കാര്‍ യാത്രയില്‍ ഛര്‍ദ്ദിയും മനംപുരട്ടലും വലയ്ക്കുന്നോ? ഇതാ എന്നേക്കുമായി ഒഴിവാക്കാൻ ചില പൊടിക്കൈകള്‍!
അതായത് തലച്ചോറില്‍ എത്തുന്ന സൂചനകള്‍ എല്ലാം പരസ്‌പരവിരുദ്ധമാകുന്നു എന്ന് ചുരുക്കം. അപ്പോള്‍ ഇതില്‍ ഏതോ ഒന്ന് വിഭ്രാന്തിയാണന്ന നിഗമനത്തില്‍ തലച്ചോറ് എത്തിച്ചേരും. തുടര്‍ന്ന് വിഷം അകത്തെത്തിയതിനാലാണ് ഇതുണ്ടായതെന്ന ചിന്തയുടെ ഫലമായി തലച്ചോറിന്‍റെ പ്രതികരണമാണ് ഈ ഛര്‍ദ്ദിയും മനംപുരട്ടലുമൊക്കെ എന്നാണ് പല ഗവേഷകരും വിശ്വസിക്കുന്നത്. ഇതെങ്ങനെ ഒഴിവാക്കാം? ഇതാ, അറിയേണ്ടതെല്ലാം
യാത്രകളെ സ്‍നേഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‍നമാണ് യാത്രക്കിടിയിലെ മനംപുരട്ടലും ഛര്‍ദ്ദിക്കാനുള്ള തോന്നലും തലവേദനയുമൊക്കെ. പലപ്പോഴും റോഡ് യാത്രകളിലാണ് പലരെയും ഈ പ്രശ്‍നങ്ങള്‍ അലട്ടുന്നത്. പലതരം മോഷന്‍ സിക്‌നസുകളില്‍ ഒന്നാണ് കാര്‍ സിക്‌നസ്. എന്തുകൊണ്ടാണ് ചില ആളുകൾക്ക് ഇങ്ങനെ സംഭവിക്കുന്നത്? നമ്മുടെ ശരീരത്തിലെ സെൻസറി സിസ്റ്റങ്ങളിലെ പൊരുത്തക്കേടാണ് ഇതിന് കാരണമെന്ന് ഗവേഷകർ വിശ്വസിക്കുന്നു.
അതായത് ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ് മോഷന്‍ സിക്‌നസ് ഉണ്ടാകുന്നത്. പ്രത്യേകിച്ച് കണ്ണും ചെവിയും തമ്മിലുള്ള വിരുദ്ധതയാണ് ഇതിനുപ്രധാനകാരണം. ഓടുന്ന കാറിലിരിക്കുമ്പോള്‍ കണ്ണുകള്‍ കാറിനുള്ളില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണെന്ന് കരുതുക. അപ്പോള്‍ ചെവി തലച്ചോറിന് സൂചന നല്‍കുക കാര്‍ ചലിക്കുന്നു എന്നായിരിക്കും. അതേസമയം കണ്ണുകള്‍ തലച്ചോറിനെ അറിയിക്കുന്നതാകട്ടെ എല്ലാം നിശ്ചലാവസ്ഥയിലാണന്നായിരിക്കും.
അതായത് തലച്ചോറില്‍ എത്തുന്ന സൂചനകള്‍ എല്ലാം പരസ്‌പരവിരുദ്ധമാകുന്നു എന്ന് ചുരുക്കം. അപ്പോള്‍ ഇതില്‍ ഏതോ ഒന്ന് വിഭ്രാന്തിയാണന്ന നിഗമനത്തില്‍ തലച്ചോറ് എത്തിച്ചേരും. തുടര്‍ന്ന് വിഷം അകത്തെത്തിയതിനാലാണ് ഇതുണ്ടായതെന്ന ചിന്തയുടെ ഫലമായി തലച്ചോറിന്‍റെ പ്രതികരണമാണ് ഈ ഛര്‍ദ്ദിയും മനംപുരട്ടലുമൊക്കെ എന്നാണ് പല ഗവേഷകരും വിശ്വസിക്കുന്നത്.
ആർക്കൊക്കെ ചലന രോഗം വന്നേക്കാം?
മൂന്നിൽ ഒരാൾക്ക് ചില സമയങ്ങളിൽ മോഷൻ സിക്ക്നസ് വരുമെന്ന് കണക്കാക്കപ്പെടുന്നു. സ്ത്രീകളും രണ്ട് മുതൽ 12 വയസ്സുവരെയുള്ള കുട്ടികളും ഈ രോഗത്തിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളവരാണ്. എന്നിരുന്നാലും, ഈ അവസ്ഥ ആരെയും ബാധിക്കാം.
