Fulbright Scholarship : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിക്ക് ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പ്
ഇന്ത്യയില്‍ നിന്ന് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേരില്‍ ഒരാളാണ് തൃശ്ശൂര്‍ ജില്ലയിലെ തിരൂര്‍ സ്വദേശിനിയായ അമൃത.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ(Calicut university) വിദ്യാര്‍ത്ഥിനിക്ക് ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പ് (fulbright scholarship). ബോട്ടണി ഗവേഷണ വിദ്യാര്‍ഥിനി എം.എസ്. അമൃതക്കാണ് ഈ വര്‍ഷത്തെ ഫുള്‍ ബ്രൈറ്റ്- കലാം ക്ലൈമറ്റ് ഫെലോഷിപ്പ് ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേരില്‍ ഒരാളാണ് തൃശ്ശൂര്‍ ജില്ലയിലെ തിരൂര്‍ സ്വദേശിനിയായ അമൃത. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അക്കാദമിക സഹകരണത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നതാണ് ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പ്.
കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെയും അമേരിക്കയിലെയും കാര്‍ഷിക മേഖലയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് സഹായകമാകും. സ്റ്റോക്ക് ബ്രിഡ്ജ് സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും അവസരം ലഭിക്കും. ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് പുത്തൂരിന് കീഴിലാണ് അമൃത ഗവേഷണം നടത്തുന്നത്. മേപ്പാടത്തുപറമ്പില്‍ ശശി-സുഗുണ ദമ്പതിമാരുടെ മകളാണ് അമൃത.