മടിയിലിരുത്തി പേരിട്ടത് നെഹ്രു, ഇത് അമിത് ഷായെ 'ഇരുത്തി'പ്പറഞ്ഞ ബജാജിന്‍റെ കഥ!
കഴിഞ്ഞദിവസം അമിത്ഷായെ മുന്നിലിരുത്തി അദ്ദേഹം എടുത്തുപറഞ്ഞതും അതുതന്നെ. 'നിങ്ങൾക്ക് ഇഷ്ടപ്പെടില്ലെങ്കിലും ഞാനൊരു കാര്യം പറയാം, എന്നെ മടിയിലിരുത്തി രാഹുൽ എന്നു പേരിട്ടത് ജവഹർലാൽ നെഹ്രു ആയിരുന്നു'.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുഖത്ത് നോക്കി, രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് പറഞ്ഞിരിക്കുകയാണ് വ്യവസായ പ്രമുഖനായ രാഹുല്‍ ബജാജ്. ബജാജെന്നു കേട്ടാല്‍ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ മനസിലേക്ക് ഒരു ഓട്ടോറിക്ഷയോ ഏതെങ്കിലും ഇരുചക്രവാഹനമോ ഒക്കെയാവും ഓടിയെത്തുക. ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തോടെയാണ് ജനം ബജാജിന്‍റെ വാഹനങ്ങളെ നെഞ്ചിലേറ്റിയത്. എന്നാല്‍ ഒരു വണ്ടിക്കമ്പനി എന്നതിനപ്പുറം ബജാജ് എന്ന നാമത്തിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരകാലത്തോളം പഴക്കമുണ്ട്.
സ്വാതന്ത്ര്യസമരസേനാനിയും വ്യവസായിയുമായിരുന്ന ജമ്‍നാലാല്‍ ബജാജിന്‍റെ കൊച്ചുമകനാണ് രാഹുല്‍ ബജാജ്. രാഹുലിന്‍റെ ജനനത്തിനും ഒരു വ്യാഴവട്ടം മുമ്പ് 1926 ലാണ് ജമ്‍നാലാൽ ബജാജ് ഗ്രൂപ്പ് ആരംഭിക്കുന്നത്. എന്നാല്‍ അത്ര തിളക്കമുള്ളതായിരുന്നില്ല ജമ്‍നാലാലിന്‍റെ ബാല്യം. രാജസ്ഥാനിലെ ഒരു ഗ്രാമത്തില്‍ ഒരു ദരിദ്രകുടുംബത്തിലായിരുന്നു ജമ്‍നാലാലിന്‍റെ ജനനം. കാനിറാമിന്റേയും ബിർദിബായിയുടേയും മൂന്നാമത്തെ മകന്‍.
അങ്ങനിരിക്കെ കാനിറാമിന്റെ അടുത്ത ബന്ധുവും വാർദ്ധയിലെ ഒരു പ്രമുഖ വ്യാപാരിയുമായ സേഠ് ബജ്രാജും ഭാര്യ സദീഭായ് ബജ്രാജും ജമ്‍നാലാലിനെ ദത്തെടുത്തു. അതോടെ കാനിറാം കുടുംബത്തിന്‍റെ ശുക്രനുമുദിച്ചു. സേഠ് ബജ്രാജ് കുടുംബത്തിന്റെ വ്യാപാര കാര്യങ്ങള്‍ ജമംനാലാലിന്‍റെ ചുമലിലായി. സേഠ് ബജാജിന്‍റെ മരണശേഷമാണ് ജമ്‍നാലാല്‍ ബജാജ് ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്‍ട്രീസ് തുടങ്ങുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം കത്തിക്കാളുന്ന കാലത്ത് ഗാന്ധി ശിഷ്യനായി മാറിയ ജമ്‍നാലാല്‍ ഗാന്ധി ശിഷ്യയായിരുന്ന ജാനകി ദേവിയെ ജീവിത പങ്കാളിയുമാക്കി.
ജമ്‍നാലിന്‍റെയും ജാനകി ദേവിക്കും അഞ്ച് മക്കള്‍. ഇതില്‍ രണ്ടാമത്തെ മകന്‍ കമല്‍ നയന്‍ ബജാജിന്‍റെ മകനായി 1938 ജൂണ്‍ 10നാണ് രാഹുല്‍ ബജാജിന്‍റെ ജനനം. കുഞ്ഞിനെ മടിയിലിരുത്തി രാഹുലെന്ന പേരിട്ടത് സാക്ഷാൽ ജവഹർലാൽ നെഹ്രു. കഴിഞ്ഞദിവസം അമിത്ഷായെ മുന്നിലിരുത്തി അദ്ദേഹം എടുത്തുപറഞ്ഞതും അതുതന്നെ. 'നിങ്ങൾക്ക് ഇഷ്ടപ്പെടില്ലെങ്കിലും ഞാനൊരു കാര്യം പറയാം, എന്നെ മടിയിലിരുത്തി രാഹുൽ എന്നു പേരിട്ടത് ജവഹർലാൽ നെഹ്രു ആയിരുന്നു'.
