രസിപ്പിക്കാൻ യുവനര്‍ത്തകിമാര്‍, ഫ്രഞ്ച് വൈൻ, ബെഡ് റൂമുകള്‍; കൂകിപ്പായും സ്വര്‍ഗ്ഗം കിമ്മിന്‍റെ ഈ ട്രെയിൻ!
കിം ജോങിന് പറക്കാൻ ഭയമാണെന്നാണ് വിശ്വാസം. ഈ ഭയം കുടുംബത്തിന് പാരമ്പര്യമാണ്. അതായത്, പിതാവിനെക്കുറിച്ചും മുത്തച്ഛനെക്കുറിച്ചും ഇതുതന്നെയാണ് വിധേശ മാധ്യമങ്ങള്‍ പറയുന്നത്. കിമ്മിനെപ്പോലെതന്നെ, ഈ രണ്ട് കൊറിയൻ നേതാക്കളും യാത്രകൾ ഒഴിവാക്കുകയും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം രാജ്യത്തിന് പുറത്ത് പോകുകയും ചെയ്‍തവരാണ്. കഴിയുന്നിടത്തോളം സ്വന്തം ട്രെയിനിൽ മാത്രമായിരുന്നു ഇരുവരുടെയും യാത്ര.
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ റഷ്യൻ സന്ദർശനത്തിനായി റഷ്യന്‍ തുറമുഖ നഗരമായ വ്ലാഡിവോസ്ടോകിലെത്തി. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരമാണ് കിം ജോങ് ഉൻ റഷ്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നതിനായി റഷ്യയിലെത്തിയത്. റഷ്യൻ തുറമുഖ നഗരമായ വ്ലാഡിവോസ്‌റ്റോക്കിൽ നേതാക്കൾ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും കൂടിക്കാഴ്ചയെ അതീവ ആശങ്കയോടെയാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കാണുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരം കിം ജോങ് ഉൻ അടുത്ത ദിവസങ്ങളിൽ റഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്നായിരുന്നു റഷ്യ അറിയിച്ചത്. എന്നാൽ, കിം നേരത്തെ തന്നെ റഷ്യയിലേക്കുള്ള ട്രെയിനിൽ പുറപ്പെട്ടതായി ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ കിം സഞ്ചരിക്കുന്ന സ്വകാര്യ ട്രെയിനിന്‍റെ വിശേഷങ്ങൾ വീണ്ടും വിദേശ മാധ്യമങ്ങളിൽ നിറയുകയാണ്. മറ്റു ലോക നേതാക്കളെ പോലെ വിമാനത്തിലല്ല ട്രെയിനിലാണ് കിം യാത്ര ചെയ്യുന്നത്. എല്ലാവിധ സൗകര്യങ്ങളുമുള്ള ഈ ട്രെയിനിന് സമ്പന്നമായ ചരിത്രമുണ്ട്. പച്ച നിറത്തിലുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് ട്രെയിനാണിത്. ഇതില്‍ ഉയർന്ന സെക്യൂരിറ്റിയുള്ള 90 മുറികളുണ്ട്. മണിക്കൂറിൽ 60 കി.മീ മാത്രമാണ് പരമാവധി വേഗം. യാത്രയിൽ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് അകമ്പടിയായുണ്ടാകും. ഈ ട്രെയിനിന് സഞ്ചരിക്കാൻ വേണ്ടി മാത്രം ഉത്തര കൊറിയയിൽ 20 റെയിൽവേ സ്റ്റേഷനുകൾ നിർമിച്ചിട്ടുണ്ട്. ഇതാ കിമ്മിന്‍റെ മുത്തച്ഛന്മാരും പിതാവുമൊക്കെ യാത്ര ചെയ്‍തിരുന്ന ആ രാജകീയ ഫാമിലി ട്രെയിനിന്‍റെ ചില വിശേഷങ്ങള്‍.
റഷ്യയുടെ സമ്മാനം
1950കളുടെ തുടക്കത്തിൽ കിമ്മിന്റെ മുത്തച്ഛൻ കിം സാങ്ങിന് സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ ഒരു ട്രെയിൻ സമ്മാനിച്ചിരുന്നു. അതിനുശേഷം, 1950-ലെ കൊറിയൻ യുദ്ധസമയത്ത്, സുങ് ഈ ട്രെയിൻ തന്റെ ആസ്ഥാനമായി ഉപയോഗിക്കുകയും ദക്ഷിണ കൊറിയയ്ക്കെതിരായ യുദ്ധത്തിനുള്ള തന്ത്രം ഇവിടെ നിന്ന് തയ്യാറാക്കുകയും ചെയ്തു. ഉള്ളിൽ ഭാരമേറിയ മരപ്പണികളുള്ള ഈ ട്രെയിൻ അധികം താമസിയാതെ കിം കുടുംബത്തിന്റെ രാജകീയ തീവണ്ടിയായി മാറി.
