'തൊഴിലുറപ്പു പദ്ധതി പൂർവ്വാധികം ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്'; തോമസ് ഐസക്

'ഏറ്റവും വിചിത്രമായിട്ടുള്ളത് കേന്ദ്രസർക്കാർ വക്താവിന്റെ വാദമാണ്. ഇന്നത്തെ പ്രതിസന്ധി സംസ്ഥാനങ്ങളുടെ ഗൂഡനീക്കത്തിന്റെ ഫലമെന്നാണ് അദ്ദേഹം പറഞ്ഞത്. വകയിരുത്തൽ നോക്കാതെ കൂടുതൽ തൊഴിൽ നൽകാൻ ഫീൽഡ് ഓഫീസർമാരെ സംസ്ഥാനങ്ങൾ നിർബന്ധിക്കുന്നുവത്രേ.' 

facebook  post of  thomas Issac on national employment scheme

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലുറപ്പ് പ​ദ്ധതി (Employment Scheme) പൂർവ്വാധികം ശക്തിയോടെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന മുന്നറിയിപ്പുമായി (T M Thomas Issac) ടി എം തോമസ് ഐസക്. ധനകാര്യ വർഷത്തിന്റെ പകുതിയിലെത്തിയപ്പോഴേക്കും ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിലാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.  ''മുൻവർഷം (2020-21-ൽ) 1.11 ലക്ഷം കോടി രൂപയാണ് തൊഴിലുറപ്പിനായി ചെലവഴിച്ചത്. ബജറ്റിൽ വകയിരുത്തിയിരുന്നത് 61,500 കോടി രൂപയായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി മൂർച്ഛിച്ചപ്പോൾ 40000 കോടി രൂപയുടെ പാക്കേജിന്റെ ഭാഗമായി വകയിരുത്തുകയാണുണ്ടായത്. അങ്ങനെ മുൻവർഷം 1.1 ലക്ഷം കോടി രൂപ ചെലവഴിച്ച സ്ഥാനത്ത് ഈ വർഷത്തെ ബജറ്റിൽ 35 ശതമാനം തുക കുറച്ചാണ് ഈ വർഷം പണം വകയിരുത്തിയത്.'' തോമസ് ഐസക് കുറിപ്പിൽ പറയുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ദേശീയ തൊഴിലുറപ്പും പ്രതിസന്ധിയിൽ. ധനകാര്യ വർഷം പകുതിയേ കഴിഞ്ഞിട്ടേയുള്ളൂ. ബജറ്റിൽ 73000 കോടി രൂപയാണ് തൊഴിലുറപ്പിനായി വകയിരുത്തിയത്. പക്ഷെ, ഇതിനകം 79810 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. കേരളത്തിലെ ചെലവ് അലോക്കേഷനേക്കാൾ 28 ശതമാനം ഉയർന്നതാണ്. ഇങ്ങനെയൊരു സ്ഥിതിവിശേഷമുണ്ടാകുമെന്ന് ബജറ്റ് അവതരണ വേളയിൽ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഈ മുന്നറിയിപ്പ് യാഥാർത്ഥ്യമായി.  മുൻവർഷം (2020-21-ൽ) 1.11 ലക്ഷം കോടി രൂപയാണ് തൊഴിലുറപ്പിനായി ചെലവഴിച്ചത്. ബജറ്റിൽ വകയിരുത്തിയിരുന്നത് 61,500 കോടി രൂപയായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി മൂർച്ഛിച്ചപ്പോൾ 40000 കോടി രൂപയുടെ പാക്കേജിന്റെ ഭാഗമായി വകയിരുത്തുകയാണുണ്ടായത്. അങ്ങനെ മുൻവർഷം 1.1 ലക്ഷം കോടി രൂപ ചെലവഴിച്ച സ്ഥാനത്ത് ഈ വർഷത്തെ ബജറ്റിൽ 35 ശതമാനം തുക കുറച്ചാണ് ഈ വർഷം പണം വകയിരുത്തിയത്.