അച്ഛനില്‍ നിന്നും 1965ലാണ് രാഹുല്‍ ബജാജ് ഗ്രൂപ്പിന്‍റെ സാരഥ്യം ഏറ്റെടുക്കുന്നത്. ദില്ലി സെന്റ് സ്റ്റീഫൻസ് കോളേജ്, അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ ഇടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ നിയമജ്ഞന്‍ കൂടിയായി രാഹുലാണ് ജമ്‍നാലാല്‍ തുടങ്ങിയ സ്ഥാപനത്തെ ലോകത്തിന്‍റെ നെറുകയിലേക്കുയർത്തിയത്. ഏകേദേശം 4.8 ബില്ല്യണ്‍ ഡോളറാണ് ഇന്ന് അദ്ദേഹത്തിന്‍റെ ആസ്‍തി. ഫോർബ്‍സ് മാഗസിന്‍റെ സമ്പന്നരുടെ പട്ടികയില്‍ ഇടംപിടച്ച രാഹുലിനെ തേടി 2001ല്‍ പത്മഭൂഷനും എത്തിയിരുന്നു.
ചേതക്ക് എന്ന വിഖ്യാത സ്‍കൂട്ടറാണ് ബജാജിന്‍റെ കുതിപ്പിനു പിന്നിലെ മുഖ്യശക്തി. ഒരുകാലത്ത് മധ്യവര്‍ഗ ഇന്ത്യക്കാരന്‍റെ വാഹനസ്വപ്‍നങ്ങളിലെ രാജകുമാരനായിരുന്നു ചേതക്ക്. ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ വെസ്‍പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കി 1972 ൽ ചേതക്കിനെ അവതരിപ്പിക്കുമ്പോള്‍ അതേപേരിലുള്ള ഒരു പടക്കുതിരയായിരുന്നു രാഹുല്‍ ബജാജിന്‍റെ മനസില്‍. മുഗളരെ വിറപ്പിച്ച റാണാ പ്രതാപ് സിംഗിന്‍റെ കരുത്തുറ്റ പടക്കുതിര ചേതക്ക്.
എന്തായാലും കഴിഞ്ഞദിവസം 'ഇക്കണോമിക് ടൈംസി'ന്റെ അവാർഡുദാന വേദിയില്‍ തുറന്നടിക്കുമ്പോഴും രാഹുല്‍ ബജാജിന്‍റെ ശബ്‍ദത്തില്‍ ചേതക്കെന്ന പടക്കുതിരയുടെ കരുത്തുണ്ടായിരുന്നു. 'ഞങ്ങള്‍ ഭയപ്പെടുന്നു...അത്തരമൊരു അന്തരീക്ഷം തീര്‍ച്ചയായും നമ്മുടെ മനസിലുണ്ട്. പക്ഷേ ആരും ഇതിനെ കുറിച്ച് സംസാരിക്കില്ല. എന്റെ വ്യവസായി സുഹൃത്തുക്കളും പറയില്ല. എന്നാല്‍ ഞാന്‍ തുറന്ന് പറയും. പക്ഷേ നിഷേധം മാത്രമല്ല എനിക്ക് നല്ലൊരു മറുപടി കിട്ടേണ്ടതുണ്ട്...'
2006ല്‍ മഹാരാഷ്ട്രയില്‍ നിന്നും ബിജെപി പിന്തുണയില്‍ രാജ്യസഭാംഗമായ മനുഷ്യനാണോ ഇതു പറയുന്നതെന്ന് ചിലരെങ്കിലും ആശ്ചര്യപ്പെട്ടേക്കാം. എന്നാല്‍ രാഹുൽ ബജാജിനെ അറിയുന്നവര്‍ക്ക് ഉറപ്പാണ് എല്ലാ കാലത്തും അദ്ദേഹം ഇങ്ങനെ തന്നെയായിരുന്നു എന്നത്. നെഹ്രുവാണ് തനിക്ക് പേരിട്ടതെങ്കിലും അതേ നെഹ്രുവിന്റെ മകൾ ഇന്ദിരയെ വിമർശിക്കാനും രാഹുൽ ബജാജിന് ഒട്ടും ഭയമില്ലായിരുന്നു എന്നതാണ് കൗതുകകരം. അടിയന്തരാവസ്ഥക്കാലത്തടക്കം ഇന്ദിരയുടെ കടുത്ത വിമർശനകായിരുന്നു രാഹുൽ.
