UPSC CSE : ടൈം മാനേജ്മെന്റാണ് പ്രധാനം; ഫുൾടൈം ജോലി ചെയ്തു, സിവിൽ സർവ്വീസിൽ റാ​ങ്കും; യാഷ്നിയുടെ വിജയകഥയിങ്ങനെ

നാലാമത്തെ ശ്രമത്തിലാണ് യാഷ്നിക്ക് സിവിൽ സർവ്വീസ് നേടാനായത്. മികച്ച രീതിയിലുള്ള ടൈം മാനേജ്മെന്റ് ആയിരുന്നു ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകം എന്ന് യാഷ്നി പറയുന്നു. 

inspirational story Yashni Nagarajan

ദില്ലി: യുപിഎസ് സി പരീക്ഷക്ക് (UPSC Examination) തയ്യാറെടുക്കുന്നവർക്ക് പ്രചോദനം നൽകുന്ന വിജയ​ഗാഥയാണ് യാഷ്നി നാ​ഗരാജൻ (Yashni Nagarajan, എന്ന പെൺകുട്ടിയുടേത്. മുഴുവൻ സമയം ജോലിക്കാരിയായിരിക്കുമ്പോഴാണ് യാഷ്നി സിവിൽ സർവ്വീസ് പരീക്ഷക്കായി (Civil Service exam) തയ്യാറെടുക്കുന്നതും മികച്ച വിജയം നേടുന്നതും. 2019 ൽ അഖിലേന്ത്യാ തലത്തിൽ 57ാം റാങ്ക് നേടിയാണ് യാഷ്നി സിവിൽ സർവ്വീസ് പരീക്ഷയിൽ യോ​ഗ്യത നേടിയത്. നാലാമത്തെ ശ്രമത്തിലാണ് യാഷ്നിക്ക് സിവിൽ സർവ്വീസ് നേടാനായത്. മികച്ച രീതിയിലുള്ള ടൈം മാനേജ്മെന്റ് ആയിരുന്നു ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകം എന്ന് യാഷ്നി പറയുന്നു. 

'യുപിഎസ്‍സി പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തുന്നുണ്ടെങ്കിൽ ജോലി ഉപേക്ഷിക്കേണ്ട ആവശ്യമില്ല, മികച്ച ടൈം മാനേജ്മെന്റിനൊപ്പം കഠിനാധ്വാനം ചെയ്യാനുള്ള  മനസ്സുണ്ടായാൽ മതി.' സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ യാഷ്നി പറയുന്നു. കേന്ദ്രീയ വിദ്യാലയത്തിലാണ് യാഷ്നി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2014 ൽ യുപിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിം​ഗിൽ നിന്ന് ബിടെക് ബിരുദം നേടി. യാഷ്നിയുടെ പിതാവ് തങ്കവേൽ നാ​ഗരാജൻ റിട്ടയേർഡ് പിഡബ്ലിയു ഡി എഞ്ചിനീയറാണ്. 

എല്ലാ ദിവസവും 4 മുതൽ 5 മണിക്കൂർ വരെ പഠനത്തിനായി മാറ്റിവെക്കാറുണ്ടായിരുന്നു എന്ന് യാഷ്നി പറയുന്നു. മാത്രമല്ല, വാരാന്ത്യങ്ങളിൽ മുഴുവൻ സമയം പഠനത്തിനായി ചെലവഴിക്കും. മുഴുവൻ സമയം ജോലി ചെയ്യുന്നുണ്ട്,  യുപി എസ് സി ക്ക് തയ്യാറെടുക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് വാരാന്ത്യങ്ങളിൽ പഠിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യം സ്വയം തിരിച്ചറിഞ്ഞു കൊണ്ടാണ് പഠനം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്നത്. ഈ വിശ്വാസം പഠനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ശരിയായ ടൈം മാനേജ്മെന്റ് ഉണ്ടെങ്കിൽ അഞ്ച് മണിക്കൂർ വരെ പഠനത്തിനായി മാറ്റിവെക്കാൻ സാധിക്കുമെന്നും യാഷ്നി പറയുന്നു. 

ആദ്യശ്രമത്തിൽ ജിയോ​ഗ്രഫിയാണ് ഓപ്ഷണൽ വിഷയമായി തെരെഞ്ഞെടുത്തത്. അതുകൊണ്ട് മികച്ച മാർക്ക് നേടാൻ സാധിച്ചില്ല. പിന്നീട് വിഷയം മാറ്റി. താത്പര്യത്തോടെ വായിക്കാൻ കഴിയുന്ന വിഷയമാകണം ഓപ്ഷണലായി തെര‍ഞ്ഞെടുക്കേണ്ടതെന്നും യാഷ്നി നിർദ്ദേശിക്കുന്നു. താത്പര്യമുള്ള വിഷയത്തിൽ ആഴത്തിലുള്ള വായന സാധ്യമാകും. യുപി എസ് സി പരീക്ഷയിൽ ഓപ്ഷണൽ സബ്ജക്റ്റിന് വളരെയധികം പ്രാധാന്യമുണ്ടെന്നും മികച്ച മാർക്ക് നേടാൻ സഹായിക്കുമെന്നും യാഷ്നി പറയുന്നു. 

എസ്സേ, എത്തിക്സ് എന്നീ വിഷയങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ മാർക്ക് സ്കോറ്‍ ചെയ്യാൻ കഴിയുക എന്നാണ് യാഷ്നിയുടെ അഭിപ്രായം. അതിനാൽ ഈ വിഷയങ്ങൾക്ക് വേണ്ടി സമയം കൂടുതൽ ചെലവഴിക്കണം. ജോലിയിലിരിക്കെ യുപി എസ് സിക്ക് തയ്യാറെടുക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ അത് മറ്റൊരു വിധത്തിൽ ​ഗുണകരമാണ്. നിലവിൽ ജോലിയുളളത് കൊണ്ട് യു പി എസ് ‌സിയിലെ പരാജയം നിങ്ങളെ സമ്മർദ്ദത്തിലാക്കുകയില്ല. കരിയറിനെക്കുറിച്ചോർത്ത് ടെൻഷൻ തോന്നില്ല. കഠിനാധ്വാനവും മികച്ച ടൈം മാനേജ്മെന്റും ഉണ്ടെങ്കിൽ ഏതൊരാൾക്കും സിവിൽ സർവ്വീസ് നേടാൻ സാധിക്കുമെന്നും യാഷ്നി വ്യക്തമാക്കി. 



 

Latest Videos
Follow Us:
Download App:
  • android
  • ios