കേന്ദ്രസർവ്വകലാശാല പ്രവേശനം; പ്ലസ് ടൂ മാർക്ക് പരിഗണിക്കില്ല; മലയാളമുൾപ്പെടെ 13 ഭാഷകളിൽ പൊതുപ്രവേശന പരീക്ഷ
ഇത്തവണ മുതൽ മലയാളമടക്കം 13 പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്തുമെന്നും യുജിസി വ്യക്തമാക്കി. ഓൺലൈനായാകും പരീക്ഷ നടത്തുക.
ദില്ലി: കേന്ദ്ര സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ഇനി മുതൽ പ്ലസ് ടു മാർക്ക് പരിഗണിക്കില്ല. പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനമെന്ന് യുജിസി അറിയിച്ചു. പൊതുപ്രവേശന പരീക്ഷയ്ക്ക് ഏപ്രിൽ ആദ്യ ആഴ്ച്ചയോടെ അപേക്ഷിക്കാം. ഇത്തവണ മുതൽ മലയാളമടക്കം 13 പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്തുമെന്നും യുജിസി വ്യക്തമാക്കി. ഓൺലൈനായാകും പരീക്ഷ നടത്തുക. ദില്ലി സർവകലാശാലയിൽ ഉൾപ്പടെ ബിരുദ പ്രവേശനത്തിന് ബോർഡ് പരീക്ഷയുടെ അടിസ്ഥാനത്തിൽ കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുന്നതിൽ അപാകതകളുണ്ടെന്ന് നേരത്തെ പരാതികളുയർന്നിരുന്നു. ഈ പരാതി പരിഹരിക്കാനാണ് പുതിയ നടപടി. എല്ലാ കേന്ദ്ര സർവകലാശാലകളും നിർബന്ധമായും പ്രവേശനം പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തണമെന്നും യുജിസി നിർദേശിച്ചു.
കേന്ദ്ര സർവ്വകലാശാല പ്രവേശനത്തിനുള്ള പൊതുപരീക്ഷ 13 ഭാഷകളിൽ നടത്താൻ യുജിസി തീരുമാനിച്ചതായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ചെയർമാൻ എം ജഗദേഷ് കുമാർ ചൊവ്വാഴ്ച അറിയിച്ചു. "സർവകലാശാലകളിലെ പ്രവേശനത്തിനുള്ള കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ (CUET)13 വ്യത്യസ്ത ഭാഷകളിൽ നടത്താൻഞങ്ങൾ തീരുമാനിച്ചു. വിദ്യാർത്ഥികൾക്ക് ധാരാളം ചോയ്‌സുകൾ നൽകിയിട്ടുണ്ട്. ചെയർമാൻ പറഞ്ഞു.
സിയുഇടിയുടെ പ്രഖ്യാപനം വിദ്യാർത്ഥി സൗഹൃദ പരിഷ്‌കാരമാണെന്നും സംസ്ഥാന സർവകലാശാലകൾക്കും സ്വകാര്യ, ഡീംഡ് സർവകലാശാലകൾക്കും ബിരുദ കോഴ്‌സുകളുടെ പ്രവേശന പ്രക്രിയയ്ക്ക് സിയുഇടിയുടെ സ്കോർ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
"നിങ്ങളുടെ നിലവിലുള്ള സംവരണവും പ്രവേശന നയവും മാറ്റില്ലെന്ന് ഞങ്ങൾ സർവ്വകലാശാലകളോട് പറഞ്ഞിരുന്നു, എന്നാൽ നിങ്ങളുടെ പ്രവേശനം 12 ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലല്ല, CUET യുടെ അടിസ്ഥാനത്തിലാണ് നടത്തേണ്ടത്," യുജിസി ചെയർമാൻ ജഗദേഷ് കുമാർ പറഞ്ഞു. മാർക്കിലല്ല, പഠനത്തിലാണ് വിദ്യാർഥികൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. "വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ കേന്ദ്ര സർവകലാശാലകളിലെയും 2022-2023 അക്കാഡമിക് സെഷൻ മുതൽ യുജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളുൾപ്പെടെ 13 ഭാഷകളിൽ നടത്തുമെന്ന് യുജിസി വ്യക്തമാക്കി.
പന്ത്രണ്ടാം ക്ലാസ് സിബിഎസ്‌സി സിലബസ് പ്രകാരമുള്ള ചോദ്യങ്ങളാകും പ്രവേശന പരീക്ഷയിലുണ്ടാകുകയെന്ന് യുജിസി അറിയിച്ചു. സംവരണത്തെ ബാധിക്കില്ലെങ്കിലും ന്യൂനപക്ഷ പദവിയുള്ള സര്‍വകലാശാലകളും പുതിയ ഉത്തരവിന്റെ പരിധിയില്‍ വരുമെന്ന് യുജിസി ഉത്തരവില്‍ പറയുന്നു. നാഷണല്‍ ടെസ്റ്റ് ഏജന്‍സിയ്ക്കാണ് പ്രവേശന പരീക്ഷാ നടത്തിപ്പിന്റെ ചുമതല. മിക്ക കേന്ദ്ര സര്‍വകലാശാലകളിലും ഇതുവരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിച്ചായിരുന്നു ബിരുദ പ്രവേശനം.