അങ്ങനെ ആ വണ്ടിക്കമ്പനികളും പരസ്‍പരം ലയിച്ചു
ഇന്ത്യന്‍ വിപണി സംബന്ധിച്ച കാഴ്ച്ചപ്പാടും വിപണന തന്ത്രങ്ങളും പുതിയ കമ്പനി പരസ്‍പരം പങ്കുവെയ്ക്കും
ദില്ലി: ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഫോക്സവാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഉപസ്ഥാപനം സ്‍കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ലയിക്കുന്നു. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിയുടെ പേരെന്നാണ് റിപ്പോര്‍ട്ട്.
ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സെയില്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെ മൂന്ന് കമ്പനികളാണ് ലയിച്ചത്. ഇതോടെ സ്‌കോഡ, ഫോക്‌സ്‌വാഗണ്‍, ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി എന്നീ കാറുകള്‍ ഒരു കുടക്കീഴിലായി. ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായാണ് കമ്പനികളുടെ ലയനം. ഗുര്‍പ്രതാപ് ബോപ്റായിയാണ് പുതിയ സംരംഭത്തിന്‍റെ തലവന്‍.
ഇന്ത്യന്‍ വിപണി സംബന്ധിച്ച കാഴ്ച്ചപ്പാടും വിപണന തന്ത്രങ്ങളും പുതിയ കമ്പനി പരസ്‍പരം പങ്കുവെയ്ക്കും. പുണെ ആയിരിക്കും പുതിയ കമ്പനിയുടെ ആസ്ഥാനം. മുംബൈ, ദില്ലി എന്നിവിടങ്ങളിലും രാജ്യത്തെ മറ്റ് നഗരങ്ങളിലും പ്രാദേശിക ഓഫീസുകള്‍ ഉണ്ടായിരിക്കും. 2.0 പദ്ധതിയുടെ ഭാഗമായി ഫോക്‌സ്‌വാഗണും സ്‌കോഡയും വിവിധ മോഡലുകള്‍ വികസിപ്പിച്ച് വിപണിയിലെത്തിക്കും.
ലയനശേഷമുള്ള ആദ്യ മോഡലുകള്‍ സ്‌കോഡയുടെയും ഫോക്‌സ്‌വാഗണിന്റെയും മിഡ്‌സൈസ് എസ്‌യുവികളായിരിക്കും. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംക്യുബി-എ0 പ്ലാറ്റ്‌ഫോമിന്റെ ഇന്ത്യന്‍ പതിപ്പായ എംക്യുബി-എ0 ഇന്‍ അടിസ്ഥാനമാക്കി ഈ വാഹനങ്ങള്‍ വിപണിയിലെത്തിക്കും. 2020 ഓട്ടോ എക്‌സ്‌പോയില്‍ ഈ മോഡലുകളുടെ കണ്‍സെപ്റ്റ് രൂപം പ്രദര്‍ശിപ്പിക്കും. പിന്നീട് രണ്ട് ബ്രാന്‍ഡുകളും ഇതേ പ്ലാറ്റ്‌ഫോമില്‍ ഓരോ സെഡാന്‍ പുറത്തിറക്കും. 2025 ഓടെ ഇന്ത്യയില്‍ രണ്ട് ബ്രാന്‍ഡുകളുടെയും വിപണി വിഹിതം വര്‍ധിപ്പിക്കുകയാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇന്ത്യയുടെ ലക്ഷ്യം.