വഖഫ് ബോർഡ് നിയമനത്തിൽ ചർച്ച ചെയ്ത് ഉചിത തീരുമാനമെടുക്കും: മുഖ്യമന്ത്രി
2016 ജൂലൈ 19ന് ചേർന്ന വഖഫ് ബോർഡ് യോഗമാണ് പി. എസ്. സി വഴി നിയമനം നടത്തണമെന്ന തീരുമാനം എടുത്തത്.
തിരുവനന്തപുരം: വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്‌ളീം സംഘടനകളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് ചർച്ച ചെയ്ത് ഉചിത തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ്യരായവരെ നിയമിക്കാൻ ആവശ്യമായ സംവിധാനം ഒരുക്കും. വഖഫ് ബോർഡ് നിയമനങ്ങൾ സംബന്ധിച്ച് മുസ്‌ളീം സമുദായ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ വിഷയത്തിൽ സർക്കാരിന് തുറന്ന മനസാണുള്ളതെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.
വഖഫ് ബോർഡ് നിയമനം പി. എസ്. സിക്ക് വിടണം എന്ന ആവശ്യം ഉയർന്നു വന്ന ഘട്ടങ്ങളിലൊന്നും എതിർപ്പ് ഉണ്ടായിട്ടില്ല. 2016 ജൂലൈ 19ന് ചേർന്ന വഖഫ് ബോർഡ് യോഗമാണ് പി. എസ്. സി വഴി നിയമനം നടത്തണമെന്ന തീരുമാനം എടുത്തത്. ഈ യോഗത്തിലോ തുടർന്നുള്ള സമയത്തോ എതിരഭിപ്രായം ഉണ്ടായില്ല. ഗവർണർ ഒപ്പുവച്ച് നിയമം വന്ന ശേഷമാണ് നിയമനം പി. എസ്. സിക്ക് വിടരുതെന്ന ആവശ്യം ഉയർന്നത്. സബ്ജക്ട് കമ്മിറ്റി വിഷയം പരിഗണിച്ച വേളയിലും നിയമസഭയിൽ ഈ വിഷയത്തിൽ ചർച്ച നടന്നപ്പോഴും പി. എസ്. സിക്ക് വിടരുത് എന്ന വാദം ആരും ഉന്നയിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വഖഫ് ബോർഡിൽ നിലവിലുള്ള താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുള്ള ഒഴിവുകൾ പി. എസ്. സിക്ക് റിപ്പോർട്ട് ചെയ്യാനാണ് 2017 നവംബർ 15ലെ മന്ത്രിസഭാ യോഗം ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്ന വേളയിൽ തീരുമാനിച്ചത്. ജോലി ചെയ്തു വരുന്നവർക്ക് സംരക്ഷണം വേണം എന്ന ആവശ്യം മാത്രമാണ് നിയമസഭയിലും ചർച്ച ചെയ്യുമ്പോൾ ഉണ്ടായത്. അതിനാലാണ് നിയമനിർമാണവുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ളീം സംഘടനാ നേതാക്കൾ തങ്ങളുടെ അഭിപ്രായങ്ങൾ യോഗത്തിൽ അറിയിച്ചു.