കരകയറാതെ വാഹന വിപണി; കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
1997-1998ന് ശേഷം ആദ്യമായാണ് വില്‍പനയില്‍ ഇത്രയും ഇടിവ് വരുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ട്രക്ക്, ബസ് തുടങ്ങിയ വലിയ വാഹനങ്ങളുടെ വില്‍പനയില്‍ 39 ശതമാനമാണ് ഇടിവുണ്ടായത്.
ദില്ലി: കരകയറുന്ന സൂചന നല്‍കാതെ രാജ്യത്തെ വാഹന വിപണി. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഓഗസ്റ്റില്‍ വില്‍പന അവസാനിപ്പിച്ചത്. 31.57 ശതമാനമാണ് വില്‍പനയില്‍ കുറവുണ്ടായത്. തുടര്‍ച്ചയായ പത്താം മാസമാണ് വാഹന വിപണിയില്‍ ഇടിവുണ്ടാകുന്നത്. കാര്‍ വില്‍പനയിലും തുടര്‍ച്ചയായ ഇടിവാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് രേഖകള്‍ പ്രകാരം ഓഗസ്റ്റില്‍ കാറുള്‍പ്പെടെയുള്ള യാത്രാവാഹന വില്‍പന 31.57 ശതമാനമാണ് ഇടിഞ്ഞത്. 1,96,524 യൂണിറ്റാണ് ഓഗസ്റ്റില്‍ വില്‍പന നടത്തിയത്. കാര്‍ വില്‍പന 41.09 ശതമാനം ഇടിഞ്ഞു.
1997-1998ന് ശേഷം ആദ്യമായാണ് വില്‍പനയില്‍ ഇത്രയും ഇടിവ് വരുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ട്രക്ക്, ബസ് തുടങ്ങിയ വലിയ വാഹനങ്ങളുടെ വില്‍പനയില്‍ 39 ശതമാനമാണ് ഇടിവുണ്ടായത്. ഇരുചക്ര വാഹന വിപണിയില്‍ 22 ശതമാനം ഇടിവുണ്ടായി. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കാളായ മാരുതി സുസുകി കഴിഞ്ഞ ആഴ്ച ഗുരുഗ്രമിലെയും മനേസറിലെയും ഫാക്ടറികള്‍ രണ്ട് ദിവസം അടച്ചിട്ടിരുന്നു. വാഹന വിപണിയിലെ തളര്‍ച്ച വന്‍ തൊഴില്‍ നഷ്ടത്തിനും കാരണമായി. 3.5 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
വിപണിയിലെ മാന്ദ്യത്തെ തുടര്‍ന്ന്, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായാണ് ഇന്ത്യയിലെ വാഹന വിപണിയുടെ തളര്‍ച്ചക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന അവധി സീസണില്‍ വിപണി മെച്ചപ്പെടുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.