UPSC CSE : 4 പ്രാവശ്യം പരാജയം; 5ാം ശ്രമത്തിൽ 11ാം റാങ്കോടെ ഐഎഎസ്; തോൽവിയെ വിജയമാക്കി നൂപുർ ഗോയല്‍
2014ൽ ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‍സി പ്രിലിമിനറി, മെയിൻ പരീക്ഷകൾ പാസായി. എന്നാൽ അഭിമുഖത്തിൽ വിജയിച്ചില്ല. രണ്ടാം ശ്രമത്തിൽ പ്രിലിമിനറി പരീക്ഷ പോലും പാസ്സാകാൻ കഴിഞ്ഞില്ല.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) പരീക്ഷ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചില ഉദ്യോഗാർത്ഥികൾക്ക് അത് നേടിയെടുക്കാൻ വർഷങ്ങളോളം കഠിനാധ്വാനം ചെയ്യേണ്ടിവരും. യുപിഎസ്‍സി അഭിമുഖത്തിൽ നിരവധി തവണ പങ്കെടുത്തതിന് ശേഷമാണ് നൂപുര് ഗോയൽ എന്ന പെൺകുട്ടി ഐഎഎസ് ഉദ്യോഗസ്ഥയായത്. നിശ്ചയദാർഢ്യത്തോടെയും കഠിനാധ്വാനത്തോടും മുന്നോട്ട് പോകാനാണ് ഗോയൽ തീരുമാനിച്ചത്. ഒടുവിൽ 2019 ൽ അഖിലേന്ത്യാ തലത്തിൽ 11ാം റാങ്ക് നേടിയാണ് നൂപുർ വിജയമുറപ്പിച്ചത് ആ കഥയിങ്ങനെ.
ഐഎഎസ് യാത്ര ആരംഭിക്കുന്നത്
ദില്ലിയിലെ നരേല സ്വദേശിയാണ് നൂപുർ ഗോയൽ. ഡിഎവി കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പൂർത്തിയാക്കിയ ശേഷം ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിംഗ് ബിരുദം നേടി. ബി.ടെക്കിന് ശേഷം ഇഗ്നോയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി. നൂപുർ ഗോയലിന്റെ അമ്മാവൻ യുപിഎസ്‌സി പരീക്ഷ എഴുതിയിരുന്നുവെങ്കിലും വിജയിച്ചില്ല. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നൂപൂർ ഐഎഎസ് ഓഫീസറാകാൻ തീരുമാനിച്ചത്.
2014ൽ ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‍സി പ്രിലിമിനറി, മെയിൻ പരീക്ഷകൾ പാസായി. എന്നാൽ അഭിമുഖത്തിൽ വിജയിച്ചില്ല. രണ്ടാം ശ്രമത്തിൽ പ്രിലിമിനറി പരീക്ഷ പോലും പാസ്സാകാൻ കഴിഞ്ഞില്ല. മൂന്നാമത്തെ ശ്രമത്തിൽ, അവൾ വീണ്ടും അഭിമുഖത്തിൽ എത്തിയെങ്കിലും വിജയിച്ചില്ല. നാലാമത്തെ ശ്രമത്തിലും പരാജയമാണ് നേരിടേണ്ടി വന്നത്. തുടർന്ന് ഇന്റലിജൻസ് ബ്യൂറോയിൽ ജോലിക്ക് ചേർന്നു. ഐഎഎസ് എന്ന സ്വപ്നം മറന്നു കളയാൻ നൂപുർ തയ്യാറായിരുന്നില്ല. അവസാന ശ്രമത്തിന് തയ്യാറെടുക്കുകയും അഖിലേന്ത്യാ തലത്തിൽ 11ാം റാങ്ക് നേടി
ഐഎഎസ് ഓഫീസറാകാനുള്ള സ്വപ്നം പൂർത്തീകരിക്കുകയും ചെയ്തു.
സിവിൽ സർവ്വീസ് പരീക്ഷാർത്ഥികളോട്
സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ അവസാന ശ്രമം വരെ ഉദ്യോഗാർത്ഥികൾ ഉപേക്ഷിക്കരുതെന്ന് നൂപൂർ വിശ്വസിക്കുന്നു. നിരന്തരം ലക്ഷ്യത്തിലേക്ക് നീങ്ങണം. പ്രിലിമിനറികൾക്ക് മോക്ക് ടെസ്റ്റുകൾ വളരെ പ്രധാനമാണ്, അതേസമയം മെയിൻസിന് ഉത്തരം എഴുതുന്നത് പരിശീലിക്കണം. ഉദ്യോഗാർത്ഥികൾ അവരുടെ പഠനസാമഗ്രികൾ പരിമിതപ്പെടുത്തുകയും എല്ലാ ദിവസവും പത്രം വായിക്കുകയും വേണം.