ഇന്ത്യയില്‍ നിന്നും ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് 'സിറ്റി'കള്‍ കയറ്റുമതി ചെയ്യാന്‍ ഹോണ്ട
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് അടുത്തിടെയാണ് ജനപ്രിയ സെഡാന്‍ സിറ്റിയുടെ അഞ്ചാം തലമുറ വിപണിയില്‍ എത്തിച്ചത്. ഇപ്പോഴിതാ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിക്ക് ഒരുങ്ങുകയാണ് അഞ്ചാം തലമുറ സിറ്റി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് അടുത്തിടെയാണ് ജനപ്രിയ സെഡാന്‍ സിറ്റിയുടെ അഞ്ചാം തലമുറ വിപണിയില്‍ എത്തിച്ചത്. ഇപ്പോഴിതാ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിക്ക് ഒരുങ്ങുകയാണ് അഞ്ചാം തലമുറ സിറ്റി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിദേശ നിരത്തുകള്‍ക്കായി ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവായാണ് ഈ വാഹനം കയറ്റുമതി ചെയ്യുക എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കയറ്റുമതി ലക്ഷ്യമിട്ട് ഇന്ത്യയില്‍ ലെഫ്റ്റ് ഹാന്‍ഡ് വാഹനങ്ങള്‍ നിര്‍മിക്കുന്നത് ഹോണ്ടയുടെ ചരിത്രത്തില്‍ ഇതാദ്യമായാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യക്ക് പിന്തുണ ഉറപ്പാക്കിയാണ് വിദേശ രാജ്യങ്ങളിലേക്കുള്ള വാഹനം ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ഹോണ്ടയുടെ മറ്റ് വാഹനങ്ങള്‍ ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് സിറ്റിയുടെ അഞ്ചാം തലമുറ വിദേശ വിപണിയിലേക്ക് പോകുന്നത്.
ചെന്നൈയിലെ എന്നോര്‍ പോര്‍ട്ടില്‍ നിന്നും ഗുജറാത്തിലെ പിപാവ് പോര്‍ട്ടില്‍ നിന്നുമാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള സിറ്റിയുടെ ആദ്യ ബാച്ച് കയറ്റി അയച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ സിറ്റിയുടെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകള്‍ ദക്ഷിണാഫ്രിക്കയിലേക്കും ഒക്ടോബറില്‍ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്.
1998 ജനുവരിയിലാണ് ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട കാഴ്‌സ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎല്‍) ആഭ്യന്തര വിപണിയില്‍ സിറ്റിയുടെ വില്‍പ്പനയ്ക്കു തുടക്കമിടുന്നത്. വിപണിയിലെത്തിയ ശേഷം 2003ല്‍ രണ്ടാം തലമുറയും 2008ല്‍ മൂന്നാംതലമുറയും 2014ല്‍ നാലാം തലമുറയും ഇന്ത്യന്‍ നിരത്തുകളിലെത്തി. സിറ്റിയുടെ അഞ്ചാം തലമുറയെ 2020 ജൂലൈയിലാണ് ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ മൂന്ന് വേരിയന്റുകളിലെത്തുന്ന പുതിയ സിറ്റിക്ക് 10.89 ലക്ഷം രൂപ മുതല്‍ 14.64 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.
മൂന്ന് വേരിയന്റുകളില്‍ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭ്യമാകും. ആറ് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 119 ബിഎച്ച്പി പവറും 145 എന്‍എം ടോര്‍ക്കും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 98 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകും. ഈ അഞ്ചാം തലമുറ മോഡലിനൊപ്പം നാലാം തലമുറയിലെ സിറ്റിയേയും ഹോണ്ട വിപണിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്.