ബജറ്റ് അവതരണവേളയിൽ ധനമന്ത്രി പറഞ്ഞതു കൂടുതൽ പണം ആവശ്യം വന്നാൽ സപ്ലിമെന്ററി ഡിമാന്റു വഴി അതു ലഭ്യമാക്കുമെന്നാണ്. അതിനു പാർലമെന്റ് വീണ്ടും തുടങ്ങാൻ ഒരു മാസമെങ്കിലും കാത്തിരിക്കണം. അതുവരെ തൊഴിലുറപ്പിലൂടെ ചെയ്ത ജോലിക്കോ ചെയ്യുന്ന ജോലിക്കോ കൂലി ലഭിക്കില്ല. ഏറ്റവും വിചിത്രമായിട്ടുള്ളത് കേന്ദ്രസർക്കാർ വക്താവിന്റെ വാദമാണ്. ഇന്നത്തെ പ്രതിസന്ധി സംസ്ഥാനങ്ങളുടെ ഗൂഡനീക്കത്തിന്റെ ഫലമെന്നാണ് അദ്ദേഹം പറഞ്ഞത്. വകയിരുത്തൽ നോക്കാതെ കൂടുതൽ തൊഴിൽ നൽകാൻ ഫീൽഡ് ഓഫീസർമാരെ സംസ്ഥാനങ്ങൾ നിർബന്ധിക്കുന്നുവത്രേ. 

ഈ വക്താവ് മറന്നുപോകുന്ന കാര്യം തൊഴിലുറപ്പ് 100 ദിവസത്തെ വരെ തൊഴിൽ ആവശ്യാനുസരണം നൽകാനുള്ള അവകാശാധിഷ്ഠിത നിയമമാണ്. അല്ലാതെ ഫണ്ട് ലഭ്യതയ്ക്കനുസരിച്ചു തൊഴിൽ നൽകുന്ന പണ്ടത്തെ തൊഴിൽദാന പദ്ധതികളല്ല. ഇന്നു തൊഴിലുറപ്പു തൊഴിൽ ചെയ്യുന്നവർക്കു 45 ദിവസത്തെ തൊഴിൽ നൽകാനുള്ള പണമേ ബജറ്റിലുള്ളൂ. കഴിഞ്ഞ 5 വർഷം എടുത്താൽ 2017-18-ൽ മാത്രമാണ് ബജറ്റ് വകയിരുത്തിയതിൽ കുറച്ചെങ്കിലും പണം ചെലവാക്കാതെ ബാക്കി വരുന്നത്. ചുരുക്കത്തിൽ ആവശ്യത്തിനു പണം ഇല്ലാത്തതുകൊണ്ട് പണലഭ്യതയ്ക്കനുസരിച്ചു നടപ്പാക്കുന്ന ഒരു തൊഴിൽദാന പദ്ധതിയായി തൊഴിലുറപ്പിനെ അധപതിപ്പിച്ചിരിക്കുന്നു.
കോവിഡ് കാലമാണ്. നാട്ടിലെങ്ങും പണി കുറഞ്ഞു. തൊഴിലുറപ്പാണ് ഒരത്താണി. പ്രവൃത്തി ദിനങ്ങൾ 100-ൽ നിന്നും 150 ആക്കി വർദ്ധിപ്പിക്കണമെന്നതാണു ഡിമാന്റ്. പക്ഷെ, മോഡി സർക്കാരിന്റെ പരിശ്രമം മുൻവർഷങ്ങളിലെന്നപോലെ ശരാശരി 40-50 തൊഴിൽ ദിനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കാനാണ്.

കോവിഡ് കുറഞ്ഞപ്പോൾ സാമ്പത്തിക വീണ്ടെടുപ്പ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഐഎംഎഫിന്റെ ഏറ്റവും അവസാന റിപ്പോർട്ടിൽ പറയുന്നതു ലോകത്തെ ആഗോള ഉൽപ്പാദനം കോവിഡിന്റെ മുമ്പുള്ള കാലത്തെ മറികടക്കില്ലായെന്നാണ്. തൊഴിലവസര സൃഷ്ടിയുടെ കാര്യത്തിൽ കോവിഡിനു മുമ്പുള്ള കാലത്തേക്കാൾ 20 ശതമാനത്തോളം കുറവായിരിക്കും ലോകത്തെ സ്ഥിതി. ഈ വീണ്ടെടുപ്പ് ഒരു തൊഴിൽരഹിത വീണ്ടെടുപ്പായിരിക്കും. ഇങ്ങനെയൊരു കാലഘട്ടത്തിൽ തൊഴിലുറപ്പു പദ്ധതി പൂർവ്വാധികം ശക്തിമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്.

 

 

Latest Videos
Follow Us:
Download App:
  • android
  • ios