മെഗാ ജോബ് ഫെയർ; 351 പേർക്ക് നിയമനം തൊഴിലന്വേഷകനും തൊഴിൽദാതാവും തമ്മിലുള്ള അകലം കുറച്ചു: മന്ത്രി വി.എൻ. വാസവൻ

അഭ്യസ്തവിദ്യർക്കും സാങ്കേതിക പരിജ്ഞാനമുള്ളവർക്കും മറ്റു നൈപുണ്യ വികസന കോഴ്‌സുകൾ പൂർത്തിയാക്കിയവർക്കും പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമം.

many appointments in mega job fair

കോട്ടയം: കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ നേതൃത്വത്തിൽ നാട്ടകം ഗവൺമെന്റ് കോളജിൽ നടന്ന മെഗാ ജോബ് ഫെയറിൽ (Mega Job Fair) 351 പേർക്ക് നിയമനം (Appointment). വിവിധ തസ്തികകളിലേക്ക് 1212 ഉദ്യോഗാർഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്തു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ്, ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ വികസനസമിതി, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച മെഗാ തൊഴിൽമേള സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി എല്ലാ ജില്ലകളിലും നടപ്പാക്കിവരുന്ന മെഗാ ജോബ് ഫെയറുകളിലൂടെ തൊഴിലന്വേഷകനും തൊഴിൽദാതാവും തമ്മിലുള്ള അകലം കുറയ്ക്കാൻ സർക്കാരിന് കഴിഞ്ഞതായും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു. 

അഭ്യസ്തവിദ്യർക്കും സാങ്കേതിക പരിജ്ഞാനമുള്ളവർക്കും മറ്റു നൈപുണ്യ വികസന കോഴ്‌സുകൾ പൂർത്തിയാക്കിയവർക്കും പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമം. കൂടുതൽ നൈപുണ്യ വികസന കോഴ്‌സുകൾ ഉൾപ്പെടുത്തി പഠന വിഷയങ്ങളുടെ ഉള്ളടക്കം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഐ.ടി. പാർക്ക്, സയൻസ് പാർക്ക്, നോളജ് പാർക്ക് എന്നിവയിലൂടെ പുതിയ തൊഴിലവസരങ്ങളുടെ വിഭവസമാഹരണവും നടപ്പാക്കുന്നതായി മന്ത്രി പറഞ്ഞു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കോളജ് പ്രിൻസിപ്പൽ ഡോ. ആർ. പ്രഗാഷ്, നഗരസഭാംഗം ദീപാ മോൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ലീഡ് ബാങ്ക് ഡിസ്ട്രിക്ട് മാനേജർ അലക്‌സ് ഇ. മണ്ണൂരാൻപറമ്പിൽ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ജി. ജയശങ്കർ പ്രസാദ് എന്നിവർ പ്രസംഗിച്ചു. വിവിധ തസ്തികളിലേക്കായി നടന്ന പ്രാഥമിക സ്‌ക്രീനിംഗിൽ 1638 ഉദ്യോഗാർഥികൾ പങ്കെടുത്തു. സ്പോട്ട് രജിസ്ട്രേഷനിലൂടെ മാത്രം 1099 പേർ പങ്കെടുത്തു. 64 തൊഴിൽദാതാക്കൾ മേളയിൽ പങ്കെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios