കേസായി, പൊലീസായി..; നമ്പര്‍പ്ലേറ്റ് പോയാല്‍ ഇനി പണി പാളും!
പുതിയ വാഹനങ്ങള്‍ നിരത്തിലേക്ക് ഇറങ്ങുന്നത് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളോടെയാണ്. ഈ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍
പുതിയ വാഹനങ്ങള്‍ നിരത്തിലേക്ക് ഇറങ്ങുന്നത് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളോടെയാണ്. ഈ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കര്‍ശന നടപടിയുമായി എത്തിയിരിക്കുകയാണ് സര്‍ക്കാര്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇവ ഏതെങ്കിലുംവിധത്തില്‍ നഷ്ടമായാല്‍ പൊലീസില്‍ പരാതി നല്‍കണമെന്നും എഫ്ഐആറിന്റെ പകര്‍പ്പുസഹിതം അപേക്ഷിച്ചാല്‍ മാത്രമേ പുതിയ നമ്പര്‍പ്ലേറ്റ് ലഭിക്കൂ എന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
വാഹനത്തിന്റെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് അപകടത്തില്‍ തകര്‍ന്നതാണെങ്കില്‍ പഴയത് ഹാജരാക്കി പുതിയത് വാങ്ങാം. ഇതിനു വില നല്‍കേണ്ടി വരും. കേടായ നമ്പര്‍പ്ലേറ്റിന്റെ വിശദാവിവരങ്ങള് പരിവാഹന്‍ വെബറ്റിലേക്കും നല്‍കണം. രജിസ്റ്ററും സൂക്ഷിക്കണം. ഡീലര്‍മാരെയാണ് ഇതിനു സമീപിക്കേണ്ടത്.
ഇരുചക്രവാഹനങ്ങള്ക്കാണെങ്കില് തകരാര്‍ സംഭവിച്ച നമ്പര്‍പ്ലേറ്റ് മാത്രമായി മാറി നല്‍കും. എന്നാല്‍ കാറുകള്‍ മുതലുള്ള വാഹനങ്ങള്‍ക്ക് മുന്‍വശത്തെ ഗ്ലാസില്‍ പതിക്കുന്ന സ്റ്റിക്കര്‍ ഉള്‍പ്പെടെ മാറേണ്ടി വരും. അഥവാ വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് മാറ്റുമ്പോള്‍ പകരം സ്റ്റിക്കര്‍ വീണ്ടും പതിക്കേണ്ടിയും വരും.
ഗ്ലാസിലെ സ്റ്റിക്കറിനെ തേര്‍ഡ് രജിസ്ട്രേഷന് പ്ലേറ്റായിട്ടാണ് പരിഗണിക്കുന്നത്. ഇതില്ലെങ്കിലും കേസെടുക്കാം. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് വാഹനങ്ങളില്‍ വച്ചുപിടിപ്പിക്കേണ്ടത് ഡീലര്‍മാരുടെ ചുമതലയാണ്. ബോര്‍ഡുകള്‍ ഉടമയ്ക്ക് കൈമാറുന്നതും നിയമവിരുദ്ധമാണ്. ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന റിവെറ്റ് തറച്ചാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുക. ഇതിനുപകരം നട്ടുംബോള്‍ട്ടും ഇട്ട് നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചാലും കുറ്റകരമാണ്.
ഒപ്പം പഴയവാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കുന്നതിനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്താണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍?
2019 ഏപ്രില്‍ മുതല്‍ രാജ്യത്തെ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാണ്. വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തടയാന്‍ കേന്ദ്ര മോട്ടോർ വാഹന ചട്ടം 2018 ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയത്. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം തേർഡ് രജിസ്ട്രേഷൻ മാർക്ക്, വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് തിരിച്ചറിയുന്നതിനുള്ള നിറം എന്നിവയും നമ്പർ പ്ലേറ്റിൽ ഉണ്ടായിരിക്കണം. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകള്‍ ലേസര്‍വിദ്യ ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിക്കും.
വാഹനത്തിന്റെ എൻജിൻ നമ്പറടക്കം എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും. പുതിയ സംവിധാനത്തിലൂടെ വ്യാജ നമ്പർ പ്ലേറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയാനും വാഹന മോഷണമടക്കമുള്ള കാര്യങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റാനോ മാറ്റങ്ങൾ വരുത്താനോ ശ്രമിച്ചാൽ ഉപയോഗ ശൂന്യമാകുന്ന രീതിയിലാണ് ഇതിന്റെ നിർമാണം.
വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍, എന്ജിന്, ഷാസി നമ്പറുകള്‍ എന്നിവ രേഖപ്പെടുത്തിയ സ്റ്റിക്കറും വാഹനങ്ങളുടെ മുന്‍വശത്തെ ഗ്ലാസില്‍ സ്ഥാപിക്കും. ഇത് ഇളക്കിമാറ്റാനോ തിരുത്താനോ സാധിക്കില്ല. അതുപോലെതന്നെ സ്ക്രൂവിനു പകരം ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന റിവെറ്റ് തറച്ചാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുക. ഈ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവാദിത്വം വാഹനനിര്മ്മാതാക്കള്ക്കാണ്. നമ്പര്‍ പ്ലേറ്റ് നിര്‍മ്മിക്കാന്‍ അംഗീകാരമുള്ള ഏജന്‍സിയെ വാഹനനിര്മ്മാതാവിന് ഏര്‍പ്പെടുത്താം.