Delhi Teachers University : ദില്ലി ടീച്ചേഴ്സ് യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച് കെജ്‍രിവാൾ; പ്രവേശനം അടുത്ത വർഷം
മികച്ച നിലവാരമുള്ള അധ്യാപകരെ തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. മാത്രമല്ല, ഈ സ്ഥാപനം മികവിന്റെ കേന്ദ്രമായിരിക്കും.
ദില്ലി: ദില്ലി ടീച്ചേഴ്സ് യൂണിവേഴ്സിറ്റിക്ക് (Delhi Teachers University) അംഗീകാരം ലഭിച്ചതായി ദില്ലി മുഖ്യമന്ത്രി (Arvind Kejriwal) അരവിന്ദ് കെജ്‍രിവാൾ. സർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒരു മൾട്ടി ഡിസിപ്ലിനറി അക്കാദമിയെന്ന രീതിയിൽ പ്രവർത്തിക്കുമെന്നും സ്ഥാപനത്തിലെ വൈസ് ചാൻസലർ, പ്രൊഫസർമാർ എന്നിവർ ആഗോള തലത്തിൽ പ്രശസ്തരായിരിക്കുമെന്നും കെജ്‍രിവാൾ കൂട്ടിച്ചേർത്തു.
മികച്ച നിലവാരമുള്ള അധ്യാപകരെ തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. മാത്രമല്ല, ഈ സ്ഥാപനം മികവിന്റെ കേന്ദ്രമായിരിക്കും. ലോകമെമ്പാടുമുള്ള മികച്ച സ്ഥാപനങ്ങളുമായി ദേശീയ അന്തർദേശീയ തലത്തിലുള്ള സഹകരണം ക്രമീകരിക്കും. കെജ്‍രിവാൾ പറഞ്ഞു. സർവ്വകലാശാലക്ക് നാലുവർഷത്തെ സംയോജിത അധ്യാപക വിദ്യാഭ്യാസ സമ്പ്രദായം ഉണ്ടായിരിക്കും. ബിഎ-ബിഎഡ്, ബിഎസ് സി -ബിഎഡ്, കൂടാതം ബികോം-ബിഎഡ് എന്നീ കോഴ്സുകളാണ് ഉള്ളത്. 12ാം ക്ലാസിന് ശേഷം വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയിൽ പ്രവേശനം നേടാം. 2022-23 അധ്യയന വർഷത്തിൽ പ്രവേശന നടപടികൾ ആരംഭിക്കും. സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് ദില്ലി സർക്കാർ സ്കൂളുകളിൽ പ്രായോഗിക പരിശീലനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഈ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്‌സിന്റെ മുഴുവൻ സമയവും ദില്ലി സർക്കാർ സ്‌കൂളുകളുമായി ബന്ധപ്പെട്ട് പ്രവർത്തന-ഗവേഷണത്തിന് അവസരമൊരുക്കും. സൈദ്ധാന്തിക പരിജ്ഞാനത്തിനൊപ്പം മികച്ച പ്രായോഗിക പരിജ്ഞാനവും നേടാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കും," കെജ്രിവാൾ പറഞ്ഞു.