ഗോഡസയെ രാജ്യസ്‌നേഹിയെന്ന് പ്രജ്ഞാ സിങ് ലോക്‌സഭയില്‍ വിശേഷിപ്പിച്ചതിനേയുമടക്കം രാഹുല്‍ ബജാജ് ചടങ്ങില്‍ വിമര്‍ശിച്ചു. ഇന്ന് ആരെയും രാജ്യസ്‌നേഹി എന്ന് വിളിക്കാമെന്നായിരുന്നു പ്രജ്ഞയുടെ വാക്കുകളെപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ പരാമര്‍ശം. 'അവരോട് ക്ഷമിക്കാൻ കഴിയില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നിട്ടും തെരഞ്ഞെടുപ്പിൽ നിർത്തി നിങ്ങൾ അവരെ വിജയിപ്പിച്ചു. എന്നിട്ട് അവരെ പ്രതിരോധ, പാർലമന്റെറി കാര്യ സമിതിയിൽ ഉൾപ്പെടുത്തി. ഈ ചെറിയ സെഷനിൽ നിന്ന് വരെ ഒഴിവാക്കിയെന്നതാണ് ആശ്വാസകരം'- ഇതായിരുന്നു അമിത് ഷായെ മുന്നിലിരുത്തി കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞത്.
മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രയായിരിക്കെ നരേന്ദ്ര മോദിയെ വേദിയിലിരുത്തി വിമര്‍ശിച്ച ചരിത്രവുമുണ്ട് രാഹുല്‍ ബാജാജിന്. കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ദില്ലിയിൽ സംഘടിപ്പച്ച മീറ്റിംങ് വിത്ത് നരേന്ദ്ര മോദി ന്യു ചീഫ് മിനിസ്റ്റർ ഓഫ് ഗുജറാത്ത് എന്ന പരിപാടിയിലായിരുന്നു ആ സംഭവം.
2016ൽ നോട്ടു നിരോധന കാലത്ത് അതിനെ വിമർശിച്ചും രാഹുൽ ബജാജ് രംഗത്തെത്തിയിരുന്നു. നോട്ടു നിരോധനം ഒരുപക്ഷേ ഒരു ദുരന്തമായി മാറിയേക്കാം എന്നായിരുന്നു ആ വാക്കുകള്‍. ധനമന്ത്രിയായി നിർമ്മല സീതാരാമനെ പ്രഖ്യാപിച്ചപ്പോഴും രാഹുല്‍ ബജാജിന്‍റെ കടുത്ത വാക്കുകള്‍ രാജ്യം കേട്ടു. നിര്‍മ്മലക്ക് എന്ത് സാമ്പത്തിക ശാസ്ത്രം അറിയാം എന്നായിരുന്നു അന്ന് രാഹുൽ ചോദിച്ചത്.
അടുത്തിടെ വാഹനവിപണിയിലെ മാന്ദ്യത്തിനിടയിലും അദ്ദേഹം കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ആഭ്യന്തര വാഹന വ്യവസായം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴിൽ നഷ്ടത്തിലേക്കും കൂപ്പുകുത്തുകയാണെന്നും കേന്ദ്ര സർക്കാരിന്റെ വിവേകരഹിത നടപടികൾ മൂലമാണിതെന്നുമായിരുന്നു ബജാജ് ഓട്ടോയുടെ വാര്‍ഷിക പൊതുയോഗത്തിൽ രാഹുൽ ആരോപിച്ചത്. വളർച്ച എവിടെ നിന്ന് വരുമെന്നും അത് ആകാശത്ത് നിന്നും പൊട്ടിവീഴില്ലെന്നും കൂടി ഈ യോഗത്തില്‍ അദ്ദേഹം തുറന്നടിച്ചിരുന്നു.
സ്വന്തം മകനോടു പോലും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ മടിക്കാത്തയാളാണ് ഈ 81കാരനെന്നതും ചരിത്രം. മുമ്പ് ചേതക്കിന്‍റെ ഉല്‍പ്പാദനം നിര്‍ത്താന്‍ മകന്‍ രാജീവ് തീരുമാനിച്ചപ്പോഴും രാഹുല്‍ ബജാജ് ഇതിനെതിരെ ആഞ്ഞടിച്ചിരുന്നു. ഒരുപക്ഷേ മുഗളരെ വിറപ്പിച്ച കരുത്തോടെ ചേതക്ക് ഇലക്ട്രിക്ക് കരുത്തില്‍ തിരിച്ചെത്തുന്നതിനു പിന്നിലും ആ ഇച്ഛാശക്തിയാവാം.