India Skills 2021 : ഇന്ത്യ സ്കിൽസ് 2021 ദക്ഷിണേന്ത്യ റീജിയണൽ മത്സരത്തിൽ ഒന്നാമതായി കേരളം; 16 സ്വർണം 16 വെള്ളി
400-ലധികം യുവ പ്രതിഭകളാണ് മത്സരത്തിൽ പങ്കെടുത്തത്. നാല് ദിവസം നീണ്ടുനിന്ന മത്സരത്തിൽ 16 സ്വർണവും 16 വെള്ളിയും ഉൾപ്പെടെ 32 മെഡലുകൾ കേരളം കരസ്ഥമാക്കി.
കൊച്ചി: ഇന്ത്യസ്കിൽസ് 2021 (India Skills 2021) ദക്ഷിണേന്ത്യ റീജിയണൽ മത്സരത്തിൽ (Regional Competition) ഒന്നാമതായി കേരളം. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള 19 നും 24 നും ഇടയിൽ പ്രായമുള്ള 400-ലധികം യുവ പ്രതിഭകളാണ് മത്സരത്തിൽ പങ്കെടുത്തത്. നാല് ദിവസം നീണ്ടുനിന്ന മത്സരത്തിൽ 16 സ്വർണവും 16 വെള്ളിയും ഉൾപ്പെടെ 32 മെഡലുകൾ കേരളം കരസ്ഥമാക്കി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന സമാപന ചടങ്ങിൽ ആന്ധ്രാപ്രദേശ് സർക്കാരിന്റെ ബഹുമാനപ്പെട്ട ടൂറിസം, സാംസ്കാരിക, യുവജന മുന്നേറ്റ മന്ത്രി ശ്രീ മുട്ടംസെട്ടി ശ്രീനിവാസ റാവു വിജയികളെ ആദരിച്ചു. മൊത്തം വിജയികളിൽ 62 പേർക്ക് 21,000 രൂപയും 62 പേർക്ക് 11,000 രൂപയും വെള്ളി മെഡലുകളും സമ്മാനിച്ചു.
വെൽഡിംഗ്, ബ്യൂട്ടി തെറാപ്പി, ഹോട്ടൽ റിസപ്ഷൻ, മൊബൈൽ റോബോട്ടിക്സ്, ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ, ലാൻഡ്സ്കേപ്പ് ഗാർഡനിംഗ്, ആശാരിപ്പണി, പെയിന്റിംഗ് ഡെക്കറേഷൻ, വെബ് സാങ്കേതികവിദ്യകൾ തുടങ്ങി 51ൽ പരം വിഭാഗങ്ങളിലാണ് മത്സരാർത്ഥികൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചത്. കേരളം - 32, കർണാടക -29, തമിഴ്നാട് - 21, ആന്ധ്രാപ്രദേശ് -18-, തെലങ്കാന -2 എന്നിങ്ങനെയാണ് ഓരോ സംസ്ഥാനവും കരസ്ഥമാക്കിയ മെഡലുകളുടെ എണ്ണം. വിശാഖപട്ടണത്ത് സ്ഥിതി ചെയ്യുന്ന 11 പാർട്ണർ ഇൻസ്റ്റിറ്റ്യൂട്ടുകളിലായാണ് (PIs) മത്സരങ്ങൾ അരങ്ങേറിയത് .
പ്രാദേശിക മത്സരത്തിൽ വിജയികളായവർക്ക് 2022 ജനുവരിയിൽ നടക്കുന്ന ഇന്ത്യാസ്കിൽസ് നാഷണൽസിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. കൂടാതെ ഇന്ത്യാ സ്കിൽസ് നാഷണൽസ് മത്സരത്തിൽ നിന്ന് സ്വർണവും വെള്ളിയും മെഡലുകൾ കരസ്ഥമാക്കുന്നവരായിരിക്കും 2022 ഒക്ടോബറിൽ ചൈനയിലെ ഷാങ്ഹായിൽ നടക്കുന്ന ലോക നൈപുണ്യ മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് .