UPSC CSE : 'ഐഎഎസ് സ്വപ്നമായിരുന്നു'; 4 പരാജയത്തിനൊടുവിൽ 5ാം തവണ അഖിലേന്ത്യാതലത്തിൽ 12ാം റാങ്കുമായി മിഥുൻ
നാലു തവണ തോൽവിയായിരുന്നു മിഥുനെ കാത്തിരുന്നത്. എന്നാൽ അഞ്ചാം തവണ 12ാം റാങ്കോടെയാണ് മിഥുൻ യുപിഎസ് സി പരീക്ഷ പാസ്സായത്.
തിരുവനന്തപുരം: എംബിബിഎസ് (MBBS) പൂർത്തിയാക്കി വിവിധ ആശുപത്രികളിൽ ജോലി ചെയ്തതിന് ശേഷമാണ് ഡോ മിഥുൻ പ്രേംരാജ് (Dr.Mithun Premraj) യുപിഎസ് സി പരീക്ഷ (UPSC) എഴുതാൻ തീരുമാനിച്ചത്. കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിയാണ് ഡോ. മിഥുൻ പ്രേംരാജ്. നാലു തവണ തോൽവിയായിരുന്നു മിഥുനെ കാത്തിരുന്നത്. എന്നാൽ അഞ്ചാം തവണ 12ാം റാങ്കോടെയാണ് മിഥുൻ യുപിഎസ് സി പരീക്ഷ പാസ്സായത്.
കുട്ടിക്കാലം മുതൽ ഊർജ്ജസ്വലനും കഠിനാധ്വാനിയുമായ വിദ്യാർത്ഥിയായിരുന്നു മിഥുൻ. പന്ത്രണ്ടാം ക്ലാസിനുശേഷം പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ & റിസർച്ചിൽ (ജിപ്മർ) മെഡിസിൻ പഠിച്ചു. തുടർന്ന് ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിൽ നിന്ന് പൊതുജനാരോഗ്യത്തിൽ ഡിപ്ലോമ നേടി.
ഡോക്ടർമാരുടെ കുടുംബത്തിൽ നിന്നുള്ളയാളാണ് മിഥുനും. അച്ഛൻ ഡോക്ടർ പ്രേംരാജ് പ്രശസ്തനായ പീഡിയാട്രീഷ്യൻ. മുക്കം കെഎംസിറ്റി മെഡിക്കൽ കോളേജിലെ റേഡിയോളജി വകുപ്പ് സീനിയർ റസിഡന്റ് ഡോക്ടറാണ് സഹോദരി അശ്വതി. '2015 ലാണ് ഞാൻ മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. എന്നാൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥനാകുക എന്നതായിരുന്നു എന്റെ സ്വപ്നം. തുടർന്ന് അതിന് വേണ്ടി തയ്യാറെടുത്തു. കുടുംബവും ഒപ്പം നിന്നു.' സിവിൽ സർവ്വീസിലേക്കുള്ള യാത്ര അത്രയെളുപ്പമായിരുന്നില്ല എന്ന് മിഥുൻ പറയുന്നു.
ഒരു വർഷത്തെ തയ്യാറെടുപ്പിന് ശേഷം 2016ലാണ് ആദ്യം പരീക്ഷയെഴുതുന്നത്. പക്ഷേ തോൽവിയായിരുന്നു ഫലം. പിന്നീടുള്ള മൂന്നു തവണ ഇന്റർവ്യൂ വരെയെത്തിയെങ്കിലും വിജയം ദൂരത്തന്നെയായിരുന്നു. അഞ്ചാമത്തെ പരിശ്രമത്തിൽ അഖിലേന്ത്യാ തലത്തിൽ 12ാം റാങ്കോടെ 2020 ൽ മിഥുൻ ഐഎഎസ് നേടി വിജയം കരസ്ഥമാക്കി. 30 കാരനായ ഡോ. മിഥുൻ പ്രേംരാജ് കോഴിക്കോട് കോർപ്പറേഷനിലെ നാഷണൽ ഹെൽത്ത് മിഷനിലും (എൻഎച്ച്എം) വടകരയിലെ ജില്ലാ ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്. 2020ൽ സിവിൽ സർവീസ് പരീക്ഷാ അഭിമുഖത്തിന് തയ്യാറെടുക്കുന്നതിന് മുമ്പ് ജില്ലാ ആശുപത്രിയിലെ കൊവിഡ് വാർഡിലും ജോലി ചെയ്തിട്ടുണ്ട്.