ചൈന മുതല്‍ റഷ്യ വരെ; പണ്ടുപണ്ടേ ഈ രാജ്യങ്ങളില്‍ വണ്ടി പൊളിക്കല്‍ തുടങ്ങിയിരുന്നു!
മലിനീകരണം നിയന്ത്രിക്കുക കൂടാതെ 2008-ല്‍ തുടങ്ങിയ ആഗോള സാമ്പത്തിക മാന്ദ്യകാലത്ത് വ്യാവസായിക മേഖലയിലെ വിപണിയാവശ്യം വര്‍ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക ഉത്തേജകം കൂടിയായാണ് പല യൂറോപ്യന്‍ രാജ്യങ്ങളും വലിയതോതില്‍ പഴയവാഹനം പൊളിക്കല്‍ പദ്ധതി ആവിഷ്‍കരിച്ചത്.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ നിക്ഷേപക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പുതിയ വെഹിക്കിള്‍ സ്ക്രാപ്പേജ് പോളിസി അഥവാ വാഹനം പൊളിക്കല്‍ നയം ഇപ്പോള്‍ രാജ്യത്തെ വാഹനലോകത്തും പുറത്തുമൊക്കെ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന ഒന്നാണ്. ഒരു നിശ്ചിത കാലയളവിനുശേഷം വാഹനങ്ങൾ പൊളിച്ചുകളയുക എന്നതാണ് ലളിതമായി പറഞ്ഞാൽ ഈ നയംകൊണ്ട് ഉദ്ദേശിക്കുന്നത്.
എന്നാല്‍ ലോകത്താകമാനം പരിശോധിച്ചാൽ ഇതൊരു പുതിയ തുടക്കമൊന്നും അല്ല. നിരവധി ലോക രാജ്യങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതിയാണിത്. മിക്ക യൂറോപ്യൻ രാജ്യങ്ങൾക്കും ഇത്തരമൊരു നയമുണ്ട്. മലിനീകരണം നിയന്ത്രിക്കുക കൂടാതെ 2008-ല്‍ തുടങ്ങിയ ആഗോള സാമ്പത്തിക മാന്ദ്യകാലത്ത് വ്യാവസായിക മേഖലയിലെ വിപണിയാവശ്യം വര്‍ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക ഉത്തേജകം കൂടിയായാണ് പല യൂറോപ്യന്‍ രാജ്യങ്ങളും വലിയതോതില്‍ പഴയവാഹനം പൊളിക്കല്‍ പദ്ധതി ആവിഷ്‍കരിച്ചത്. പലയിടത്തും പലതരം മാനദണ്ഡങ്ങളാണ് ഉപയോഗിക്കുന്നത് എന്നുമാത്രം. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മുമ്പേ നടന്ന ചില രാജ്യങ്ങളെ പരിചയപ്പെടാം.
ചൈന
നമ്മുടെ അയല്‍ക്കാരായ ചൈനക്കാര്‍ ഒരു ദശകം മുമ്പുതന്നെ ഈ നയം പ്രഖ്യാപിച്ചിരുന്നു. 2009 ജൂണിലായിരുന്നു ചൈന പഴയതും വലിയതോതില്‍ മലനീകരണവുമുണ്ടാക്കുന്ന കാറുകള്‍, ട്രക്കുകള്‍ എന്നിവ പൊളിക്കാന്‍ 450 ഡോളര്‍ മുതല്‍ 900 ഡോളര്‍ വരെ(32,867 -65,734 രൂപ)യാണ് അനുവദിച്ചത്. 2009 അവസാനത്തോടെ നഷ്ടപരിഹാരത്തുക 732- 2,632 ഡോളറായി ഉയര്‍ത്തി. തുടര്‍ന്ന് 2010 അവസാനംവരെ നീട്ടി.
ജപ്പാന്‍
2009 ഏപ്രില്‍ ഒന്നിനാണ് ജപ്പാനില്‍ പദ്ധതി പ്രഖ്യാപിച്ചത്. പതിമൂന്നോ അതില്‍ കൂടുതല്‍ വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് 125,000 ജാപ്പനീസ് യാന്‍ അഥവാ 87,815 രൂപയായിരുന്നു വാഗ്ദാനം.
കാനഡ
1995-ലോ അതിനുമുമ്പോ നിര്‍മിച്ച വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ 300 ഡോളര്‍(21,904.65 രൂപ) നഷ്ടപരിഹാരമായി അനുവദിച്ചു.
അമേരിക്ക
2009 ജൂലായ് ഒന്നിന് അമേരിക്കയിലും ഇതേ പദ്ധതി അവതരിപ്പിച്ചു. 3,000,000,000 യു.എസ്. ഡോളറിന്റെ പാക്കേജ് (219,38 കോടി രൂപ) അനുവദിച്ച് പഴയതും മലിനീകരണമുള്ളതുമായ വാഹനങ്ങള്‍ മാറ്റാന്‍ പൗരന്‍മാരെ അമേരിക്കന്‍ സര്‍ക്കാര്‍ സഹായിച്ചു
ജര്‍മനി
വാഹനങ്ങള്‍ കണ്ടം ചെയ്യുന്നതില്‍ ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും വലിയ നയം അവതരിപ്പിച്ച രാജ്യമാണ് ജര്‍മ്മനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2009 ജനുവരി 13-നാണ് പദ്ധതി പ്രഖ്യാപിച്ചത്. ഒന്‍പത് വര്‍ഷത്തിനുമുകളിലുള്ള ഒരു കാറിന്റെ ഉടമയ്ക്ക് പുതിയ കാര്‍ വാങ്ങുമ്പോള്‍ 2,500 ഡോളര്‍ അഥവാ 1,82,598 രൂപയാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ അനുവദിച്ചത്. ഇതോടെ കാര്‍ വില്‍പ്പനയില്‍ 40 ശതമാനംവരെ വര്‍ധനയുണ്ടായി. എന്തായാലും ഇതോടെ വര്‍ഷാവസാനം വരെ പദ്ധതി നീട്ടി.
റഷ്യ
റഷ്യയില്‍ 2010-നും 2011-നും ഇടയ്ക്കാണ് ഇത്തരമൊരു ഒരു പദ്ധതി പ്രാബല്യത്തില്‍ വന്നത്. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ലൈറ്റ് കാറുകളുടെ ഉടമകള്‍ക്ക് പുതിയത് വാങ്ങാന്‍ 50,000 റൂബിള്‍സ്(48,316 രൂപ) അനുവദിച്ചു. ഇടക്കാലത്ത് നിര്‍ത്തിവച്ചിരുന്ന പദ്ധതി 2014 -ല്‍ പദ്ധതി വീണ്ടും തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടന്‍
2009-ലെ ബജറ്റിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. 10 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ഉടമകള്‍ക്ക് 2000 പൗണ്ട് അഥവാ 2,00,378 രൂപ യാണ് സര്‍ക്കാര്‍ അനുവദിച്ചത്.
ഇന്ത്യയുടെ പൊളിക്കല്‍ നയം
കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രിയായി നിതിൻ ഗഡ്കരി എത്തിയതിനുശേഷമാണ് രാജ്യത്തിന്റെ സ്ക്രാപ്പേജ് പോളിസിയെപറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായി ഉയര്‍ന്നുതുടങ്ങിയത്. ഗഡ്കരിയുടെ സ്വപ്‍ന പദ്ധതികളിൽ ഒന്നായിരുന്നു ഇത്. ഇതിന്‍റെ പൂര്‍ത്തീകരണമാണ് കഴിഞ്ഞദിവസം നടന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
അതേസമയം യഥാർഥത്തിൽ ഇതിനകംതന്നെ മന്ത്രാലയം ഒരു സ്ക്രാപ്പേജ് പോളിസി നടപ്പാക്കിയിട്ടുണ്ട്. അതുപക്ഷെ സർക്കാർ വാഹനങ്ങൾക്കു മാത്രമാണ്. 15 വർഷത്തിനുമുകളിൽ പഴക്കമുള്ളതും വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ളതുമായ കാറുകൾ ഡി-രജിസ്റ്റർ ചെയ്യുകയും നശിപ്പിക്കുകയും ചെയ്യും.
പുതിയ പോളിസി അനുസരിച്ച് വാണിജ്യവാഹനങ്ങള്‍ക്ക് പരമാവധി 15 വര്‍ഷവും സ്വകാര്യവാഹനങ്ങള്‍ക്ക് പരമാവധി 20 വര്‍ഷവുമാണ് ഉപയോഗത്തിനുള്ള കാലാവധി. കാലാവധി പൂർത്തിയായ വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കും. ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളുടെ സഹായത്തോടെയാകും ഈ വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുക. ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പൊളിക്കല്‍ നടപടി. ഒരുവാഹനം മൂന്നിൽ കൂടുതൽ തവണ ഫിറ്റ്നസ് ടെസ്‌റ്റിൽ പരാജയപ്പെടുകയാണെങ്കിൽ അത് നിർബന്ധമായും സ്ക്രാപ്പിംഗിന് വിധേയമാക്കണം എന്നാണ് പോളിസി വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓട്ടോമൊബൈൽ മേഖലയ്ക്ക് ഈ തീരുമാനം കരുത്താകുമെന്നും റോഡ് സുരക്ഷ വർധിക്കുമെന്നും അന്തരീക്ഷ മലിനീകരണം 25 മുതൽ 30 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നുമാണ് കേന്ദ്രത്തിന്‍റെ കണക്കുകൂട്ടലുകള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona