Delhi University : ദില്ലി സർവകലാശാലയിലെ പ്രവേശനം, പരാതികൾ പഠിക്കാൻ പ്രത്യേക സമിതി

നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് ബദൽ സംവിധാനമൊരുക്കുകയാണ് സമിതിയുടെ ലക്ഷ്യം. കേരളത്തിൽ നിന്നുൾപ്പടെ ചില സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടുന്നുവെന്ന പരാതികൾക്ക് പിന്നാലെയാണ് നടപടി.

 

delhi university  sets up nine members panel to study Board-wise in admission

ദില്ലി: ദില്ലി സർവകലാശാലയിലെ പ്രവേശനം സംബന്ധിച്ച പരാതികൾ പഠിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് ബദൽ സംവിധാനമൊരുക്കുകയാണ് സമിതിയുടെ ലക്ഷ്യം. കേരളത്തിൽ നിന്നുൾപ്പടെ ചില സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടുന്നുവെന്ന പരാതികൾക്ക് പിന്നാലെയാണ് നടപടി.

ദില്ലി സർവകലാശാലയിലെ ബിരുദ പ്രവേശനം അശാസ്ത്രീയമാണെന്ന വ്യാപക പരാതി ഉയർന്നതോടെയാണ് പരിഹരിക്കാൻ സമിതിയെ നിയോഗിച്ചത്. സർവകലാശാല ഡീൻ ഡിഎസ് റാവത്തിൻറെ നേതൃത്വത്തിൽ ഒൻപതംഗ സമിതിയാണ് പ്രവേശനം സംബന്ധിച്ച  വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകുക. 

കേരളമുൾപ്പടെ വിവിധ ബോർഡ് പരീക്ഷകളെഴുതിയ വിദ്യാർത്ഥികളാണ് ദില്ലി സർവകലശാലയിൽ പ്രവേശനത്തിന് അപേക്ഷിക്കുന്നത്. അതത് ബോർഡ് പീരക്ഷയിലെ മാർക്ക് മാത്രമാണ്  പ്രവേശനത്തിനുള്ള മാനദണ്ഡം. ഓരോ ബോർഡും മാർക്ക് കണക്കാക്കുന്ന രീതി വ്യത്യസ്തമാണ്. ഇതാണ് പ്രവേശനത്തിലെ ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കുന്നത്. ഈ മാർക്കുകൾ ഏകീകൃതമാക്കാനുള്ള വഴികളാകും സമിതി നിർദേശിക്കുക. 

മാർക്കിലെ ആശയക്കുഴപ്പം കൂടാതെ സർവകലാശാലയിലെ സീറ്റുകളുടെ എണ്ണം സംബന്ധിച്ചും പരാതി ഉയർന്നിരുന്നു. നിശ്ചയിച്ച കട്ട് ഓഫ് മാർക്ക് നേടുന്ന മുഴുവൻ പേർക്കും പ്രവേശനം നൽകുന്നതാണ് രീതി. ഈ നയമനുസരിച്ച് അനുവദിച്ച സീറ്റിന്റെ ഇരട്ടി വിദ്യാർത്ഥികൾ പ്രവേശനം നേടുന്നു. എന്നാൽ അധ്യാപകരുടെ എണ്ണമോ, പഠന സൌകര്യങ്ങളോ ആനുപാതികമായി കൂടുന്നില്ല. ഈ പ്രശ്നവും സമിതി വിശദമായി പഠിക്കും. ഡിസംബർ അവസാനത്തോടെ അടുത്ത അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള നിർദേശങ്ങൾ മുന്നോട്ട് വെക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios