ഓട്ടത്തിനിടെ കാറിന്‍റെ ബ്രേക്ക് പോയോ? ഭയക്കരുത്, ഇതാ ചെയ്യേണ്ടതും ചെയ്യരുതാത്തതും!
കാര്‍ ഡ്രൈവ് ചെയ്യുന്നതിനിടെ ബ്രേക്ക് നഷ്‍പ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ എന്തുചെയ്യും? ഭയന്നു വിറച്ചിട്ടോ പരിഭ്രാന്തരായിട്ടോ വലിയ കാര്യമൊന്നുമില്ല. കാരണം അത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയേ ഉള്ളൂ.
നിങ്ങള്‍ കാര്‍ ഡ്രൈവ് ചെയ്യുന്നതിനിടെ ബ്രേക്ക് നഷ്‍പ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ എന്തുചെയ്യും? ഭയന്നു വിറച്ചിട്ടോ പരിഭ്രാന്തരായിട്ടോ വലിയ കാര്യമൊന്നുമില്ല. കാരണം അത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയേ ഉള്ളൂ. കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തുമായ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
1. മനസാനിധ്യം വീണ്ടെടുക്കുക
വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ ആദ്യം മനസാന്നിധ്യം വീണ്ടെടുക്കുക
2. ആക്‌സിലറേറ്ററില്‍ നിന്നും കാലെടുക്കുക
ആക്‌സിലറേറ്റര്‍ പെഡലില്‍ നിന്നും കാല് പൂര്‍ണമായും എടുത്ത് സ്വതന്ത്രമാക്കുക
3. ക്രൂയിസ് കണ്‍ട്രോള്‍ ഓഫ് ചെയ്യുക
ക്രൂയിസ് കണ്‍ട്രോള്‍ ഉള്ള കാറാണെങ്കില്‍ അത് ഓഫ് ചെയ്യുക.
4. ബ്രേക്ക് പെഡലില്‍ കാലമര്‍ത്തുക
ഇനി ബ്രേക്ക് പെഡലില്‍ കാല്‍ അമര്‍ത്തുക. ചവിട്ടുമ്പോള്‍ ബ്രേക്ക് പെഡല്‍ പൂര്‍ണമായും താഴുകയാണെങ്കില്‍ ബ്രേക്ക് ഫ്‌ളൂയിഡ് കുറഞ്ഞതാകാം കാരണമെന്നു മനസിലാക്കാം.
5. ബ്രേക്ക് പമ്പു ചെയ്യുക
അങ്ങനെയാണെങ്കില്‍ ബ്രേക്ക് പെഡല്‍ ആവര്‍ത്തിച്ചു ചവിട്ടിക്കൊണ്ടിരിക്കുക. ബ്രേക്കിംഗ് സമ്മര്‍ദ്ദം താത്കാലികമായി വീണ്ടെടുക്കാന്‍ ഈ പ്രവര്‍ത്തിയിലൂടെ സാധിക്കും. ഇനി പെഡല്‍ ചവിട്ടിയിട്ട് താഴുന്നില്ലെങ്കില്‍ ബ്രേക്കിംഗ് സംവിധാനത്തിനായിരിക്കും പ്രശ്‌നം എന്നു മനസിലാക്കുക. ഇതിന് മുമ്പ് ബ്രേക്ക് പെഡലിനിടയ്ക്ക് മറ്റു പ്രതിബന്ധങ്ങളൊന്നും ഇല്ലെന്ന് ഉറപ്പിക്കണം. ഇനി ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഉണ്ടെന്ന് കരുതി ബ്രേക്ക് പമ്പ് ചെയ്യാതിരിക്കരുത്. ശക്തമായി ബ്രേക്ക് ചെയ്‍താല്‍ മാത്രമെ എബിഎസ് പ്രവര്‍ത്തിക്കുകയുള്ളു.
6. ബ്രേക്ക് പൂര്‍ണമായും ചവിട്ടുക
ആവശ്യത്തിന് മര്‍ദ്ദം രൂപപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ അടിയന്തരമായി ബ്രേക്ക് പൂര്‍ണമായും ചവിട്ടുക. ചവിട്ടിയതിന് ശേഷം കാലെടുക്കാതെ അല്‍പ നേരം കൂടി ബ്രേക്കില്‍ കാലമര്‍ത്തി വെയ്ക്കുക.
7. താഴ്ന്ന ഗിയറിടുക
താഴ്ന്ന ഗിയറിലേക്കു മാറി വാഹനത്തിന്‍റെ വേഗത കുറയ്ക്കുന്ന ഈ രീതി എഞ്ചിന്‍ ബ്രേക്കിംഗ് എന്നാണ് അറിയപ്പെടുന്നത്. മണിക്കൂറില്‍ അഞ്ചു മുതല്‍ പത്തു കിലോമീറ്റര്‍ വേഗത വരെ കുറയ്ക്കാന്‍ എഞ്ചിന്‍ ബ്രേക്കിംഗിന് സാധിക്കും. ആദ്യം ഒന്നോ, രണ്ടോ ഗിയര്‍ താഴ്ത്തുക. വേഗത ഒരല്‍പം കുറഞ്ഞതിന് ശേഷം വീണ്ടും ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുക. പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് കടക്കരുത്. കാരണം ഇതുമൂലം ചിലപ്പോള്‍ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാം.
8. എസി ഓണ്‍ ചെയ്യുക
എസി പ്രവര്‍ത്തിപ്പിച്ചും വാഹനത്തിന്‍റെ വേഗത കുറയ്ക്കാം. ഏറ്റവും കൂടിയ ഫാന്‍ വേഗതയില്‍ ഏസി പ്രവര്‍ത്തിപ്പിക്കുക
9. ലൈറ്റിടുക
ലൈറ്റ്, ഹീറ്റഡ് റിയര്‍, വിന്‍ഡോ പോലുള്ളവ പ്രവര്‍ത്തിപ്പിച്ച് ആള്‍ട്ടര്‍നേറ്ററില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയും വേഗത ഒരുപരിധി വരെ കുറയ്ക്കും.
10. ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കുക
ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കുക. എന്നാല്‍ അമിതവേഗത്തില്‍ ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കരുത്. എഞ്ചിന്‍ ബ്രേക്കിംഗിനൊടുവില്‍ വേഗത 20 കിലോമീറ്ററില്‍ താഴെ ആയതിനു ശേഷം ശേഷം മാത്രം ഹാന്‍ഡ്‌ബ്രേക്ക് വലിക്കുക.
11. അപകട സൂചന നല്‍കുക
ലൈറ്റിട്ടും ഹോണടിച്ചും റോഡിലെ മറ്റ് ഡ്രൈവര്‍മാര്‍ക്ക് അപകട സൂചന നല്‍കുക
ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങള്‍
- ഒരിക്കലും ന്യൂട്രല്‍ ഗിയറിലേക്ക് കടക്കരുത് . അബദ്ധത്തില്‍ ന്യൂട്രല്‍ ആയാല്‍ എഞ്ചിന്‍ ബ്രേക്കിംഗിന്റെ പിന്തുണ നഷ്ടപ്പെടും
- റിവേഴ്‌സ് ഗിയറിടരുത്. അമിതവേഗത്തില്‍ റിവേഴ്‍സ് ഗിയറിട്ടാല്‍ ഗിയര്‍ബോക്‌സ് തകര്‍ന്ന് തരിപ്പണമാകും.
- എഞ്ചിന്‍ ഓഫാക്കരുത്. ഈ പ്രവര്‍ത്തി പവര്‍ സ്റ്റീയറിംഗ് പിന്തുണ നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും
- വേഗത കുറയാതെ ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കരുത്. വാഹനത്തിന്‍റെ നിയന്ത്രണം നഷ്‍ടമാകും.
Courtesy:
Defensive driving dot com,
YouTube,
Social Media,
Auto Blogs,
Vehicle Owners