Employment : വീ - ലിഫ്റ്റ്: സമഗ്രതൊഴില്‍ദാന പദ്ധതിയുമായി കോഴിക്കോട് കോര്‍പ്പറേഷന്‍; നടത്തിപ്പ് കുടുംബശ്രീ
നഗരപരിധിയില്‍ തൊഴിലെടുക്കാന്‍ തയ്യാറാകുന്ന മുഴുവന്‍ ആളുകള്‍ക്കും വേതനാധിഷ്ഠിത ജോലിയോ സ്വയംതൊഴില്‍ സംരംഭങ്ങളോ കണ്ടെത്തി നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കോഴിക്കോട്: നഗരപരിധിയില്‍ തൊഴിലെടുക്കാന്‍ തയ്യാറാകുന്ന മുഴുവന്‍ ആളുകള്‍ക്കുമായി വീ- ലിഫ്റ്റ് എന്ന പേരില്‍ സമഗ്ര തൊഴില്‍ദാന പദ്ധതിയുമായി (employment Scheme) കോഴിക്കോട് കോര്‍പ്പറേഷന്‍ (Kozhikode Corporation). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തൊഴില്‍ദാതാക്കള്‍ ആവേണ്ടതുണ്ട് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. നഗരപരിധിയില്‍ തൊഴിലെടുക്കാന്‍ തയ്യാറാകുന്ന മുഴുവന്‍ ആളുകള്‍ക്കും വേതനാധിഷ്ഠിത ജോലിയോ സ്വയംതൊഴില്‍ സംരംഭങ്ങളോ കണ്ടെത്തി നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നാലു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 5,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാവും. ജീവനോപാധി കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് സ്ഥിരമായ ഉപജീവനം ഉറപ്പുവരുത്താനും നഗര ദാരിദ്ര്യനിര്‍മാര്‍ജന ലക്ഷ്യം പൂര്‍ത്തീകരിക്കാനുമാവും. നഗരത്തിലെ മുഴുവന്‍ വാര്‍ഡുകളിലുമായി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല കുടുംബശ്രീക്കാണ്. പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നത് കോഴിക്കോട് ഐഐഎം ആണ്.
യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, യുവജന ക്ലബുകള്‍, കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം എന്നിവയിലൂടെയാണ് പ്രധാനമായും പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നത്. വാര്‍ഡ് തലത്തില്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതല കൗണ്‍സിലര്‍ക്കായിരിക്കുമെങ്കിലും ഗുണഭോക്താക്കളെ കണ്ടെത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ വാര്‍ഡ് എഡിഎസ്, ഉപജീവനത്തിന്റെ ചുമതലയുള്ള എഡിഎസ് കണ്‍വീനര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും. നൂതന പദ്ധതികളുമായി സമീപിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും ബാങ്ക് ലോണ്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് അടക്കമുള്ള സഹായങ്ങളും നഗരസഭ ഒരുക്കിക്കൊടുക്കും.
എന്‍യുഎല്‍എം പദ്ധതിയിലെ നൈപുണ്യ പരിശീലനവും തൊഴിലുറപ്പാക്കലും, സ്വയംതൊഴില്‍ പദ്ധതി എന്നീ ഘടകങ്ങളില്‍ ഉള്‍പ്പെടുത്തിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം, മറ്റ് സാമൂഹ്യ സുരക്ഷാ പദ്ധതികളുമായുള്ള സംയോജനത്തിലൂടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സമയബന്ധിതവും കാര്യക്ഷമവുമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനായി ഫെബ്രുവരി 28നകം കോര്‍പ്പറേഷനും ഐഐഎമ്മുമായുള്ള ധാരണപത്രം ഒപ്പുവെക്കും.
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ അഭിമുഖം
പട്ടികജാതി വികസന വകുപ്പിന് കീഴിലെ പ്രീമെട്രിക് ഹോസറ്റലുകളിലേക്ക് രാത്രികാല പഠന, മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളള യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നു ബിരുദവും, ബി.എഡും നേടിയവരായിരിക്കണം. നിയമനം 2022 മാര്‍ച്ച് ഒന്ന് മുതല്‍ 2021-22 അക്കാദമിക വര്‍ഷം അവസാനിക്കുന്നതുവരെ മാത്രമായിരിക്കും. താത്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയും, വയസ്സ്, മുന്‍പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസ്സലും, പകര്‍പ്പും സഹിതം ഫെബ്രുവരി 28 രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370379