പാപ്പരായി പ്രഖ്യാപിച്ച് കാനഡയിലെ 3 കോളേജുകൾ അടച്ചു; പ്രതിസന്ധിയിലായി 2000ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ

മോൺട്രിയൽ സിറ്റിയിലുള്ള സിസിഎസ്ക്യു,  സിഡിഇ, എം കോളേജ് എന്നീ മൂന്ന് കോളേജുകളാണ് അടച്ചു പൂട്ടിയത്.

3 Canadian colleges shut down on bankruptcy

ഒട്ടാവ: കാനഡയിലെ മൂന്ന് കോളേജുകൾ പാപ്പരായി (Bankruptcy)  പ്രഖ്യാപിച്ച് അടച്ചുപൂട്ടി. 2000ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളുടെ (Indian Students) ഭാവിയാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. നീതി ലഭിക്കാൻ കനേഡിയൻ സർക്കാരിന്റെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്  വിദ്യാർത്ഥികൾ.  മോൺട്രിയൽ സിറ്റിയിലുള്ള സിസിഎസ്ക്യു, സിഡിഇ, എം കോളേജ് എന്നീ മൂന്ന് കോളേജുകളാണ് അടച്ചു പൂട്ടിയത്. പൂട്ടുന്നതിന് മുമ്പ് ലക്ഷക്കണക്കിന് തുകയാണ് ഫീസായി വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലേക്ക് മാറിത്താമസിച്ചിരുന്ന കുട്ടികൾ തങ്ങൾ തട്ടിപ്പിനിരയായതായി വെളിപ്പെടുത്തുന്നു. തങ്ങളുടെ ദുരവസ്ഥ ഉയർത്തിക്കാണിച്ച് ഇവർ അധികൃതരെ സമീപിച്ചിരിക്കുകയാണ്. 

ടൊറന്റോയിലെ ബ്രാംപ്റ്റണിൽ ഈ ആവശ്യമുന്നയിച്ച് വിദ്യാർത്ഥികൾ റാലി നടത്തിയിരുന്നു. മറ്റ് കോളേജുകളിൽ ചേർന്ന് തങ്ങളുടെ കോഴ്സുകൾ പൂർത്തിയാക്കാൻ കനേഡിയൻ സർക്കാരിന്റെ ഇടപെടൽ വേണമെന്നാണ് റാലിയിലെ മുദ്രാവാക്യങ്ങളിൽ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടത്. കോഴ്സുകളുടെ കാലാവധി അവസാന ഘട്ടത്തിലെത്തിയ വിദ്യാർത്ഥികൾക്ക് അത് പൂർത്തിയാക്കാനുള്ള അവസരം നൽകണം. അന്തർദേശീയ വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്നത് പോലെ ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാൻ സാധിക്കാത്തതിനാൽ തങ്ങൾ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുന്നുവെന്ന് വിദ്യാർത്ഥികളിൽ പലരും പറഞ്ഞു 

വിദ്യാർത്ഥികളിൽ അധികവും പഞ്ചാബിൽ നിന്നുള്ളവരാണ്. എം കോളേജിൽ 14000 ഡോളർ വാർഷിക ഫീസ് അടച്ചിട്ടുണ്ടെന്നും കോളേജിനെ പാപ്പരായി പ്രഖ്യാപിച്ച ജനുവരിയിൽ ക്ലാസുകൾ ആരംഭിക്കാനിരിക്കുകയായിരുന്നുവെന്നും പഞ്ചാബിലെ ലോം​ഗോവലിൽ നിന്നുള്ള വിദ്യാർത്ഥിനിയായ മൻപ്രീതി കൗർ പറയുന്നു. 'ഒക്ടോബർ 9 ന് ഞാൻ കാനഡയിൽ എത്തിയപ്പോൾ, ജനുവരിയിൽ ക്ലാസുകൾ ആരംഭിക്കുമെന്ന് എന്നോട് പറഞ്ഞു. എന്നാൽ ജനുവരി ആറിന് കോളേജ് പാപ്പരാകുന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഇമെയിൽ ലഭിച്ചു.' കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് മൻപ്രീത് കാനഡയിലെത്തുന്നത്. 

'കോളേജ് പഠനം നിർത്തിവച്ചപ്പോൾ എനിക്ക് 16 മാസത്തെ കോഴ്‌സിന് നാല് മാസമേ ബാക്കിയുള്ളൂ. എവിടേക്ക് പോകണമെന്ന് എനിക്കറിയില്ല. '24,000 ഡോളറാണ് റാണ ഫീസായി അടച്ചത്.' മെഡിക്കൽ ഓഫീസ് സ്പെഷ്യലിസ്റ്റ് ആകാൻ CCSQ കോളേജിൽ പഠിക്കുന്ന കർണാലിൽ നിന്നുള്ള വിദ്യാർത്ഥി വിശാൽ റാണ പറഞ്ഞു.  "ഞാൻ ഈ കോഴ്‌സിനായി 21,500 ഡോളർ നൽകിയിരുന്നു. എന്റെ കോഴ്‌സ് ആരംഭിച്ചിട്ട് വെറും ആറ് മാസമേ ആയിട്ടുള്ളൂ. കുറച്ച് പണംകൊണ്ടാണ് ഞാൻ ജീവിക്കുന്നത്. ജോലി ചെയ്യുന്ന സമയത്ത് കുറച്ചു പണം സമ്പാദിച്ചത് കൊണ്ട് രക്ഷപ്പെട്ടു. എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല." ഹരിയാനയിലെ പെഹ്‌വയിൽ നിന്ന് എം. കോളേജിൽ രണ്ട് വർഷത്തെ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാൻ വന്ന ഹർവീന്ദർ സിംഗിന്‍റെ വാക്കുകളാണിത്.

എം കോളേജിൽ നിന്ന് ജൂൺ മാസത്തോടെ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് പൂർത്തിയാക്കുമായിരുന്നെന്ന് മോഗയിൽ നിന്നുള്ള വിദ്യാർത്ഥിയായ ഗുർകമൽദീപ് സിംഗ് . "ഇപ്പോൾ എന്റെ ഏറ്റവും വലിയ ആശങ്ക ഞാൻ എന്റെ കോഴ്‌സ് വീണ്ടും ചെയ്യേണ്ടതുണ്ടോ എന്നതാണ്. വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്‌സുകളുടെ ബാക്കി കാലാവധി മറ്റ് സ്ഥാപനങ്ങളിൽ പൂർത്തിയാക്കാൻ അനുവദിക്കണം'. ഇന്ത്യയിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന 700-ലധികം വിദ്യാർത്ഥികളും ഈ കോളേജുകൾ അടച്ചുപൂട്ടുന്നത് ബാധിച്ചവരിൽ ഉൾപ്പെടുന്നു.


 

Latest Videos
Follow Us:
Download App:
  • android
  • ios