സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ഓണത്തിന് മുൻപ്: പ്രീപ്രൈമറി കുട്ടികൾക്കും കിറ്റുകൾ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള 5 മാസങ്ങളിലേക്കുള്ള ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ഓണത്തിന് മുൻപായി ആരംഭിക്കുന്നതാണ്. 
 

food kit for school students distribute before onam

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും ഓണത്തിന് മുൻപായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ “ഭക്ഷ്യ ഭദ്രതാ അലവൻസ്” വിതരണം ചെയ്യുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള 5 മാസങ്ങളിലേക്കുള്ള ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ഓണത്തിന് മുൻപായി ആരംഭിക്കുന്നതാണ്. 

ഭക്ഷ്യധാന്യവും ഏഴിന ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷ്യകിറ്റുകളുമാണ് കുട്ടികൾക്ക് വിതരണം ചെയ്യുക. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള 27,52,919 വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതോടൊപ്പം സംസ്ഥാനത്തെ 43 സ്പെഷ്യൽ വിദ്യാലയങ്ങളിലെ കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷികുട്ടികൾക്കും ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യുന്നതാണ്.

പ്രീപ്രൈമറി, പ്രൈമറി വിഭാഗം

പ്രീപ്രൈമറി, പ്രൈമറി വിഭാഗം സ്കൂൾ കുട്ടികൾക്ക് യഥാക്രമം 2 കിലോഗ്രാം, 6 കിലോഗ്രാം എന്നിങ്ങനെയെന്ന് ഭക്ഷ്യധാന്യം വിതരണം ചെയ്യുക. അതോടൊപ്പം ഈ രണ്ട് വിഭാഗങ്ങൾക്കും 497 രൂപയ്ക്കുള്ള ഭക്ഷ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റുകളും വിതരണം ചെയ്യുന്നതാണ്. അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് 10 കിലോഗ്രാം അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷ്യകിറ്റുകളുമാണ് വിതരണം ചെയ്യുക. പ്രീ-പ്രൈമറി, പ്രൈമറി വിഭാഗങ്ങൾക്കുള്ള ഭക്ഷ്യകിറ്റുകളിൽ 500 ഗ്രാം ചെറുപയർ, 500 ഗ്രാം തുവരപ്പരിപ്പ്, 500 ഗ്രാം ഉഴുന്നുപരിപ്പ്, 1 കിലോഗ്രാം വറുത്ത റവ, 1 കിലോഗ്രാം റാഗിപ്പൊടി, 1 ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം കടല/കപ്പലണ്ടി മിഠായി എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അപ്പർ പ്രൈമറി വിഭാഗത്തിനുള്ള ഭക്ഷ്യകിറ്റുകളിൽ 1 കിലോഗ്രാം ചെറുപയർ, 500 ഗ്രാം തുവരപ്പരിപ്പ്, 1 കിലോഗ്രാം ഉഴുന്നുപരിപ്പ്, 1 കിലോഗ്രാം വറുത്ത റവ, 1 കിലോഗ്രാം റാഗിപ്പൊടി, 2 ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം കടല/കപ്പലണ്ടി മിഠായി എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി സപ്ലൈകോയാണ് ഭക്ഷ്യധാന്യവും ഭക്ഷ്യകിറ്റുകളും സ്കൂളുകളിൽ എത്തിച്ച് നൽകുന്നത്. സ്കൂൾ പി.ടി.എ, ഉച്ചഭക്ഷണ കമ്മിറ്റി, മദർ പി.ടി.എ, ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായ സാമൂഹിക അകലവും പാലിച്ചു കൊണ്ട് കുട്ടികളുടെ രക്ഷിതാക്കൾക്ക് ഭക്ഷ്യധാന്യവും ഭക്ഷ്യകിറ്റുകളും വിതരണം ചെയ്യുന്നതാണ്. സപ്ലൈകോയുടെ സഹകരണത്തോടെ ഓണത്തിന് മുൻപായി വിതരണം ആരംഭിക്കുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios