ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്തിട്ടും ടിടിഇ-യുടെ പിടി വീഴുന്നില്ല! പുതിയ തന്ത്രത്തിൽ കുഴങ്ങി റെയിൽവേ

യാത്ര ചെയ്യുന്നവർ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പ് രീതിയാണ് റെയിൽവേയെ കുഴക്കുന്നത്.

Ticketless travellers now adopt a new trick to dodge train TTE ppp

മുംബൈ: ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര നടത്തുന്നവരെ പിടിക്കാനാകാതെ റെയിൽവെ. ഇങ്ങനെ യാത്ര ചെയ്യുന്നവർ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പ് രീതിയാണ് റെയിൽവേയെ കുഴക്കുന്നത്. ടിക്കറ്റ് എക്സാമിനറെ കണ്ടയുടൻ ട്രെയിനിൽ വച്ച് തന്നെ ടിക്കറ്റെടുത്താണ് ഇവർ രക്ഷപ്പെടുന്നത്. മുംബൈയിലെ സബർബൻ സ്റ്റേഷനുകളിൽ നടക്കുന്ന തട്ടിപ്പാണ് പുറത്തുവന്നത്. എന്നാൽ ഇത്തരത്തിൽ മറ്റിടങ്ങളിലും നടക്കാനുള്ള സാധ്യതകളും ഏറെയാണ്. 

റെയിൽവേയുടെ യുടിഎസ് ഓൺ മൊബൈൽ ആപ്പ് ജിപിഎസ് സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ജിയോഫെൻസിങ് സംവിധാനമാണ് ഈ ആപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു വെർച്വൽ അതിർത്തി നിർണ്ണയിക്കുകയും അത് പ്രകാരം അകത്തേക്കോ പുറത്തേക്കോ പോകുമ്പോൾ സേവനം ലഭിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്ന രീതിയിൽ ക്രമീകരിക്കാവുന്ന സംവിധാനമാണ് ജിയോഫൻസിങ്. 

ഇത്തരത്തിൽ സ്മാർട്ട്ഫോൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് 20 മീറ്ററെങ്കിലും അകലെയാവുകയും യാത്രക്കാരൻ കയറാനിരിക്കുന്ന റെയിൽവേ സ്റ്റേഷൻ അഞ്ച് കിലോമീറ്ററിന് അകത്തുള്ളതാവുകയും ചെയ്താൽ മാത്രമേ ഉപഭോക്താവിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ഫോണിന്റെ ജിപിഎസ് കോർഡിനേറ്റുകൾ ഉപയോഗിച്ച്, ട്രെയിൻ സ്റ്റേഷനിൽ എത്തിയ ശേഷം യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എന്നാൽ യുടിഎസ് ആപ്പ് വഴി റെയിൽവേ സ്റ്റേഷനിൽ പ്രദർശിപ്പിച്ചിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ക്യൂ ആർ കോഡ് ആവശ്യമായതിനാൽ അതത് സ്റ്റേഷനിൽ നിന്ന് തന്നെ ബുക്കിങ് ചെയ്യേണ്ടതുണ്ട്. എന്നാൽ ഒരു അജ്ഞാതൻ എല്ലാ സബർബൻ സ്റ്റേഷനുകളുടെയും ക്യൂആർ കോഡ് അടങ്ങുന്ന പിഡിഎഫ് ലിങ്ക് നിർമിച്ച് പ്രചരിപ്പിച്ചതാണ് റെയിൽവേക്ക് തലവേദനയായത്.

ഇതിലൂടെ  ജിയോ ഫെൻസിംഗ് സംവിധാനം മറികടക്കാൻ യാത്രക്കാർക്ക് സാധിക്കുന്നു. ഈ വെബ്‌സൈറ്റിൽ നിന്ന് ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത്  ടിടിഇ-യെ കണ്ടാൽ ഉടൻ എവിടെ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ബോർഡിങ് സ്റ്റേഷനിൽ ബുക്കിങ് നടക്കുന്നു എന്ന് ഉറപ്പാക്കാൻ ഗാലറിയിൽ നിന്ന് ക്യൂആർ കോഡ് സ്കാൻ ചെയ്യാൻ യുടിഎസ് ആപ്പ് അനുവദിച്ചിരുന്നില്ല. എന്നാൽ ഇതിനും ഇവർ പരിഹാരം കണ്ടെത്തി. സഹയാത്രികരുടെ മൊബൈലിലേക്ക് ക്യൂആർ കോഡ് ചിത്രം കൈമാറി അതിൽ സ്കാൻ ചെയ്ത് ബുക്കിംഗ് നടത്തുകയും ചെയ്യുന്നു. 

Read more: '40 മിനിറ്റ് വരെ ലേറ്റ്, വന്ദേഭാരത് മറ്റ് ട്രെയിനുകൾക്ക് ബുദ്ധിമുട്ട്': കേന്ദ്ര മന്ത്രിക്ക് എംപിയുടെ കത്ത്

ഒരു ടിടിഇ ഒരു കോച്ചിൽ പരിശോധന പൂർത്തിയാക്കാൻ കുറഞ്ഞത് 5 മിനിറ്റ് എടുക്കും, ഇത് അടുത്തുള്ള കോച്ചിലെ ടിക്കറ്റില്ലാത്ത യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ മതിയായ സമയം നൽകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജിയോഫെൻസ് ലോക്ക് മറികടന്ന് ബുക്കിംഗ് പൂർത്തിയാക്കാൻ ചില യാത്രക്കാർ സ്റ്റേഷനിലെ ഏതാനും ക്യുആർ കോഡുകളുടെ ഫോട്ടോ കോപ്പിയുമായി യാത്ര ചെയ്യുന്നുണ്ട്. എന്തായാലും സംഭവം റെയിൽവേ ഉദ്യോഗസ്ഥർ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഈ ക്രമക്കേട് തടയാൻ  നിലവിലുള്ള സ്റ്റാറ്റിക് ക്യുആർ കോഡ് സംവിധാനത്തിനു പകരം ഓരോ മിനിറ്റിലും മാറിക്കൊണ്ടിരിക്കുന്ന ഡൈനാമിക് ക്യുആർ കോഡ് നൽകുകയെന്നതാണ്  ഏക പരിഹാരമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios