ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ; വിശദവിവരങ്ങൾ ഇവയാണ്...
പി.ജി. പ്രോഗ്രാം പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് സെപ്തംബർ 27നും ആദ്യ അലോട്മെന്റ് ഒക്ടോബർ നാലിനും പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് സെപ്തംബർ 27, 28 തീയതികളിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ അവസരമുണ്ടായിരിക്കും.
കോട്ടയം: എംജി സർവകലാശാലയിലെ പിജി കോഴ്സുകളുടെയും ബിഎഡ് പ്രോഗ്രാമിന്റെയും പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി. പുതുക്കിയ സമയക്രമമനുസരിച്ച് ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള അപേക്ഷഫീസ് സെപ്തംബർ 22ന് രാത്രി 11 വരെ ഓൺലൈനായി അടയ്ക്കാം. അപേക്ഷകൾ 22ന് രാത്രി 11.55 വരെ സ്വീകരിക്കും. ബി.എഡ് പ്രവേശനത്തിനുള്ള അപേക്ഷഫീസ് സെപ്തംബർ 16ന് രാത്രി 11 മണിവരെയും അപേക്ഷകൾ അന്ന് രാത്രി 11.55 വരെയും സ്വീകരിക്കും.
പി.ജി. പ്രോഗ്രാം പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് സെപ്തംബർ 27നും ആദ്യ അലോട്മെന്റ് ഒക്ടോബർ നാലിനും പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് സെപ്തംബർ 27, 28 തീയതികളിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ അവസരമുണ്ടായിരിക്കും. ആദ്യ അലോട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ഒക്ടോബർ അഞ്ചിന് വൈകീട്ട് നാല് വരെ പ്രവേശനത്തിനുള്ള സർവകലാശാല ഫീസ് ഓൺലൈനായി അടയ്ക്കാം.
തുടർന്ന് നാല്, അഞ്ച് തീയതികളിൽത്തന്നെ ബന്ധപ്പെട്ട കോളേജുകളിൽ ഫീസടച്ച് പ്രവേശനം ഉറപ്പുവരുത്തണം. രണ്ടും മൂന്നും അലോട്മെന്റുകൾ യഥാക്രമം ഒക്ടോബർ 11നും 20നും പ്രസിദ്ധീകരിക്കും. പട്ടികജാതി/വർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥി പ്രവേശനത്തിനുള്ള പ്രത്യേക അലോട്മെന്റിന്റെ രജിസ്ട്രേഷൻ ഒക്ടോബർ 25 മുതൽ 26 ന് വൈകീട്ട് മൂന്നുവരെ നടത്താം. ഈ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള അലോട്മെന്റ് ലിസ്റ്റ് ഒക്ടോബർ 29ന് പ്രസിദ്ധീകരിക്കും.
ബി.എഡ്. പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് സെപ്തംബർ 22നും ആദ്യ അലോട്മെന്റ് സെപ്തംബർ 29നും പ്രസിദ്ധീകരിക്കും. പ്രവേശനത്തിനുള്ള സർവകലാശാല ഫീസ് സെപ്തംബർ 28നും 29 ന് വൈകീട്ട് നാലുവരെയും ഓൺലൈനായി ഒടുക്കാം. അതത് കോളേജുകളിൽ ഫീസടച്ച് പ്രവേശനം നേടുവാനുള്ള അവസാന തീയതിയും സെപ്തംബർ 29 ആണ്. രണ്ടും മൂന്നും അലോട്മെന്റ് യഥാക്രമം ഒക്ടോബർ ആറ്, 12 തീയതികളിൽ പ്രസിദ്ധീകരിക്കും.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പ്രത്യേക അലോട്മെന്റിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 20 ഉച്ചയ്ക്ക് മൂന്നുവരെ നടത്താം. ഇതിലേക്കുള്ള അലോട്മെന്റ് ഒക്ടോബർ 22ന് പ്രസിദ്ധീകരിക്കും. ബിരുദാനന്തര ബിരുദ കോഴ്സ് ക്ലാസുകൾ ഒക്ടോബർ 25നും ബി.എഡ്. ക്ലാസ്സുകൾ ഒക്ടോബർ 18നും തുടങ്ങുന്ന വിധത്തിലാണ് പ്രവേശന നടപടികൾ പുനക്രമീകരിച്ചിട്ടുള്ളത്. പ്രവേശനം സംബന്ധിച്ച പുതുക്കിയ സമയക്രമങ്ങളുടെ വിശദാംശങ്ങൾ http://cap.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona