ബിജുവിന്‍റെ അതേ സ്ഥലം; മറ്റൊരു ഡ്രൈവര്‍ മറ്റൊരു വാഹനം, സംഭവിച്ചത് - വീഡിയോ
എന്നാല്‍ ഇപ്പോള്‍ അതേ സ്ഥലത്തുനിന്നുള്ള മറ്റൊരു വീഡിയോയാണ് വൈറലാകുന്നത്. അതേ സ്ഥലത്ത് തന്നെ മറ്റൊരു കാർ പാർക് ചെയ്യാനുള്ള ശ്രമം. പക്ഷേ ആ ശ്രമം പാളിപ്പോയി എന്നതാണ് സത്യം.
മാനന്തവാടി: സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഒരു ഇന്നോവയും ഡ്രൈവറും വൈറലായിരുന്നു. റോഡരികില്‍ നടപ്പാതയോട് ചേര്‍ന്ന് ചെറിയൊരു സ്ലാബ്. രണ്ടു പേര്‍ക്ക് നന്നായൊന്നു നിന്നുതിരിയാന്‍ ഇടമില്ലാത്ത ഈ സ്ലാബിനുമുകളില്‍ പാര്‍ക്ക് ചെയ്‍തിരിക്കുകയായിരുന്നു ആ ടൊയോട്ട ഇന്നോവ.
ചിത്രം എഡിറ്റ് ചെയ്തതാണെന്നും ഇങ്ങനെ വണ്ടി പാര്‍ക്ക് ചെയ്യണമെങ്കിലും എടുക്കണമെങ്കിലുമൊക്കെ ക്രെയില്‍ തന്നെ വേണ്ടി വരുമെന്നൊക്കെയായിരുന്നു പലരുടെയും ആദ്യ കമന്റുകള്‍. ഈ സംശയത്തിനു മറുപടിയായി മറ്റൊരു വീഡിയോ തൊട്ടുപിന്നാലെ എത്തി. പച്ച ടീഷര്‍ട്ടിട്ട ഒരാള്‍ ആ ഇന്നോവയിലേക്ക് കയറുന്നു. വണ്ടി മൂന്ന് വട്ടം മുന്നോട്ടും പിന്നോട്ടും അനക്കുന്നു.
പിന്നോട്ട് എടുക്കുമ്പോള്‍ ടയറിന്റെ പകുതിയും സ്ലാബിന്റെ പുറത്തെ കുഴിയിലേക്കു പോകുന്നു. എന്നിട്ടും കൂസാതെ, രണ്ടാമതൊരാളുടെ സഹായമില്ലാതെ, അക്ഷരാര്‍ത്ഥത്തില്‍ പുഷ്‍പം പോലെ റോഡിലേക്കിറക്കി അയാള്‍ അത് ഓടിച്ചങ്ങു പോകുന്നു. ജനം കയ്യടിയോടെയാണ് ആ വീഡിയോയെ ഏറ്റെടുത്തത്.
ഒടുവില്‍ ആ മിടുക്കനായ ഡ്രൈവര്‍ തിരശീലയ്ക്ക് മുന്നിലുമെത്തി. മാനന്തവാടി സ്വദേശിയായ പി ജെ ബിജുവായിരുന്നു 15 അടിയോളം നീളവും ആറടിയിലധികം വീതിയുമുള്ള ഇന്നോവയെ വിരലിലിട്ട് ആറാടിച്ച മിടുക്കനായ ആ ഡ്രൈവര്‍. മാഹി റെയിൽവേ സ്റ്റേഷന് സമീപം ഗീതാ ക്വാർട്ടേഴ്‍സിൽ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ബിജു ആ ഇന്നോവക്കഥയെപ്പറ്റി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ ലൈനിനിനോട് സംസാരിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ അതേ സ്ഥലത്തുനിന്നുള്ള മറ്റൊരു വീഡിയോയാണ് വൈറലാകുന്നത്. അതേ സ്ഥലത്ത് തന്നെ മറ്റൊരു കാർ പാർക് ചെയ്യാനുള്ള ശ്രമം. പക്ഷേ ആ ശ്രമം പാളിപ്പോയി എന്നതാണ് സത്യം. സ്ലാബിന് കുറുകെ കുടുങ്ങിക്കിടക്കുന്ന കാറാണ് വിഡിയോയിൽ കാണുന്നത്. കൃത്യമായി പാർക് ചെയ്യാൻ ഡ്രൈവർ പരമാവധി ശ്രമിക്കുന്നുണ്ട്. ഡ്രൈവറെ പിന്തുണക്കാനും രണ്ട് പേരുണ്ട്.