'പരീക്ഷ പരിശീലിച്ചു, കുറിപ്പുകൾ തയ്യാറാക്കി,' സിവിൽ സർവ്വീസ് 77ാം റാങ്കിലേക്കുള്ള വിജയവഴികളെക്കുറിച്ച് അക്ഷയ്
കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിസർച്ചിലായിരുന്നു പഠനം. ബിരുദ പഠനത്തിന് ശേഷം പിഎച്ച്ഡി ചെയ്യാനും അവിടെ അവസരമുണ്ടായിരുന്നു. എന്നാൽ സിവിൽ പരീക്ഷക്ക് തയ്യാറെടുക്കാനായിരുന്നു തന്റെ ശ്രമമെന്ന് അക്ഷയ് പറയുന്നു.
ബംഗളൂരു: ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ 77-ാം റാങ്കിന്റെ വിജയത്തിളക്കത്തിലാണ് ബംഗളൂരു സ്വദേശിയായ അക്ഷയ് സിംഹ. ഏഷ്യാനെറ്റ് ന്യൂസബിളിനോട് തന്റെ വിജയത്തെക്കുറിച്ച് പറയുകയാണ് അക്ഷയ്. അങ്കിൾ റിട്ടയേർഡ് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹമാണ് സിവിൽ സർവ്വീസിൽ എന്റെ പ്രചോദനം. സിവിൽ സർവ്വീസ് തെരെഞ്ഞടുക്കാനുണ്ടായ ഒരു കാരണമിതാണ്. അച്ഛനും ഉദ്യോഗസ്ഥനാണ്. കുടുംബാംഗങ്ങളിൽ മിക്കവരും സർക്കാർ ഉദ്യോഗസ്ഥരാണ്. ഇക്കാരണങ്ങളൊക്കെ കൊണ്ട് തന്നെ സിവിൽ സർവ്വീസ് എന്താണെന്ന് ഒരു ബോധ്യം എനിക്കുണ്ടായിരുന്നു. സിവിൽ സർവ്വീസ് തെരഞ്ഞെടുത്തതിന്റെ കാരണങ്ങളെക്കുറിച്ച് അക്ഷയ് ഏഷ്യാനെറ്റ് ന്യൂസബിളിനോട് പറയുന്നു.
പ്രിലിമിനറി പരീക്ഷ
കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിസർച്ചിലായിരുന്നു പഠനം. ബിരുദ പഠനത്തിന് ശേഷം പിഎച്ച്ഡി ചെയ്യാനും അവിടെ അവസരമുണ്ടായിരുന്നു. എന്നാൽ സിവിൽ പരീക്ഷക്ക് തയ്യാറെടുക്കാനായിരുന്നു തന്റെ ശ്രമമെന്ന് അക്ഷയ് പറയുന്നു. നേതൃപരമായ കഴിവുകൾ വിനിയോഗിക്കാൻ അവിടെ അവസരം ലഭിച്ചിരുന്നു. ബാംഗ്ലൂരിലെ ഇൻസൈറ്റ് ഐഎഎസ് അക്കാദമിയിലായിരുന്നു പ്രിലിമിനറി പരീക്ഷക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നത്. ഒരു വർഷം കൃത്യമായി ക്ലാസിൽ പോയിതന്നെയാണ് പഠനം മുന്നോട്ട് കൊണ്ടുപോയത്. അതുപോലെ നിരവധി പരീക്ഷയുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ വായിച്ചു. എല്ലാ ദിവസം രണ്ടോ മൂന്നോ ദിനപത്രങ്ങൾ വായിക്കും. ഹിന്ദു, ഇൻഡ്യൻ എക്സ് പ്രസ്, ബിസിനസ് സ്റ്റാൻഡേർഡ് മുതലായവ. ഈ രീതിയിലുള്ള പഠനവും പരിശീലനവും പ്രിലിമിനറി പരീക്ഷക്കും അതുപോലെ തന്നെ മെയിൻ പരീക്ഷക്കും മികച്ച വിജയം നേടാൻ സഹായിച്ചു. പ്രധാന പരീക്ഷയെ നേരിടാൻ എല്ലാവിധ തയ്യാറെടുപ്പുകളും നടത്തി.