ഈ ഘടകങ്ങൾ നിങ്ങളുടെ ചലന രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു:
ഹോർമോൺ പ്രശ്‍നങ്ങള്‍
ചെവിയുടെ തകരാറുകൾ
ആർത്തവം
മൈഗ്രെയിനുകൾ
പാർക്കിൻസൺസ് രോഗം
ഗർഭധാരണം
എങ്ങനെ ഒഴിവാക്കാം?
1. പുറം കാഴ്‌ചകള്‍ നോക്കിയിരിക്കുക
കാറിന്‍റെ മുന്‍ ജാലകത്തിലൂടെ കാഴ്‌ചകള്‍ കടന്നു പോകുന്നത് നോക്കിക്കൊണ്ടിരിക്കുക. സന്തുലന സംവിധാനത്തിനുണ്ടാകുന്ന അസ്വസ്ഥകളുടെ കാരണം പരിഹരിക്കാന്‍ ചലിക്കുന്നുണ്ടെന്ന ഈ തോന്നല്‍ സഹായിക്കും. നിങ്ങൾ പിൻസീറ്റിൽ ആണെങ്കിൽ, സാഹചര്യം നിയന്ത്രിക്കാനാകാത്തതിന്റെ ഉത്കണ്ഠ ലഘൂകരിക്കാൻ സംഭാഷണത്തില്‍ ശ്രദ്ധ പരീക്ഷിക്കുക.
2. വണ്ടി ഓടിക്കുന്നതായി കരുതുക
ഒരു കാറിന്‍റെ ഡ്രൈവർക്ക് ഒരു യാത്രക്കാരനേക്കാൾ ഈ രോഗ സാധ്യത കുറവാണ്. ഡ്രൈവറുടെ തലച്ചോറ് കാറിനെ നിയന്ത്രിക്കുന്ന തിരിക്കിലാണ് എന്നതുതന്നെ ഇതിനു കാരണം. ഇത് അസ്വസ്ഥതയെ അകറ്റി നിർത്തും. റോഡില്‍ തന്നെ ശ്രദ്ധിക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവില്ല. അതുകൊണ്ട് നിങ്ങള്‍ ഒരു യാത്രികനാണെങ്കിലും പറ്റുമെങ്കില്‍ കാര്‍ ഡ്രൈവ് ചെയ്യുന്നതായി കരുതുക.
3. എതിര്‍ ദിശയിലേക്ക് ഇരിക്കരുത്
ഈ പ്രശ്‍നമുള്ളവര്‍ ഒരിക്കലും യാത്ര ചെയ്‌തുകൊണ്ടിരിക്കുന്നതിന്റെ എതിര്‍ ദിശയിലേക്ക് ഇരിക്കരുത്. ദൂരത്തുള്ള ചലിക്കാത്ത വസ്‌തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, വായിക്കുക, കാര്‍ഡ് കളിക്കുക തുടങ്ങി ഒരേ ബിന്ദുവില്‍ നോക്കുന്ന കാര്യങ്ങളെല്ലാം ഒഴിവാക്കുക. ഒരു വശത്തു നിന്നും മറ്റൊരു വശം വരെയും കൂടുതല്‍ നോക്കരുത്. നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചലനം അനുഭവപ്പെടുന്ന ഒരു സീറ്റ് തിരഞ്ഞെടുക്കാൻ ശ്രമിക്കുക.
4. സണ്‍ ഗ്ലാസുകളും ഉറക്കവും
ഇരുണ്ട സണ്‍ഗ്ലാസ്സുകള്‍ വയ്‌ക്കുക. അതുപോലെ പറ്റുമെങ്കില്‍ ഉറങ്ങുക. അപ്പോള്‍ കാഴ്ചകള്‍ മിന്നിമറയുന്നത് കണ്ണുകള്‍ അറിയില്ല.
