കിയ സോണറ്റ് 7 സീറ്റര്‍ വേര്‍ഷന്‍ ഇന്തോനേഷ്യന്‍ വിപണിയില്‍
കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റിന്‍റെ കണ്‍സെപ്റ്റ് പതിപ്പിനെ 2020 ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്.
കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റിന്‍റെ കണ്‍സെപ്റ്റ് പതിപ്പിനെ 2020 ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 18-നാണ് സോണറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.
ഇപ്പോഴിതാ സോണറ്റിന്‍റെ സെവന്‍ സീറ്റര്‍ വേര്‍ഷന്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനിയെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. കിയ സോണറ്റ് 7 എന്ന പേരാണ് പുതിയ വാഹനത്തിന് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ വില്‍ക്കുന്ന അഞ്ച് സീറ്റര്‍ കിയ സോണറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ (നാല് മീറ്ററില്‍ താഴെ നീളം, 3995 എംഎം) അതേ ഡിസൈന്‍, സ്റ്റൈലിംഗ് എന്നിവ കിയ സോണറ്റ് 7 സീറ്ററിനും നല്‍കിയിരിക്കുന്നു.
ഇന്തോനേഷ്യയില്‍ വിപണിയിൽ അവതരിപ്പിച്ച കിയ സോണറ്റ് എസ്‌യുവിയുടെ 5 സീറ്റര്‍, 7 സീറ്റര്‍ വേര്‍ഷനുകള്‍ നാല് മീറ്ററില്‍ കൂടുതല്‍ നീളമുണ്ടെന്നാണ് റിപ്പോർട്ടുകള്‍. 4,120 മില്ലിമീറ്ററാണ് നീളം. ഇന്ത്യയില്‍ വില്‍ക്കുന്ന കിയ സോണറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയേക്കാള്‍ 125 എംഎം കൂടുതല്‍ ആണ്. എന്നാൽ, വീതി, ഉയരം, വീല്‍ബേസ് എന്നിവയില്‍ മാറ്റമില്ല. യഥാക്രമം ഇന്ത്യയിലെ അതേ 1790 എംഎം, 1642 എംഎം, 2500 എംഎം.
1.5 ലിറ്റര്‍ ‘സ്മാര്‍ട്ട്‌സ്ട്രീം’ പെട്രോള്‍ എന്‍ജിനാണ് ഇന്തോനേഷ്യയിലെ 5 സീറ്റര്‍, 7 സീറ്റര്‍ കിയ സോണറ്റ് ഉപയോഗിക്കുന്നത്. ഈ എൻജിൻ 113 ബിഎച്ച്പി കരുത്തും 144 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്, ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (ഐവിടി) എന്നിവയാണ് ഓപ്ഷനുകള്‍. 7 സീറ്റര്‍ കിയ സോണറ്റ് ഇന്ത്യയില്‍ എത്തുമോ എന്ന് വ്യക്തമല്ല. ‘ഉവോ’ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ സഹിതം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, മുന്‍ നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, ‘ബോസ്’ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, റിയര്‍ എസി വെന്റുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സഹിതം ഡ്രൈവ് മോഡുകള്‍ തുടങ്ങിയവ ലഭ്യമാണ്. മൂന്നാം നിരയിലെ യാത്രക്കാര്‍ക്കായി ഇപ്പോള്‍ എസ്‌യുവിയുടെ റൂഫില്‍ എയര്‍ വെന്റുകള്‍ ഉണ്ട്.
ഇന്ത്യയില്‍ നിലവില്‍ ടെക് ലൈന്‍, ജി.ടി ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി HTE, HTK, HTK+, HTX, HTX+, GTX+ എന്നീ വേരിയന്റുകളിലാണ് സോണറ്റ് എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 6.71 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയും ഡീസല്‍ എന്‍ജിന്‍ പതിപ്പിന് 8.05 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയുമാണ് എക്‌സ്-ഷോറും വില.