NEET 2021| ദില്ലി സർക്കാർ സ്കൂളിൽ നിന്നും നീറ്റ് പാസ്സായത് 496 വിദ്യാർത്ഥികൾ; അഭിനന്ദിച്ച് കെജ്‍രിവാള്‍
'ദില്ലിയിലെ സർക്കാർ സ്കൂളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയിൽ യോഗ്യത നേടി. കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ സങ്കൽപിക്കാൻ പോലും സാധിക്കാത്ത കാര്യമായിരുന്നു ഇത്. വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു.'
ദില്ലി: നീറ്റ് പരീക്ഷയിൽ (NEET 2021) 700 മാർക്കോടെ യോഗ്യത നേടിയ കുശാൽ ഗാർഗിനെ (Kushal Garg) അഭിനന്ദിച്ച് കെജ്‍രിവാൾ (Arvind Kejriwal). ദില്ലി സർക്കാർ സ്കൂളിലെ വിദ്യാർത്ഥിയാണ് കുശാൽ. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വിദ്യാർത്ഥിക്ക് അഭിനന്ദനമറിയിച്ചു. ഈ വർഷം ദില്ലിയിലെ സർക്കാർ സ്കൂളിൽ നിന്ന് നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയത് 496 വിദ്യാർത്ഥികളാണ്. യമുനാ വിഹാറിലെ സ്കൂളിൽ നിന്നും 51, പശ്ചിം വിഹാറിലെ സർക്കാർ സ്കൂളിൽ നിന്നും 28 ലോണി റോഡ്, മോളാർബാൻഡ് സ്കുളുകളിൽ നിന്ന് 15 പേർ വീതവും രോഹിണിയിലെ സർക്കാർ സ്കൂളിൽ നിന്ന് 14 പേരും നീറ്റ് പരീക്ഷയിൽ യോഗ്യത നേടി.
വിദ്യാർത്ഥികളെ അഭിനന്ദിച്ചു കൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ട്വീറ്റ് ചെയ്തിരുന്നു. 'ദില്ലിയിലെ സർക്കാർ സ്കൂളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയിൽ യോഗ്യത നേടി. കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ സങ്കൽപിക്കാൻ പോലും സാധിക്കാത്ത കാര്യമായിരുന്നു ഇത്. വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു. ഒരുമിച്ച് നിന്നാൽ എല്ലാം സാധ്യമാണെന്ന് നിങ്ങൾ തെളിയിച്ചു.' കെജ്‍രിവാൾ ട്വീറ്ററിൽ കുറിച്ചു.
'ദില്ലിയിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥിയായ കുശാൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 720 ൽ 700 മാർക്ക് നേടി. അഖിലേന്ത്യാ തലത്തിൽ 168ാം റാങ്കാണ് നേടിയിരിക്കുന്നത്. എയിംസിൽ പ്രവേശനം നേടി. അച്ഛൻ മരപ്പണിക്കാരനാണ്, അമ്മ വീട്ടമ്മ. കുശാൽ നിന്നെയോർത്ത് അഭിമാനിക്കുന്നു.' മനീഷ് സിസോദിയയുടെ ട്വിറ്റർ കുറിപ്പിങ്ങനെയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നവംബർ 1 നാണ് നീറ്റ് പരീക്ഷ ഫലം പുറത്തിറക്കിയത്. ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ മൂന്ന് വിദ്യാർത്ഥികൾ 720 മാർക്കും നേടിയിരുന്നു.