യൂണിഫോം എങ്ങനെയാവണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം; വിവാദമാകുന്നവ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി
യൂണിഫോം ജെണ്ടർ അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികൾക്ക് സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. യൂണിഫോം ജെണ്ടർ അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികൾക്ക് സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.
ജെണ്ടർ ന്യൂട്രൽ യൂണിഫോമുകൾ സംബന്ധിച്ച ചർച്ചകൾ സജീവമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 7077 സ്‌കൂളുകളിൽ 9,57,060 കുട്ടികൾക്ക് കൈത്തറി യൂണിഫോമുകൾ വിതരണം ചെയ്യും. മെയ് 6ന് സംസ്ഥാനതല ഉദ്‌ഘാടനം നടക്കും.
പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റമുണ്ട്. പ്ലസ് വൺ മാതൃകാ പരീക്ഷ ജൂൺ 2ന് തുടങ്ങും. പ്ലസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ ആരംഭിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തും. ഫോക്കസ് ഏരിയ ആശങ്ക വേണ്ട. പ്ലസ് വൺ പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഇല്ല. ഈ സൗകര്യം കൂടി നോക്കിയാണ് പരീക്ഷ നീട്ടിയത്.
മെയ് രണ്ടാം വാരം മുതൽ അധ്യാപകർക്ക് പരിശീലനം നൽകും. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനാണ് പരിശീലനം. ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിലായുള്ള 1.34 ലക്ഷം അധ്യാപകർക്കാണ് പരിശീലനം നൽകുന്നത്. പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയായി വിതരണത്തിന് തയ്യാറായി. ഏപ്രിൽ 28ന് പാഠപുസ്തക വിതരണം ഉദ്‌ഘാടനം ചെയ്യും.
അടുത്ത വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് മാന്വൽ തയാറാക്കും. സ്‌കൂൾ മാന്വൽ സ്‌കൂൾ നടത്തിപ്പിന് തയ്യാറാക്കും. ഇതു സംബന്ധിച്ച് കൂടിയാലോചന നടത്തി തീരുമാനമെടുക്കും. സ്‌കൂളുകൾക്ക് മാസ്റ്റർ പ്ലാൻ ഉണ്ടാക്കും. ഓരോ മേഖലയ്ക്കും ഉചിതമായ രീതിയിൽ മാന്വൽ തയാറാക്കും. എല്ലാ സ്‌കൂളുകളിലും പൂർവ വിദ്യാർത്ഥി സംഘടനകൾ രൂപീകരിക്കും. 12,306 സ്‌കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യും. ആഴ്ചയിൽ 2 ദിവസം പാൽ, ഒരു ദിവസം മുട്ട, നേന്ത്രപ്പഴം എന്നിങ്ങനെ നൽകും. എല്ലാ ദിവസവും നൽകാൻ ശ്രമിക്കും. ആഹാരം മെച്ചപ്പെടുത്തും.
സ്‌കൂളുകളിൽ പച്ചക്കറി തോട്ടങ്ങൾ തയ്യാറാക്കും. സോഷ്യൽമീഡിയ വഴി ഉൾപ്പടെ ഉള്ള വ്യാജവർത്തകൾക്ക് എതിരെ ബോധവൽക്കരണം നടത്തും. കുട്ടികളിലെ ആത്മഹത്യ ഇല്ലാതാക്കാൻ പദ്ധതി തയ്യാറാക്കും.
പരീക്ഷാ പേപ്പർ മൂല്യനിർണയം സംബന്ധിച്ച സമരം ആവശ്യമില്ലാത്തതാണ്. നോക്കേണ്ട പേപ്പറുകളുടെ എണ്ണം ഉയർത്തിയത് പുനഃക്രമീകരിച്ചു.
സമരക്കാരുടെ ആവശ്യം അംഗീകരിച്ചു. പ്രതിഫലം വർധിപ്പിക്കണം എന്ന ആവശ്യം പരിഗണനയിലാണ് എന്നും മന്ത്രി പറഞ്ഞു.