മെയിൻ പരീക്ഷ
പ്രിലിമിനറി ഫലം പുറത്ത് വന്ന് രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ മെയിൻ പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. പരീക്ഷകൾ എഴുതി പരിശീലിക്കുകയാണ് ചെയ്തത്. ദിവസേന പരീക്ഷ എഴുതുകയും വിലയിരുത്തുകയും ചെയ്തു. അത് വളരെയധികം സഹായകരമായിരുന്നു. യുപിഎസ്‍സി പരീക്ഷക്ക് തയ്യാറെടുക്കാൻ പഠന സമയം കൃത്യമായി ക്രമീകരിച്ചു. രാവിലെയുള്ള സമയം പത്രം വായിക്കാനും പൊതുവിജ്ഞാനത്തിൽ അറിവ് നേടാനും വിനിയോഗിച്ചു. വൈകുന്നേരങ്ങളിലും രാത്രിയും മറ്റ വിഷയങ്ങൾ പഠിക്കാനും മാറ്റിവെച്ചു.
ഇന്റർവ്യൂ
അഭിമുഖത്തിനായി നിരവധി ആളുകളിൽ നിന്ന് മാർഗനിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. ഇൻസൈറ്റ്സ് അക്കാദമിയിലെ അധ്യാപകൻ വിനയകുമാർ. അദ്ദേഹം നിരവധി മോക്ക് സെഷൻസ് നടത്താൻ സഹായിച്ചു. എന്റെ അങ്കിൾ കെ സത്യനാരായണൻ. അദ്ദേഹവും വളരെയധികം സഹായിച്ചു. കൊവിഡ് മഹാമാരിക്കാലത്തും അദ്ദേഹം ഓൺലൈനായി മോക്ക് ഇന്റർവ്യൂ നടത്തി. ആഴ്ചയിലൊരു പ്രാവശ്യം മോക്ക് ഇന്റർവ്യൂസ് നൽകിയിരുന്നു. സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു സിവിൽ സർവ്വീസ് അഭിമുഖം. അത്തരത്തിലുള്ള ചോദ്യങ്ങളായിരുന്നു നേരിട്ടത്. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ചു ജനാധിപത്യത്തെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ ഒപ്പീനിയൻ ബേസ്ഡ് ചോദ്യങ്ങളായിരുന്നു കൂടുതൽ.
എഴുതി തയ്യാറാക്കിയ കുറിപ്പുകൾ സിവിൽ സർവ്വീസ് പരീക്ഷയെ നേരിടാൻ വളരെയധികം സഹായിക്കുമെന്ന് അക്ഷയ് പറയുന്നു. മോക്ക് ടെസ്റ്റുകൾ പരിശീലിക്കുക, അവ വിദഗ്ധരായവരെക്കൊണ്ട് വിലയിരുത്തുക എന്നിവയും പ്രധാനമാണ്. എഴുതിയുള്ള പരിശീലനം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. പ്രിലിമിനറി പരീക്ഷയുടെ തയ്യാറെടുപ്പുകൾ മെയിൻ പരീക്ഷയെ സ്വാധീനിക്കും. അതുപോലെ പ്രിലിമിനറി പരീക്ഷക്കും മെയിൻ പരീക്ഷക്കുമായി നടത്തുന്ന തയ്യാറെടുപ്പുകൾ അഭിമുഖത്തിലും പ്രകടമാകും. സിവിൽ സർവ്വീസ് പരീക്ഷയെ താൻ എങ്ങനെയാണ് സമീപിച്ചതെന്ന് അക്ഷയ് വ്യക്തമാക്കുന്നു. ആദ്യത്തെ 100 റാങ്കുകളിൽ ഒന്ന് നേടിയ അക്ഷയ് ഇന്ത്യൻ ഫോറിൻ സർവ്വീസിൽ സേവനം ചെയ്യാനാണ് ആഗ്രഹിക്കുന്നത്.