മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല; ശ്രവണപരിമിതർക്ക് ആശ്വാസമായി നേട്ടം
സംസ്ഥാനത്തെ ബധിരവിദ്യാലയങ്ങളിലെ അധ്യാപകരെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാനപ്രശ്‌നമാണ് മലയാളത്തിന് ആംഗ്യഭാഷയിൽ അക്ഷരമാല ഇല്ലെന്നത്. ഇംഗ്ലീഷിനും ഹിന്ദിക്കും സ്വന്തമായ അക്ഷരമാലയുണ്ട്.
തിരുവനന്തപുരം: മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല തയ്യാറായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) ആണ് മലയാള അക്ഷരമാലയിൽ ഒരു ഏകീകൃത ആംഗ്യഭാഷാലിപി - ഫിംഗർ സ്‌പെല്ലിങ് - രൂപകല്പന ചെയ്തിരിക്കുന്നത്. ലിപിയുടെ പ്രകാശനം ബുധനാഴ്ച (29.09.2021) രാവിലെ 11ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. തിരുവനന്തപുരത്ത് ഐഎംജിയിലാണ് പ്രകാശനച്ചടങ്ങ് നടന്നത്. സംസ്ഥാനത്തെ ബധിരവിദ്യാലയങ്ങളിലെ അധ്യാപകരെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാനപ്രശ്‌നമാണ് മലയാളത്തിന് ആംഗ്യഭാഷയിൽ അക്ഷരമാല ഇല്ലെന്നത്. ഇംഗ്ലീഷിനും ഹിന്ദിക്കും സ്വന്തമായ അക്ഷരമാലയുണ്ട്.
നിലവിൽ വിദ്യാലയങ്ങളിൽ ചുണ്ടുകളുടെ ചലനം നോക്കിയുള്ള രീതിയാണ് ഉപയോഗിച്ചുവരുന്നത്. വാക്കുകൾ എഴുതിക്കാണിക്കേണ്ടി വരുമ്പോൾ ശൂന്യതയിലോ കുട്ടികളുടെ കൈകളിലോ എഴുതിക്കാണിക്കും. ഇങ്ങനെ ശൂന്യതയിൽ എഴുതിക്കാണിക്കുന്നത് മിക്കപ്പോഴും ആശയ ക്കുഴപ്പമുണ്ടാക്കുന്നു. പലയിടങ്ങളിലും സ്വന്തമായ ലിപി രൂപകല്പന ചെയ്താണ് ഈ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നത്. ഏകീകൃത ലിപി ഉപയോഗത്തിൽ വരുന്നതോടെ പൊതുവിലുള്ള പ്രശ്‌നപരിഹാരമാവും.
സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ചേർന്നതാണ് ഏകീകൃത ആംഗ്യഭാഷാലിപി. 'നിഷി'ലെ ആംഗ്യഭാഷാവിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ അവിടുത്തെ ബധിരരായ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ഫിംഗർ സ്‌പെല്ലിങ് രൂപകല്പന ചെയ്തിരിക്കുന്നതെന്നതും പ്രത്യേകതയാണ്. ഉപയോക്താക്കൾതന്നെ ലിപി രൂപപ്പെടുത്തുന്നത് സാധാരണമല്ല. ഏകീകൃത ഫിംഗർ സ്‌പെല്ലിങ് ഭാവിയിൽ ശ്രവണപരിമിതർക്കുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് 'നിഷി'ന്റെ പദ്ധതി. എസ്.സി.ഇ.ആർ.ടി മുഖേന ഇതുചെയ്യാനാവുമെന്ന് അവർ കരുതുന്നു.
സെപ്റ്റംബർ അവസാനവാരം വരെ നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര ബധിര വാരാചരണത്തിന്റെ ഭാഗമായാണ് ലിപി പ്രകാശനം ചെയ്യുന്നത്.