സംസ്‌കൃത സർവ്വകലാശാലയിൽ എം.എ. മോഹിനിയാട്ടം, ഭരതനാട്യം: അവസാന തീയതി ഏപ്രിൽ 22
നൃത്തപ്രകടനം, നൃത്താധ്യാപനം എന്നിവയ്ക്ക് പുറമേ ഇന്നേറെ പ്രചാരമുള്ള ‘കൊറിയോഗ്രാഫി’ എന്ന നൃത്തസംവിധാന രംഗത്തും ശോഭിക്കാന്‍ അവസരങ്ങളേറെയുണ്ട്.
തൃശൂർ: യുവജനോത്സവ വേദികള്‍ക്കപ്പുറം (mohiniyattam) കലയ്ക്ക് ലക്ഷ്യങ്ങളുണ്ടെന്ന് കരുതുന്നവര്‍ക്ക് നടനകലകളില്‍ പ്രാവീണ്യം നേടി മികച്ച കരിയറിലേയ്ക്ക് (Bharathanatyam) ഉയരുവാനുള്ള അവസരമിന്നുണ്ട്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നൃത്തരംഗം ഏറെ പരിഷ്കരിക്കപ്പെട്ടിട്ടുമുണ്ട്. നൃത്തപ്രകടനം, നൃത്താധ്യാപനം എന്നിവയ്ക്ക് പുറമേ ഇന്നേറെ പ്രചാരമുള്ള ‘കൊറിയോഗ്രാഫി’ എന്ന നൃത്തസംവിധാന രംഗത്തും ശോഭിക്കാന്‍ അവസരങ്ങളേറെയുണ്ട്. വിനോദ വ്യവസായം കലാകാരന്മാര്‍ക്ക് മുന്നില്‍ അവസരങ്ങളുടെ വലിയ കവാടമാണ് തുറന്നു കൊടുത്തിരിക്കുന്നത്. ടി. വി., സിനിമ എന്നിവയൊക്കെ നൃത്തരംഗത്ത് ശോഭിക്കുന്നവര്‍ക്ക് പ്രചോദകങ്ങളാണ്.
സംസ്‌കൃത സർവ്വകലാശാലയിൽ എം. എ. (മോഹിനിയാട്ടം / ഭരതനാട്യം)
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ എം. എ. (ഡാന്‍സ് – മോഹിനിയാട്ടം), എം. എ. (ഡാന്‍സ് – ഭരതനാട്യം) പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കൂത്തമ്പലത്തിലാണ് പ്രോഗ്രാം നടത്തുന്നത്. നാല് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്‍റെ ദൈര്‍ഘ്യം രണ്ട് വര്‍ഷമാണ്.
പ്രവേശനം എങ്ങനെ?
പ്രവേശന പരീക്ഷയുടെയും (എഴുത്തുപരീക്ഷ), അഭിരുചി / പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കോ സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+ 2+ 3 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്ക് കുറഞ്ഞത് 40% മാര്‍ക്ക് (എസ്. സി./എസ്. ടി., ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് 35% മാര്‍ക്ക്) നേടുന്നവര്‍ പ്രവേശനത്തിന് യോഗ്യരാകും.
ബി. എ. പ്രോഗ്രാമിന്‍റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയായവർക്കും ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ വിജയിച്ച് (എട്ട് സെമസ്റ്റർ പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2022 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 31.08.2022 ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഏപ്രിൽ 22ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുവാനും www.ssus.ac.in സന്ദർശിക്കുക. ഫോൺ: 0484-2463380.