അടല്‍ ഇന്നൊവേഷന്‍ മിഷന്റെ വിപുലീകരണത്തിന് മന്ത്രിസഭയുടെ അംഗീകാരം
സ്ഥാപനം സ്ഥാപിക്കുന്നതിനും ഗുണഭോക്താക്കളെ പിന്തുണയ്ക്കുന്നതിനുമുള്ള മൊത്തം ബജറ്റ് ചെലവ് 2000 കോടി രൂപയിലധികം വരും.
ദില്ലി: അടല്‍ ഇന്നൊവേഷന്‍ മിഷന്‍(എ.ഐ.എം) (Atal innovation mission) 2023 മാര്‍ച്ച് വരെ തുടരുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. രാജ്യത്ത് നൂതനാശയങ്ങളുടെ സംസ്‌ക്കാരവും സംരംഭകത്വ ആവാസവ്യവസ്ഥയും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എ.ഐ.എം പ്രവര്‍ത്തിക്കും. എ.ഐ.എം അതിന്റെ വിവിധ പരിപാടികള്‍ വഴി ഇത് ചെയ്യും.
എ.ഐ.എം കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ ഇവയാണ്:
10000 അടല്‍ തിങ്കറിംഗ് ലാബുകള്‍ (എ.ടി.എല്‍) സ്ഥാപിക്കുക,
101 അടല്‍ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ (എ.ഐ.സി) സ്ഥാപിക്കുക,
50 അടല്‍ കമ്മ്യൂണിറ്റി ഇന്നൊവേഷന്‍ സെന്ററുകള്‍ (എ.സി.ഐ.സി) സ്ഥാപിക്കുകയും
അടല്‍ ന്യൂ ഇന്ത്യ ചലഞ്ചുകള്‍ വഴി 200 സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുക.
സ്ഥാപനം സ്ഥാപിക്കുന്നതിനും ഗുണഭോക്താക്കളെ പിന്തുണയ്ക്കുന്നതിനുമുള്ള മൊത്തം ബജറ്റ് ചെലവ് 2000 കോടി രൂപയിലധികം വരും.
ധനമന്ത്രിയുടെ 2015ലെ ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനം അനുസരിച്ചാണ് നിതി ആയോഗിന് കീഴില്‍ മിഷന്‍ രൂപീകരിച്ചിട്ടുള്ളത് . സ്‌കൂളുകൾ , സര്‍വകലാശാലകൾ , ഗവേഷണ സ്ഥാപനങ്ങള്‍, എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍), വ്യവസായ തലങ്ങൾ എന്നിവ വഴിയുള്ള ഇടപെടലുകള്‍ വഴി രാജ്യത്തുടനീളം നൂതനാശയത്തിന്റെയും സംരംഭകത്വത്തിന്റെയും ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് എ.ഐ.എമ്മിന്റെ ലക്ഷ്യങ്ങള്‍. പശ്ചാത്തല സൗകര്യ വികസനത്തിലും സ്ഥാപന നിര്‍മ്മാണത്തിലും എ.ഐ..എം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഈ ഉദാഹരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് പോലെ, ദേശീയമായും ആഗോളമായും നവീനാശയ ആവാസവ്യവസ്ഥയെ സമന്വയിപ്പിക്കുന്നതില്‍ എ..ഐ.എം പ്രവര്‍ത്തിച്ചിട്ടുണ്ട്:
റഷ്യയുമായുള്ള എ.ഐ.എം-സിറിയസ് സ്റ്റുഡന്റ് ഇന്നൊവേഷന്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം, ഡെന്‍മാര്‍ക്കുമായുള്ള എ.ഐ.എം- ഐ.സി.ഡി.കെ (ഇന്നവേഷന്‍ സെന്റര്‍ ഡെന്മാര്‍ക്ക്) വാട്ടര്‍ ചലഞ്ച്, ഐ.എ.സി.ഇ (ഇന്ത്യ ഓസ്‌ട്രേലിയന്‍ ചാക്രിക സമ്പദ്ഘടന ഹാക്കത്തോണ്‍) തുടങ്ങി നൂതനാശയത്തിലും സംരംഭകത്വത്തിലും കൂട്ടുപ്രവര്‍ത്തന സഹകരണം എന്നിവര്‍ നിര്‍മ്മിക്കുന്നതിനായി വിവിധ അന്താരാഷ്ട്ര ഏജന്‍സികളുമായി ഉഭയകക്ഷി ബന്ധം എ.ഐ.എം സൃഷ്ടിച്ചിട്ടുണ്ട്.
ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ ആതിഥേയത്വം വഹിച്ച ഇന്നൊവേഷന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയായ ഇന്‍സ്‌പ്രെണൂറിന്റെ വിജയത്തില്‍ എ.ഐ.എംകള്‍ ഒരു സുപ്രധാന പങ്ക് വഹിച്ചു. പ്രതിരോധ മേഖലയില്‍ നൂതനാശയവും സംഭരണവും പ്രോത്സാഹിപ്പിക്കുന്ന ഡിഫന്‍സ് ഇന്നൊവേഷന്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിക്കാന്‍ പ്രതിരോധ മന്ത്രാലയവുമായി എ.ഐ.എം പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. മൊത്തത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍, രാജ്യത്തുടനീളമുള്ള നൂതനാശയ പ്രവര്‍ത്തനങ്ങളെ സമന്വയിപ്പിക്കുന്നതിന് ഒരു സ്ഥാപനപരമായ സംവിധാനം നല്‍കാന്‍ എ.ഐ.എം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ പരിപാടികളിലൂടെ ലക്ഷക്കണക്കിന് സ്‌കൂള്‍ കുട്ടികളില്‍ നൂതനാശയം കൊണ്ടുവരാന്‍ അതിന് കഴിഞ്ഞിട്ടുണ്ട്. എ.ഐ.എം പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഗവണ്‍മെന്റില്‍ നിന്നും സ്വകാര്യ ഇക്വിറ്റി നിക്ഷേപകരില്‍ നിന്നും 2000 കോടിയിലധികം രൂപ സമാഹരിക്കുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
ദേശീയ താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ നിരവധി നൂതനാശയ വെല്ലുവിളികളും എ.ഐ.എം നടപ്പിലാക്കിയിട്ടുണ്ട്. നൂതനാശയ ആവാസവ്യവസ്ഥയില്‍ കൂടുതല്‍ പങ്കാളിത്തം പ്രാത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ ജനസംഖ്യാപരമായ ലാഭവിഹിതം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 34 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും എ.ഐ.എം ന്റെ പരിപാടികള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. പദ്ധതി തുടരാനുള്ള മന്ത്രിസഭയുടെ അനുമതിയോടെ, നൂതനാശയത്തിലും സംരംഭകത്വത്തിലും ഏര്‍പ്പെടുന്നത് കൂടുതല്‍ ലളിതമാക്കുന്ന ഒരു ഉള്‍ച്ചേര്‍ക്കല്‍ നൂതനാശയ പരിസ്ഥിതി (ഇന്‍ക്ലൂസീവ് ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം) സൃഷ്ടിക്കുന്നതിനുള്ള കൂടുതല്‍ വലിയ ഉത്തരവാദിത്തമാണ് എ.ഐ.എം ഏറ്റെടുക്കുന്നത്.