്കുന്നുണ്ടെന്നും ആളുകൾ അതിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആധുനിക ആരോഗ്യ സംവിധാനങ്ങളോടു കൂടിയ, കച്ച് മേഖലയിലെ ആദ്യത്തെ ചാരിറ്റബിൾ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയാണിത്. ഇന്ത്യയിലും വിദേശത്തുമുള്ളവരുടെ സഹായത്തോടെ ഭുജിലെ ലുവ പട്ടേൽ കമ്മ്യൂണിറ്റിയാണ് ഈ ഹോസ്പിറ്റൽ നിർമ്മിച്ചത്.
“എല്ലാ ജില്ലയിലും ഒരു മെഡിക്കൽ കോളേജെങ്കിലും ഉണ്ടായിരിക്കുക, മെഡിക്കൽ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ 10 വർഷത്തിന് ശേഷം രാജ്യത്തിന് റെക്കോഡ് എണ്ണത്തിൽ ഡോക്ടർമാരെ ലഭിക്കുന്നതിന് കാരണമാകും,” പ്രധാനമന്ത്രി പറഞ്ഞു. രണ്ട് പതിറ്റാണ്ട് മുമ്പ് ഗുജറാത്തിൽ 1,100 എംബിബിഎസ് സീറ്റുകളുള്ള ഒമ്പത് മെഡിക്കൽ കോളേജുകളേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ കഴിഞ്ഞ 20 വർഷമായി മെഡിക്കൽ വിദ്യാഭ്യാസരംഗം വളരെയധികം മെച്ചപ്പെട്ടു. ഇപ്പോൾ, സംസ്ഥാനത്ത് ഒരു എയിംസും മൂന്ന് ഡസനിലധികം മെഡിക്കൽ കോളേജുകളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പ്, ഗുജറാത്തിലെ മെഡിക്കൽ കോളേജുകളിൽ 1,000 വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം ലഭിച്ചിരുന്നുള്ളൂ, ഇപ്പോൾ 6,000 വിദ്യാർത്ഥികൾ ഈ കോളേജുകളിൽ പ്രവേശനം നേടുന്നു. രാജ്‌കോട്ടിലെ എയിംസിൽ 2021 മുതൽ 50 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയെന്നും മോദി പറഞ്ഞു. കൊറോണ വൈറസ് ഇപ്പോഴും അപ്രത്യക്ഷമായിട്ടില്ലെന്നും ആളുകൾ അതിനെക്കുറിച്ച് എപ്പോഴും ബോധവാൻമാരായിരിക്കണമെന്നും ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയിൽ ഉത്ഭവിച്ച യോഗയും ആയുർവേദവും പകർച്ചവ്യാധിയുടെ സമയത്ത് ലോകശ്രദ്ധ പിടിച്ചുപറ്റിയെന്നും പറഞ്ഞു.
ആരോഗ്യകരമായ ജീവിതത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി, ജൂൺ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തിൽ പൗരന്മാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കി ലോക റെക്കോർഡ് സ്ഥാപിക്കാൻ കച്ചിലെ ജനങ്ങളോട് പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചു. ഗുജറാത്തിലെയും രാജ്യമെമ്പാടുമുള്ള വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിന്, വൈറ്റ് റാൻ ഓഫ് കച്ച്, സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നിവ സന്ദർശിക്കാൻ വിദേശികളെ പ്രേരിപ്പിക്കുന്നതിന് വിദേശത്ത് താമസിക്കുന്ന കച്ചിൽ നിന്നുള്ളവരുടെ സഹായം പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.