Delhi Teachers University : ദില്ലി ടീച്ചേഴ്സ് യൂണിവേഴ്സിറ്റി; ബില്ല് പാസ്സാക്കി; പ്രവേശനം ഈ വർഷം മുതല്‍
വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഡൽഹി ടീച്ചേഴ്‌സ് യൂണിവേഴ്സിറ്റി ബിൽ തിങ്കളാഴ്ച സഭയിൽ അവതരിപ്പിച്ചത്.
ദില്ലി: ദില്ലി ടീച്ചേഴ്സ് യൂണിവേഴ്സിറ്റി (Delhi Teachers University Bill) ബിൽ ദില്ലി നിയമസഭ പാസ്സാക്കി. ബിഎ-ബിഎഡ്, ബിഎസ്‌സി-ബിഎഡ് തുടങ്ങിയ പ്രോഗ്രാമുകളാണ് ഈ സർവ്വകലാശാല വാഗ്ദാനം ചെയ്യുന്നത്. ലോകോത്തര നിലവാരത്തിലുള്ള അധ്യാപക പരിശീലനം ഇവിടെ ലഭ്യമാക്കുമെന്ന് ദില്ലി സർക്കാർ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഡൽഹി ടീച്ചേഴ്‌സ് യൂണിവേഴ്സിറ്റി ബിൽ തിങ്കളാഴ്ച സഭയിൽ അവതരിപ്പിച്ചത്.
അധ്യാപക പരിശീലനത്തിൽ സർവകലാശാല മാനദണ്ഡം തയ്യാറാക്കുമെന്നും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുമെന്നും ബില്ലിന്മേലുള്ള ചർച്ചയിൽ അദ്ദേഹം പറഞ്ഞു. ബക്കർവാല ഗ്രാമത്തിൽ 12 ഏക്കർ സ്ഥലത്താണ് ദില്ലി ടീച്ചേഴ്സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത്. ലക്ചർ ഹാളുകളും ഡിജിറ്റൽ ലാബുകളും ഇതിനുള്ളിൽ ഉണ്ടാകും. 5000 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി ഈ വർഷം തന്നെ യൂണിവേഴ്സിറ്റി പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും സിസോദിയ വ്യക്തമാക്കിയിരുന്നു. ലോകോത്തര സൗകര്യങ്ങളുള്ള ലൈബ്രറി സംവിധാനമാണ് ഇവിടെ തയ്യാറാക്കുന്നത്. ജനുവരി ഒന്നിന് സിസോദിയ ബക്കർവാലയിലെ സർവകലാശാലയുടെ നിർമ്മാണത്തിലിരിക്കുന്ന കാമ്പസ് സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.