ലിറ്റില്‍ കൈറ്റ്സ് അഭിരുചി പരീക്ഷാഫലം പ്രഖ്യാപിച്ചു; പുതിയ ബാച്ചിലേയ്ക്ക് 62454 കുട്ടികള്‍
1988 യൂണിറ്റുകളില്‍ നിന്നുള്ള 62454 വിദ്യാര്‍ത്ഥികളെയാണ് ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്.
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പില്‍ (Education Department) നടപ്പിലാക്കിവരുന്ന (Little Kites) ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബ്ബിലേക്ക് ഈ വര്‍ഷത്തെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് 2022 മാര്‍ച്ച് 19 ന് നടന്ന അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2055 യൂണിറ്റുകളില്‍ നിന്നായി 96147വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇവരില്‍ 1988 യൂണിറ്റുകളില്‍ നിന്നുള്ള 62454 വിദ്യാര്‍ത്ഥികളെയാണ് ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്. പരീക്ഷാഫലം സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് ലോഗിനില്‍ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അനിമേഷന്‍, പ്രോഗ്രാമിംഗ്, മൊബൈല്‍ ആപ് നിര്‍മാണം, ഗ്രാഫിക്സ് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാര്‍ഡ്‍വെയര്‍, ഇലക്ട്രോണിക്സ്, ഐ.ഒ.ടി, റോബോട്ടിക്സ്, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കും. ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തനങ്ങളില്‍ 'എ ഗ്രേഡ്' ലഭിക്കുന്ന കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കി വരുന്നുണ്ട്. ഡിജിറ്റല്‍ മീഡിയ ലിറ്ററസി ഉള്‍പ്പെടെ നിരവധി പുതിയ പദ്ധതികള്‍ ലിറ്റില്‍ കൈറ്റ്സ് വഴി കൈറ്റ് നടപ്പാക്കുന്നുണ്ട്.
മെഗാ തൊഴിൽ മേള ഏപ്രില്‍ 24ന്
ആലപ്പുഴ: കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിന്‍റെ മേൽ നോട്ടത്തിൽ ജില്ലാ ഭരണകൂടത്തിന്‍റെയും ജില്ലാ സ്‌കിൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 24ന് മെഗാ തൊഴിൽ മേള നടത്തും. എസ്.എസ്.എൽ.സി മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ഹൃസ്വകാല നൈപുണ്യ പരിശീലനം ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. തൊഴിൽ ദാതാക്കൾക്കും തൊഴിൽ അന്വേഷകർക്കും www.statejobportal.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ കഴിയുക. ഫോൺ: 7592810659, ഇ-മെയിൽ: lekshmi.kasealpy@gmail.com
പരീക്ഷാ ഫീസ് തീയതി നീട്ടി
സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ / എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ ആറാം ബാച്ച് പൊതുപരീക്ഷയ്ക്ക് ഫീസ് ഒടുക്കി നിർദ്ദിഷ്ട രേഖകൾ സഹിതം അപേക്ഷ പഠനകേന്ദ്രങ്ങളിൽ സമർപ്പിക്കേണ്ട സമയപരിധി 20 രൂപ പിഴയോടെ മാർച്ച് 31 വരെ നീട്ടി. അതത് പഠനകേന്ദ്രങ്ങളിൽ ലഭ്യമാകുന്ന അപേക്ഷ സംബന്ധിച്ച വിവരങ്ങൾ സ്‌കോൾ-കേരള വെബ്‌പോർട്ടലിൽ അപ്‌ലോഡ് ചെയ്ത ശെഷം അപേക്ഷകൾ ഏപ്രിൽ രണ്ടിന് മുമ്പ് സ്‌കോൾ-കേരള സംസ്ഥാന ഓഫീസിൽ പഠനകേന്ദ്രം പ്രിൻസിപ്പൽമാർ ലഭ്യമാക്കണം.