K Radhakrishnan : ആദിവാസി വിഭാഗത്തിൽ നിന്ന് 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ നിയമിക്കും : മന്ത്രി കെ.രാധാകൃഷ്ണൻ
500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ ആദിവാസി വിഭാഗത്തിൽ നിന്ന് നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ
തിരുവനന്തപുരം: 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ (Beat Forest Officers) ആദിവാസി വിഭാഗത്തിൽ നിന്ന് നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് (K Radhakrishnan) മന്ത്രി കെ.രാധാകൃഷ്ണൻ. 100 വനിതകളുൾപ്പെടെയാണ് നിയമനം. 200 പേരെ എക്‌സൈസ് വകുപ്പിൽ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. വിതുര കല്ലാർ നാരകത്തുംകാല ആദിവാസി ഊര് സന്ദർശിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ആദിവാസി ഊരുകളെ സംരക്ഷിക്കുമെന്നും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ സംയോജിപ്പിച്ച് ഊരുകളിൽ സമഗ്രമാറ്റം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മേഖലയിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ പട്ടികവർഗവികസന വകുപ്പിൽ നിന്ന് ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. ആദിവാസി മേഖലകളിലെ ജനങ്ങളെ ബോധവത്കരിക്കാനും അവരുടെ പ്രശ്‌നങ്ങൾ നേരിട്ടെത്തി മനസിലാക്കാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂടുതൽ ശ്രദ്ധിക്കണമെന്നും അതിലൂടെ അവരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആദിവാസി മേഖലകളിൽ പുറത്ത് നിന്നുള്ളവർ എത്തുന്നത് നിരീക്ഷിക്കാൻ വനം-എക്‌സൈസ്-പോലീസ് വകുപ്പുകൾ യോജിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാക്ഷരതാമിഷനുമായി ചേർന്ന് തുടർ സാക്ഷരതാ പ്രവർത്തനങ്ങൾ ആദിവാസി ഊരുകളിൽ കാര്യക്ഷമമാക്കും. വിവിധ കാരണങ്ങൾ കൊണ്ട് വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി നിർദേശിച്ചു. സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി പത്താംതരം പാസാകുന്ന വിദ്യാർത്ഥികൾക്ക് 3000 രൂപയും പന്ത്രണ്ടാംതരം പാസാകുന്നവർക്ക് 5000 രൂപയും പ്രോത്സാഹന സമ്മാനമായി നൽകുമെന്നും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഏഴ് കുട്ടികളെ പൈലറ്റ് പരിശീലനത്തിന് ഉടനയക്കുമെന്നും മന്ത്രി പറഞ്ഞു.
ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് എഴുത്ത് പരീക്ഷ
തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നാളെ (ഫെബ്രുവരി 14) രാവിലെ 10.30-ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നേരിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2802686, 9447277287