'പരീക്ഷ ഉത്സവമാക്കി മാറ്റണം'; വിദ്യാർത്ഥികളോട് പ്രധാനമന്ത്രി
പ്രധാനമന്ത്രിയുടെ കുട്ടിക്കാലത്തെ കുറിച്ചുള്ള സിനിമയായ ചലേ ജിതേ ഹം കാണണം എന്ന് വിദ്യാർത്ഥികളോട് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
ദില്ലി: പരീക്ഷ (Exams) ഉത്സവമാക്കി (Festival) മാറ്റണം എന്ന് വിദ്യാർത്ഥികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi). പരീക്ഷയിൽ ആശങ്ക വിദ്യാർത്ഥികൾക്കല്ല മാതാപിതാക്കൾക്കാണ് എന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ പേ (Pareeksha Pe) ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഉത്സവങ്ങളെ കുറിച്ച് ആരും ആശങ്കപ്പെടാറില്ല. പരീക്ഷയും ഉത്സവമാക്കി മാറ്റിയാൽ പിന്നെ പരിഭ്രാന്തിക്ക് ഇടമില്ല എന്ന് പ്രധാനമന്ത്രി വിദ്യാർത്ഥികളോട് പറഞ്ഞു. വിദ്യാർത്ഥികളുടെ മുഴുവൻ ചോദ്യങ്ങൾക്കും മറുപടി നൽകും. ഇന്നത്തെ സമയം അവസാനിച്ചാൽ നമോ ആപ്പിലൂടെ മറുപടി നൽകുമെന്നും മോദി പറഞ്ഞു. പരീക്ഷാ പേ ചർച്ചയുടെ അഞ്ചാം ലക്കമാണ് ഇന്നത്തേത്. രാജ്യത്തിൻറെ പലഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെ കുറിച്ചുള്ള ആശങ്കകൾ പ്രധാനമന്ത്രിയുമായി പങ്കുവെച്ചത്. ദില്ലി ടാൽക്കത്തോറ സ്റ്റേഡിയത്തിലെ വേദിയിൽ പ്രധാനമന്ത്രി വിദ്യാർത്ഥികൾക്ക് മറുപടി നൽകി . രണ്ട് ലക്ഷം അധ്യാപകരും ഒരു ലക്ഷത്തിനടുത്ത് രക്ഷിതാക്കളും പരീക്ഷാ പേ ചർച്ചയിൽ പങ്കാളികളായി.
എറണാകുളം സെൻറ് തെരാസാസ് കോളേജിലെ വേദിയിലാണ് കേരളത്തിലെ വിദ്യാർത്ഥികൾ പരീക്ഷ പേ ചർച്ചയിൽ പങ്കെടുത്തത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിദ്യാർത്ഥികൾക്കൊപ്പം പരിപാടിയിൽ പങ്കാളിയായി.
പ്രധാനമന്ത്രിയുടെ കുട്ടിക്കാലത്തെ കുറിച്ചുള്ള സിനിമയായ 'ചലേ ജിതേ ഹം' കാണണം എന്ന് വിദ്യാർത്ഥികളോട് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ (Dharmendra Pradhan) പറഞ്ഞു.