Higher Education : ഉന്നത വിദ്യാഭ്യാസ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകും: മുഖ്യമന്ത്രി

സംസ്ഥാനത്തെ ഓരോ സർവകലാശാലക്കു കീഴിലും പ്രത്യേക മൂന്നു പദ്ധതികൾ കൊണ്ടുവരും. ഇതിനായി 20 കോടി രൂപ വീതം ബജറ്റിൽ വകയിരുത്തി.

Higher education sector will be given more importance

കണ്ണൂർ: സംസ്ഥാന സർക്കാർ (State Government) കൂടുതൽ ഊന്നൽ നൽകുന്നത് (higher education Sector) ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ മാത്തമാറ്റിക്‌സ് ബ്ലോക്കും നവീകരിച്ച മെൻസ് ഹോസ്റ്റലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാർഥികളുടെ നൈപുണ്യ വികസനത്തിനായി സ്‌കിൽ ഇൻഫ്രാ സ്‌ട്രെക്ചർ ഇക്കോ സിസ്റ്റം-സ്‌കിൽ പാർക്കുകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ഥാപിക്കും. 25 ഏക്കർ ഭൂമിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാർക്ക് സ്ഥാപിക്കുക. ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങൾക്ക് പാർക്കിൽ സൗകര്യമൊരുക്കും. 350 കോടി രൂപ ഇതിനായി മാറ്റിവച്ചിട്ടുണ്ട്.

രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്ററിന് കേന്ദ്ര ഭരണാനുമതി ലഭിച്ചു. ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ  പദ്ധതി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ടാറ്റ സ്റ്റീലിന്റെ വ്യാവസായിക പിന്തുണ പദ്ധതിക്ക് ഉണ്ടാകും. വ്യവസായ മേഖലയിൽ നിന്നുള്ള നിരവധി കമ്പനികളും ഇന്നവേഷൻ സെൻററിനു പിന്തുണ നൽകി പ്രവർത്തിക്കും. 15 കോടി രൂപ ഇതിനായി മാറ്റിവെച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും വിദ്യാർഥികൾക്ക് നൽകാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിനായി ചെറിയ വ്യവസായിക യൂനിറ്റുകൾ തയാറാക്കി വിദ്യാർഥികൾക്ക് പരിശീലനം നൽകും. സംസ്ഥാനത്തെ ഓരോ സർവകലാശാലക്കു കീഴിലും പ്രത്യേക മൂന്നു പദ്ധതികൾ കൊണ്ടുവരും. ഇതിനായി 20 കോടി രൂപ വീതം ബജറ്റിൽ വകയിരുത്തി. പ്രധാന സർവകലാശാലകൾക്ക് കീഴിൽ പുതുതായി 1500 ഹോസ്റ്റൽ മുറികൾ നിർമിക്കും. കണ്ണൂർ, കാലിക്കറ്റ്, കൊച്ചി, മഹാത്മാഗാന്ധി, കേരള സർവകലാശാലക്കു കീഴിലാണ് ഇതു സ്ഥാപിക്കുക. കൂടാതെ 250 ഇന്റർനാഷണൽ ഹോസ്റ്റൽ മുറികളും നിർമ്മിക്കും. ഇതിനായി 100 കോടി മാറ്റിവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

സർവകലാശാല നവീകരണത്തോടൊപ്പം പുതിയ കോഴ്‌സുകളും അനിവാര്യമായിരിക്കുകയാണ്. കേരളത്തിന് പുറത്തുപോയി പഠിക്കുന്ന വിദ്യാർഥികൾക്ക് നാട്ടിൽതന്നെ മികച്ച കോഴ്‌സുകൾ ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രണ്ണൻ കോളജിൽ 5.70 കോടി ചെലവിലാണ് ഗണിത ശാസ്ത്ര വിഭാഗത്തിനായി മൂന്നുനില കെട്ടിടം നിർമിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios