വെറും ഒന്നരലക്ഷം മാത്രം മതി പുത്തൻ മഹീന്ദ്ര ഥാര്‍ സ്വന്തമാക്കാം! ഡൗണ്‍ പേയ്‍മെന്‍റില്ല, ഇഎംഐ ഇല്ലേയില്ല!
ഇന്ത്യയിലെ ആദ്യത്തെ ഫ്രാക്ഷണൽ കാർ ഓണർഷിപ്പ് പ്ലാറ്റ്‌ഫോമാണ് പ്രൊറാറ്റ. ഒരു കാറിന് നാല് മുതൽ 12 വരെ സഹ ഉടമകൾ ഉണ്ടായിരിക്കാം എന്നതാണ് ഈ ആശയത്തിന് പിന്നിലെ തത്വം.
വെറും ഒന്നരലക്ഷം രൂപയ്ക്ക് ഒരു മഹീന്ദ്ര ഥാര്‍ സ്വന്തമാക്കുക, വെറും 12 ലക്ഷം രൂപ മുടക്കി പുതിയ ഒരു ലാൻഡ് റോവര്‍ സ്വന്തമാക്കുക! ഇതൊക്കെ നടക്കാത്ത കാര്യമാണെന്ന് തോന്നുന്നുണ്ടോ? ലക്ഷങ്ങളും കോടികളും വിലയുള്ള ആഡംബര കാറുകള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം. ഞെട്ടേണ്ട, സത്യമാണ്. നടക്കുന്ന കാര്യവുമാണ്. ഒരു ആഡംബര കാർ സ്വന്തമാക്കുക എന്നത് പലരുടെയും ചിരകാല സ്വപ്‍നമാണ്. തങ്ങളുടെ സ്വപ്‍ന കാർ സ്വന്തമാക്കാൻ ആവശ്യമായ പണം ഉണ്ടാക്കാൻ പലര്‍ക്കും അവരുടെ ജീവിതകാലം മുഴുവൻ കഷ്‍ടപ്പെടേണ്ടി വരുന്നു. എന്നാല്‍പ്പോലും പലർക്കും സാധിക്കാത്ത കാര്യമാണിത്. ഇത് തിരിച്ചറിഞ്ഞ് ആഡംബര കാറുകളുടെ സഹ ഉടമസ്ഥത എന്ന ആശയവുമായി എത്തിയിരിക്കുകയാണ് ഒരു സ്റ്റാർട്ടപ്പ് കമ്പനി. മഹീന്ദ്ര ഥാർ, റേഞ്ചർ റോവർ, ഔഡി ക്യു3 തുടങ്ങിയ പ്രീമിയം കാറുകൾ അവയുടെ ആകെ വിലയുടെ തുച്ഛമായ ഭാഗം മുടക്കി സ്വന്തമാക്കാനുള്ള അവസരം വാഗ്‍ദാനം ചെയ്‍ത് ബെംഗളുരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ പ്രൊറാറ്റ ആണ് എത്തുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ഫ്രാക്ഷണൽ കാർ ഓണർഷിപ്പ് പ്ലാറ്റ്‌ഫോമാണ് പ്രൊറാറ്റ. ഒരു കാറിന് നാല് മുതൽ 12 വരെ സഹ ഉടമകൾ ഉണ്ടായിരിക്കാം എന്നതാണ് ഈ ആശയത്തിന് പിന്നിലെ തത്വം. ഓരോരുത്തരും അവരവരുടെ വിഹിതം അനുസരിച്ച് വാഹനത്തിന് വില നൽകുന്നു. സ്റ്റാര്‍ട്ടപ്പ് കമ്പനി നേരിട്ട് വാഹന ഡീലർഷിപ്പിൽ നിന്ന് കാർ വാങ്ങുകയും മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് ഓരോ ഉടമയ്ക്കും മാറി മാറി നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ, ഇത് പൂർണ്ണമായും സ്വന്തമാക്കാതെ തന്നെ കുറച്ച് കാലം ഇടവിട്ട് എല്ലാവര്‍ക്കും മാറിമാറി ഉപയോഗിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത.
ചെറിയ കാറുകള്‍ സ്വന്തമായുള്ളവര്‍ക്ക് അവരുടെ രണ്ടാമത്തെ കാറായി ആഡംബര കാർ നൽകുക എന്നതാണ് പ്രൊറാറ്റ കമ്പനിയുടെ ലക്ഷ്യം. ഈ രീതിയിൽ, ഉടമകള്‍ക്ക് അവരുടെ ആദ്യ കാറുകൾ ദൈനംദിന യാത്രയ്ക്കായി ഉപയോഗിക്കാം. രണ്ടാമത്തെ ആഡംബര കാർ വാരാന്ത്യ യാത്രകൾക്കോ വല്ലപ്പോഴുമുള്ള യാത്രകൾക്കോ ഉപയോഗിക്കാം. ഇതിനായി, നിങ്ങൾ ഇഎംഐ അല്ലെങ്കിൽ ഇൻഷുറൻസ് അടയ്‌ക്കേണ്ടതില്ല. ആളുകൾക്ക് പുതിയ കാറാണ് ലഭിക്കുന്നതെന്നും സെക്കൻഡ് ഹാൻഡ് അല്ലെന്നും കമ്പനി പറയുന്നു. എല്ലാ വർഷവും 30 ദിവസം വീതം ഓരോ ഉപയോക്താവിനും വാഹനം സൂക്ഷിക്കാം.
അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന നാല് മുതൽ 12 വരെ ആളുകൾക്ക് ഇങ്ങനെ വാഹനം സ്വന്തമാക്കാം. കാർ സ്റ്റാര്‍ട്ട് ഒരുക്കുന്ന ഒരു സൗകര്യത്തിന് കീഴിൽ സ്ഥാപിക്കും. തുടർന്ന് നിങ്ങൾ റിസർവ് ചെയ്യുമ്പോള്‍ കാർ ലഭിക്കും. തുടർന്ന് റിസർവേഷൻ അവസാനിക്കുമ്പോഴെല്ലാം, കമ്പനി കാർ അണുവിമുക്തമാക്കുകയും മറ്റ് പങ്കാളികള്‍ക്ക് നൽകുകയും ചെയ്യും. ഈ സേവനങ്ങൾക്കെല്ലാം പകരമായി, ഉപഭോക്താവ് വാർഷിക ഫീസ് അടച്ചാല്‍ മതി.
അഞ്ച് വർഷത്തെ കാലാവധിക്ക് ശേഷം, കാർ വേണമെങ്കില്‍ ലേലത്തില്‍ പൂര്‍ണമായും സ്വന്തമാക്കാനും സാധിക്കും. ഉയര്‍ന്ന ലേലത്തുക മുടക്കുന്ന ഉടമകളില്‍ ആര്‍ക്കുവേണമെങ്കിലും വാഹനം സ്വന്തമാക്കാം. എല്ലാ സഹ-ഉടമകൾക്കും അവരുടെ ഓഹരികൾ അനുസരിച്ച് റീ-സെയിൽ മൂല്യം ലഭിക്കുകയും ചെയ്യും. പാർക്കിംഗ്, സർവീസ്, അപകട കേസുകൾ എന്നിവ കമ്പനി കൈകാര്യം ചെയ്യും.
അതായത് ആഡംബര കാർ സ്വന്തമാക്കാതെ തന്നെ അത് ഉപയോഗിക്കാൻ വാഹന പ്രേമികള്‍ക്ക് സുവര്‍ണാവസരമാണ് ഒരുങ്ങുന്നത്. മാത്രമല്ല, ഇൻഷുറൻസ്, സർവീസിംഗ് മുതലായവയുമായി ബന്ധപ്പെട്ട തലവേദനകളൊന്നുമില്ല എന്നതും ശ്രദ്ധേയം. ഇത് ഈ ഇടപാടിനെ കൂടുതൽ ആകർഷകമാക്കുന്നു. വെറും ഒന്നരലക്ഷം രൂപയ്ക്ക് പുതിയ മഹീന്ദ്ര ഥാറും 12 ലക്ഷം രൂപയ്ക്ക് ലാൻഡ് റോവറുമൊക്കെ സ്വന്തമാക്കാൻ സാധിക്കുന്നത് ഇങ്ങനെയാണ്.