ദില്ലി മാതൃകയിൽ തമിഴ്നാട്ടിലും മോഡൽ സ്കൂളുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ
കഴിഞ്ഞ ഏഴ് വർഷങ്ങളിലായി ദില്ലി സർക്കാർ വിദ്യാഭ്യാസത്തിനായി ബജറ്റിന്റെ 25 ശതമാനത്തോളം ചെലവഴിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ സ്റ്റാലിനെ അറിയിച്ചു.
ചെന്നൈ: ദില്ലി മാതൃകയിൽ തമിഴ്നാട്ടിലും മോഡൽ സ്കൂളുകൾ (model schools) സജ്ജമാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി (MK Stalin) എംകെ സ്റ്റാലിൻ. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. എഎപി സർക്കാരിന്റെ മേൽനോട്ടത്തിൽ ദില്ലിയിലെ വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തെക്കുറിച്ച് ഉദ്യോഗസ്ഥർ സ്റ്റാലിനോട് വിശദീകരിക്കുകയും ചെയ്തു. കഴിഞ്ഞ ഏഴ് വർഷങ്ങളിലായി ദില്ലി സർക്കാർ വിദ്യാഭ്യാസത്തിനായി ബജറ്റിന്റെ 25 ശതമാനത്തോളം ചെലവഴിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ സ്റ്റാലിനെ അറിയിച്ചു.
2014-15ൽ സർക്കാർ സ്‌കൂളുകൾക്ക് 12-ാം ക്ലാസിൽ 88 ശതമാനം ആയിരുന്നു വിജയശതമാനം. അത് സ്വകാര്യ സ്‌കൂളുകളേക്കാൾ കുറവായിരുന്നു. 2019-20ൽ ഇത് 98 ശതമാനമായി ഉയർന്നു. സ്വകാര്യ സ്‌കൂളുകളിൽ ഇത് 92 ശതമാനമായിരുന്നു. 'തമിഴ്‌നാട്ടിൽ അധികാരത്തിലെത്തിയ ശേഷം വിദ്യാഭ്യാസ- ആരോഗ്യ മേഖലകൾക്ക് ഞങ്ങൾ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നുണ്ട്. ദില്ലിയിൽ മോഡൽ സ്‌കൂളുകൾ എങ്ങനെ പ്രവർത്തിക്കുന്നുവോ അതുപോലെ തമിഴ്‌നാട്ടിലും സജ്ജമാക്കിയിട്ടുണ്ട്. അവിടത്തെ ജോലികൾ പൂർത്തിയാക്കിയ ശേഷം ഞങ്ങൾ മുഖ്യമന്ത്രി കെജ്‌രിവാളിനെ ക്ഷണിക്കും. അദ്ദേഹം വരണം, തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ അദ്ദേഹത്തെ ക്ഷണിക്കുന്നു," സ്റ്റാലിന്‍ പറഞ്ഞു.
സർക്കാർ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരെ വിദേശത്ത് പരിശീലനത്തിന് അയയ്‌ക്കുകയും അധ്യാപകർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പരിശീലനം നൽകുകയും ചെയ്യുന്നുവെന്ന് കെജ്‌രിവാൾ സ്റ്റാലിനോട് പറഞ്ഞു. ഡൽഹി സർക്കാർ കുട്ടികളെ ചിട്ടയായ പഠനത്തിൽ നിന്ന് മാറ്റി ബോധപൂർവമായ പഠനത്തിലേക്ക് മാറ്റുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സ്റ്റാലിനെ അറിയിച്ചു.
അധ്യാപകർക്ക് ഇംഗ്ലീഷ് ഭാഷയിൽ പരിശീലനം നൽകുന്നതിന് ബ്രിട്ടീഷ് കൗൺസിലുമായും യുഎസ് എംബസിയുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന് കെജ്‌രിവാൾ അദ്ദേഹത്തോട് പറഞ്ഞു.
പുതിയ വിദ്യാഭ്യാസ ബോർഡ്, ഹാപ്പിനെസ് പാഠ്യപദ്ധതി, ദേശഭക്തി പാഠ്യപദ്ധതി, എന്നിവയെക്കുറിച്ചും കെജ്‍രിവാൾ സ്റ്റാലിനോട് വിശദീകരിച്ചു. ആദ്യ കുറച്ച് വർഷങ്ങളിൽ സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലാണ് തന്റെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത്. നീന്തൽക്കുളങ്ങൾ ഉൾപ്പെടെയുള്ള കായിക സൗകര്യങ്ങളുണ്ട്. സർക്കാർ സ്‌കൂളുകളിൽ നീന്തൽക്കുളങ്ങൾ എന്ന സൗകര്യത്തെക്കുറിച്ച് ചിന്തിക്കാൻ കൂടി കഴിയാറില്ല. എന്നാൽ ഞങ്ങൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളുണ്ട്," അദ്ദേഹം പറഞ്ഞു. "രണ്ടാം ഘട്ടത്തിൽ, ഞങ്ങൾ എല്ലാ പ്രിൻസിപ്പൽമാരെയും അധ്യാപകരെയും പരിശീലനത്തിന് അയയ്ക്കാൻ തുടങ്ങി. അവർ ഇപ്പോൾ ഊർജ്ജവും ആത്മവിശ്വാസവും നിറഞ്ഞവരാണ്. കെജ്‍രിവാൾ കൂട്ടിച്ചേർത്തു.