5. ഭക്ഷണത്തിന്‍റെ മണം
ഭക്ഷണങ്ങളുടെ രൂക്ഷമായ മണം ഒഴിവാക്കുന്നത് മനംമറിച്ചില്‍ തടയാന്‍ സഹായിക്കും. യാത്ര ചെയ്യുമ്പോഴും അതിന് മുമ്പും കഴിക്കുന്ന ആഹാരം ശ്രദ്ധിക്കുക. മദ്യവും ആഹാരവും നിങ്ങള്‍ക്ക് പിടിക്കാത്ത പാനീയങ്ങളും അമിതമായി കഴിക്കരുത്. കട്ടിയ കൂടിയതും എരിവുള്ളതും കൊഴുപ്പ് നിറഞ്ഞതുമായ ആഹാരങ്ങള്‍ ചിലര്‍ക്ക് യാത്രയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. യാത്രയ്‌ക്ക് മുമ്പും സമയത്തും നിങ്ങളുടെ ഭക്ഷണപാനീയങ്ങൾ, മദ്യം എന്നിവയുടെ ഉപഭോഗം നിരീക്ഷിക്കുക. അമിതമായ മദ്യപാനം, പുകവലി ഉള്‍പ്പെടെ നിങ്ങളോട് യോജിക്കാത്ത ഭക്ഷണങ്ങളോ ദ്രാവകങ്ങളോ ഒഴിവാക്കുക. ശക്തമായ ഗന്ധമുള്ള ഭക്ഷണങ്ങൾ, കനത്തതും മസാലകൾ അല്ലെങ്കിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ചില ആളുകളിൽ ഓക്കാനം അല്ലെങ്കിൽ ചലന രോഗത്തിന്റെ ലക്ഷണങ്ങൾ വഷളാക്കും. അതുപോലെ സോഡയ്‌ക്ക് പകരം ധാരാളം വെള്ളം കുടിക്കുക.
6. ജനല്‍ ഗ്‍ളാസ് തുറന്നിടുക
ശുദ്ധവായു ലഭിക്കുന്നത് പലര്‍ക്കും ആശ്വാസം നല്‍കും. അതിനാല്‍ സാധിക്കുമെങ്കില്‍ ജനല്‍ തുറന്ന് താഴേക്ക് കുനിഞ്ഞ് നന്നായി ശ്വസിക്കുക. അതുപോലെ ഈ പ്രശ്‌നമുള്ള മറ്റുള്ളവരില്‍ നിന്നും അകന്നിരിക്കുക. ഇതിനെ കുറിച്ച് പറയുന്നത് കേള്‍ക്കുന്നതും ഈ അസ്വസ്ഥതകള്‍ കാണുന്നതും ചിലപ്പോള്‍ നിങ്ങളിലും ഇതേ പ്രശ്‌നമുണ്ടാക്കും.
7. വസ്ത്രങ്ങള്‍
ഈ പ്രശ്‍നം ഉള്ളവര്‍ കാര്‍ യാത്രകളില്‍ കഴിവതും ഇറുകിയ വസ്‌ത്രങ്ങള്‍ ധരിക്കരുത്. അയഞ്ഞ വസ്‌ത്രങ്ങളായിരിക്കും യാത്രയ്‌ക്ക് സൗകര്യപ്രദം.
8. പാട്ടുകള്‍, ഇടവേളകള്‍
ഇയര്‍ഫോണിലൂടെ പാട്ട് കേള്‍ക്കുക, എംപി3 പ്ലേയര്‍ ഉപയോഗിക്കുക. നിങ്ങളുടെ ഇഷ്ടപാട്ട് അകം ചെവിയുടെ തലച്ചോറുമായുള്ള ആശയവിനിമയത്തെ സ്വാധീനിക്കും. അതുപോലെ യാത്രക്കിടയില്‍ ചെറിയ ഇടവേളകള്‍ എടുക്കുക. പുറത്തേക്കിറങ്ങി കൈയും കാലും നിവര്‍ത്തുക. ബെഞ്ചിലോ മരച്ചുവട്ടിലോ ഇരുന്ന് വായിലൂടെ ആഴത്തില്‍ ശ്വാസം എടുക്കുക. ആയാസം കുറയ്‌ക്കാന്‍ ഇതൊക്കെ സഹായിക്കും.
