UPSC CSE| രോ​ഗിയായ അച്ഛനെ പരിചരിച്ചു, ഒപ്പം യുപിഎസ്‍സി തയ്യാറെടുപ്പും; പ്രചോദനമാണ് റിതിക ജിൻഡാൽ ഐഎഎസ്

ജീവിതത്തിലെ വൻപ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ഐഎഎസ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ റിതിക ജിൻഡാൻ എന്ന പെൺകുട്ടിയെ പരിചയപ്പെടാം. പഞ്ചാബിലെ മോ​ഗ സ്വദേശിയാണ് റിതിക ജിൻഡാൽ.

inspirational story ritika jindal IAS

ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷയായിട്ടാണ് യുപിഎസ്‍സി പരീക്ഷ (UPSC Exam)യെ കണക്കാക്കുന്നത്. ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് യുപിഎസ്‌‍സി പരീക്ഷയെഴുതുന്നത്. എന്നാൽ വളരെ കുറച്ച് പേർ മാത്രമേ പരീക്ഷയിൽ യോ​ഗ്യത നേടുന്നുള്ളൂ. യുപി എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് ശാരീരികവും മാനസികവുമായ ആരോ​ഗ്യവും തയ്യാറെടുപ്പും അത്യാവശ്യമാണ്. ജീവിതത്തിലെ വൻപ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ഐഎഎസ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ റിതിക ജിൻഡാൻ എന്ന പെൺകുട്ടിയെ പരിചയപ്പെടാം. പഞ്ചാബിലെ മോ​ഗ സ്വദേശിയാണ് റിതിക ജിൻഡാൽ (Ritika Jindal). യുപിഎസ്‍സി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 88ാം റാങ്കാണ് റിതിക നേടിയത്. 

കുട്ടിക്കാലം മുതലുള്ള സ്വപ്നം
കുട്ടിക്കാലം മുതൽ ഐഎഎസ് ഉദ്യോ​ഗസ്ഥ ആകണമെന്നായിരുന്നു റിതികയുടെ ആ​ഗ്രഹം. ലാലാ ലജ്പത്റായിയുടെയും ഭ​ഗത് സിം​ഗിന്റെ കഥകൾ കേട്ട് വളരുന്ന കുട്ടികളുള്ള പഞ്ചാബിൽ നിന്നുള്ള വ്യക്തിയാണ് താനെന്ന് റിതിക അഭിമാനത്തോടെ പറയുന്നു. ഇവരുടെ വീരകഥകളിലൂടെ ആയിരുന്നു റിതികയുടെ കുട്ടിക്കാലവും. അതുകൊണ്ട് തന്നെ രാജ്യത്തിനും രാജ്യത്തെ ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കണമെന്ന് ആ​ഗ്രഹിച്ചു. ഒടുവിൽ യുപി എസ് സി പരീ​ക്ഷയെഴുതി സിവിൽ സർവ്വീസ് നേടണമെന്ന് ആ​ഗ്രഹിച്ചു. ഇപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമായിരിക്കുകയാണ്. 

inspirational story ritika jindal IAS

പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഒന്നാമത്

പഞ്ചാബിലെ മോ​ഗയിൽ ജനിച്ച റിതിക പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഇവിടെ നിന്നാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സിബിഎസ്ഇ വിദ്യാർത്ഥികളിൽ ഉത്തരേന്ത്യയിൽ ഒന്നാമത് റിതികയായിരുന്നു. ദില്ലിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽ നിന്ന് ബിരുദം പൂർത്തിയാക്കി. 95 ശതമാനം മാർക്കാണ് റിതിക നേടിയത്. 

യുപിഎസ്‍സി പരീക്ഷ

ഐഎഎസ് കുട്ടിക്കാലം മുതൽ ആ​ഗ്രഹിച്ചിരുന്നതിനാൽ കോളേജിലെത്തിയപ്പോൾ മുതൽ പരീക്ഷക്കായി തയ്യാറെടുപ്പ് തുടങ്ങി. ആദ്യം പരീക്ഷയെഴുതിയപ്പോൾ തന്നെ മൂന്നു ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കാൻ റിതികക്ക് സാധിച്ചു. എന്നാൽ ഫൈനൽ ലിസ്റ്റിൽ ഉൾപ്പെടാൻ സാധിച്ചില്ല. കൂടുതൽ മെച്ചപ്പെട്ട റാങ്കിലേക്കെത്താൻ രണ്ടാം തവണയും പരീക്ഷയെഴുതാമെന്ന് തീരുമാനിച്ചു. 2018 ലെ രണ്ടാമത്തെ ശ്രമത്തിൽ അഖിലേന്ത്യാ തലത്തിൽ 88ാം റാങ്കോടെ വിജയത്തിലെത്താൻ റിതികക്ക് സാധിച്ചു. അന്ന് റിതികക്ക് 22 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. 

inspirational story ritika jindal IAS

പ്രതിസന്ധിയുടെ ദിനങ്ങൾ

വളരെ എളുപ്പത്തിൽ നേടിയ വിജയമായിരുന്നില്ല തന്റേതെന്ന് റിതിക പറയുന്നു. ആദ്യ തവണ പരീക്ഷക്ക് തയ്യാറെടുക്കുമ്പോഴാണ് അച്ഛന് ഓറൽ കാൻസറാണെന്ന് അറിയുന്നത്. തന്റെ പഠനത്തെ ഈ സാഹചര്യം ബാധിച്ചുവെന്ന് റിതിക പറയുന്നു. രണ്ടാമത്തെ തവണ പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയത്ത്  ശ്വാസകോശത്തിനും അർബുദം ബാധിച്ചു. വളരെ പ്രതിസന്ധി നിറഞ്ഞ അന്തരീക്ഷമായിരുന്നു അത്. എന്നിട്ടും പ്രതികൂല സാഹചര്യങ്ങളോട് ധൈര്യത്തോടെ റിതിക പോരാടി. രോ​ഗിയായ പിതാവിന്റെ ശുശ്രൂഷയും പരീക്ഷക്കുള്ള തയ്യാറെടുപ്പും ഒരുമിച്ച് ചെയ്യാൻ താൻ വളരെയധികം ബുദ്ധിമുട്ടിയിരുന്നു എന്ന് റിതിക പറയുന്നു. 

വളരെ പരിമിതമായ ജീവിതസാഹചര്യങ്ങളുള്ള, അടിസ്ഥാന സൗകര്യങ്ങളും കുറവുളള ഒരു ന​ഗരത്തിൽ നിന്നാണ് ഞാൻ വരുന്നത്. അസുഖബാധിതനായ അച്ഛനെ ലുധിയാനയിലേക്ക് ചികിത്സക്കായി കൊണ്ടുപോകേണ്ടി വരുമായിരുന്നു. അദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ പോകുകയും ചെയ്യണം. അച്ഛൻ ജീവന് വേണ്ടി പോരാടുന്നത് കണ്ടപ്പോൾ എനിക്ക് വളരെയധികം ആത്മബലം ലഭിച്ചു. പരീക്ഷക്ക് വേണ്ടി കഠിനമായി പരിശ്രമിക്കാൻ ഞാൻ തീരുമാനിച്ചു. കഠിനമായ പ്രതിസന്ധികൾക്കിടയിലും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാ​ക്ഷാത്കരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ടെന്നും റിതിക കൂട്ടിച്ചേർത്തു. 

 


 

Latest Videos
Follow Us:
Download App:
  • android
  • ios