9. നാരങ്ങയും ഇഞ്ചിയും പിന്നെ പുതിനയും
സാധാരണ ഛര്‍ദ്ദിയ്‌ക്കും മനംപിരട്ടലിനും ഉപയോഗിക്കുന്ന പല മരുന്നുകളും വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ഫലപ്രദമായി എന്നു വരില്ല. എന്നാല്‍ ഒരു കഷ്‌ണം നാരങ്ങ വലിച്ച് കുടിച്ചു കൊണ്ടിരിക്കുന്നത് വളരെയധികം ആശ്വാസം നല്‍കും. പരമാവധി ഉപ്പ് രസമുള്ള എന്തെങ്കിലും കഴിക്കുക. കൂടാതെ പുതിന ഇലയും മനംപിരട്ടല്‍ ശമിപ്പിക്കാന്‍ നല്ലതാണ്. മറ്റ് മരുന്നകള്‍ക്കുള്ള പാര്‍ശ്വഫലങ്ങള്‍ ഇവയ്‌ക്കുണ്ടാകില്ല. രണ്ട് ഇലകള്‍ ആദ്യം കഴിക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ കഴിക്കാം. അതുപോലെ ഛര്‍ദ്ദിയെ പ്രതിരോധിക്കാന്‍ ഇഞ്ചി വളരെ നല്ലതാണ്. ഈ രോഗത്തിനുള്ള ഫലപ്രദമായ പ്രതിരോധ മാർഗ്ഗമായി ഇഞ്ചി ഉപയോഗിക്കുന്നതിനെ ചില പഠനങ്ങൾ പിന്തുണയ്ക്കുന്നു . കുറഞ്ഞത്, അത് നിങ്ങളുടെ ശരീരത്തെ ഉപദ്രവിക്കില്ല. മികച്ച ഗുണത്തിനായി യാത്രയ്ക്ക് അര മണിക്കൂർ മുമ്പ് ഒന്നോ രണ്ടോ ഗ്രാം ഇഞ്ചി കഴിക്കുക. നിങ്ങൾ മറ്റ് മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ, ഇഞ്ചി കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക.
10. കുട്ടികളെയും ശ്രദ്ധിക്കുക
കുട്ടികള്‍ക്ക് ഉണ്ടാകുന്ന ഇത്തരം പ്രശ്‌നം ഒഴിവാക്കുന്നതിനു വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ പുറത്തേക്ക് കാണാവുന്ന തരത്തിലുള്ള ഉയര്‍ന്ന സീറ്റ് അവര്‍ക്ക് നല്‍കുക. പുറത്തേക്ക് നോക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന കളികളില്‍ ഏര്‍പ്പെടുക. കാറിലിരുന്ന് സിനിമകള്‍ കാണാന്‍ കുട്ടികളെ അനുവദിക്കരുത്. നിങ്ങളുടെ കുട്ടികൾക്ക് ചലന അസുഖം അനുഭവപ്പെടുകയാണെങ്കിൽ, 12 വയസ്സിന് ശേഷം ഈ അവസ്ഥ സാധാരണഗതിയിൽ മാറാൻ തുടങ്ങുമെന്ന് അവരെ അറിയിക്കുന്നത് ഉറപ്പാക്കുക. ഈ മെഡിക്കൽ വസ്‍തുത പങ്കുവെക്കുന്നത് ജീവിതകാലം മുഴുവൻ ചലന രോഗത്തിന് വിധിക്കപ്പെട്ടതായി തോന്നുന്നത് ഒഴിവാക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിച്ചേക്കാം.
11. ആത്മവിശ്വാസം വളര്‍ത്തുക
യാത്രയ്‌ക്ക് മുമ്പ്, "ഇത്തവണ എനിക്ക് അസുഖം വരാൻ പോകുന്നില്ല" എന്ന് ഉറക്കെ പറഞ്ഞോ അല്ലെങ്കിൽ മറ്റ് സ്ഥിരീകരണമായ സ്വയം സംസാരം ഉപയോഗിച്ചോ നിങ്ങളുടെ സ്വന്തം പ്രതീക്ഷകൾ സജ്ജമാക്കുക. ഓടുന്ന വാഹനത്തിൽ ഇരുന്ന് പുസ്‍തകം വായിക്കുന്നത് നിങ്ങൾക്ക് ഓക്കാനം തോന്നുകയാണെങ്കിൽ, അഞ്ച് മിനിറ്റ് വായിച്ച് പുസ്‍തകം താഴെ വയ്ക്കാൻ ശ്രമിക്കുക. നിരവധി സെഷനുകളിൽ അഞ്ച് മിനിറ്റ് ഇടവേള ആവർത്തിക്കുക. തുടർന്ന് ഇത് 10 മിനിറ്റായി വർദ്ധിപ്പിക്കുക. കാലക്രമേണ, നിങ്ങളുടെ ശരീരം പ്രവർത്തനവുമായി പൊരുത്തപ്പെടുന്നതായി നിങ്ങൾ കണ്ടെത്തും.
Courtesy:Onemedical dot com, Arogyam, Quora, Indiastudychannel dot com & Social Media