ട്രെയിൻ യാത്രയ്ക്കിടെ അച്ഛൻ മരിച്ചു
ഉത്തര കൊറിയയുടെ സ്റ്റേറ്റ് മീഡിയ കൊറിയൻ സെൻട്രൽ ടെലിവിഷൻ പറയുന്നതനുസരിച്ച്, 2011 ൽ ഈ ട്രെയിനിനുള്ളിൽ യാത്ര ചെയ്യുന്നതിനിടെ കിമ്മിന്‍റെ അച്ഛൻ കിംഗ് ജോങ് ഇല്‍ മരിച്ചു. ചില രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി പ്യോങ്‌യാങ്ങിൽ നിന്ന് യാത്ര ചെയ്യവേ, ട്രെയിനിൽ വെച്ച് തന്നെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
എല്ലാത്തരം ഭക്ഷണങ്ങളും ലഭ്യം
കിം ജോങ് ഉൻ ആഡംബര ജീവിതത്തിന് പേരുകേട്ടയാളാണ്. ഈ ഏകാധിപതിയുടെ ട്രെയിനും അത്രതന്നെ ഗംഭീരമാണ്. ഇതിന് 22 ബോഗികളുണ്ട്. ഇതില്‍ ഉയർന്ന സെക്യൂരിറ്റിയുള്ള 90 മുറികളുണ്ട്. എല്ലാ ബോഗികളിലും വിശാലമായ കുളിമുറിയും ഡൈനിംഗ് സൗകര്യവും ഉണ്ട്. സാധാരണയായി യാത്ര ചെയ്യുന്നവർ ഒന്നുകിൽ കിമ്മിന്റെ കുടുംബാംഗങ്ങളോ, അല്ലെങ്കിൽ കിം തന്നെയോ ആയിരിക്കും. പോളിറ്റ് ബ്യൂറോ ഉദ്യോഗസ്ഥരും സൈനിക സംഘവും ഒപ്പം നീങ്ങുന്നു. ഇവർക്കെല്ലാം ഭക്ഷണപാനീയങ്ങൾക്കായി പ്രത്യേകം സംവിധാനമുണ്ട്. ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുന്ന ഷെഫുകളും ട്രെയിനിലുണ്ട്. ഇരുണ്ട തടിയിൽ പാനൽ ചെയ്ത കോൺഫറൻസ് റൂമുകൾ, ഒന്നിലധികം കിടപ്പുമുറികൾ, സാറ്റലൈറ്റ് ഫോണുകൾ, ഫ്ലാറ്റ് സ്‌ക്രീൻ ടിവികൾ, ബോംബുകൾക്കും മറ്റ് ഭീഷണികൾക്കും വേണ്ടി റൂട്ടുകളും വരാനിരിക്കുന്ന സ്റ്റേഷനുകളും സ്കാൻ ചെയ്യുന്ന ഏകദേശം 100 സുരക്ഷാ ഏജന്റുമാർ എന്നിവ ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
വിനോദത്തിനും നിരവധി ഗ്രൂപ്പുകള്‍
ദീര്‍ഘയാത്രയ്ക്കിടയില്‍ നേതാവിന് മടുപ്പ് തോന്നിത്തുടങ്ങിയാല്‍ അദ്ദേഹത്തെ രസിപ്പിക്കാന്‍ ഒരു കൂട്ടം നര്‍ത്തകിമാരുണ്ട് ഈ ട്രെയിനില്‍. കിമ്മിന്റെ രസിപ്പിക്കുന്ന ഈ യുവതികളെ ലേഡി കണ്ടക്ടർമാർ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഇതുകൂടാതെ എല്ലാ കോച്ചുകളിലും ടെലിവിഷൻ ഉണ്ട്. എന്നാൽ ഉത്തരകൊറിയൻ സംഭവവികാസങ്ങളെക്കുറിച്ച് മാത്രം വിവരങ്ങൾ നൽകുന്ന ഏതാനും ചാനലുകൾ മാത്രമാണ് ഇതിൽ ലഭിക്കുന്നതെന്ന് മാത്രം.
ഒരു ആക്രമണവും ഫലിക്കില്ല
മൂന്ന് തലമുറകളായി ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിക്ക് ഏകദേശം 250 മീറ്റർ നീളമുണ്ട്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ്. അതിന്റെ എല്ലാ കമ്പാർട്ടുമെന്റുകളും കവചിതമാണ്, അതിനെ വെടിയുണ്ടകൾ ബാധിക്കില്ല. 2004-ൽ ഉത്തരകൊറിയൻ നഗരമായ യോങ്‌ചോണിലെ റെയിൽവേ ലൈനിൽ കുഴിബോംബ് പൊട്ടി 150-ലധികം ജീവനുകൾ പൊലിഞ്ഞിരുന്നു. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് ഈ ട്രെയിൻ ആ പാതയിലൂടെ കടന്നുപോയിരുന്നു. ഇതേത്തുടർന്ന് ട്രെയിനിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കി.
കർശന സുരക്ഷ
വടക്കൻ കൊറിയയ്ക്കുള്ളിൽ ട്രെയിൻ പോകുന്നിടത്തെല്ലാം, ലൈനുകളുടെ പരിശോധന ഏകദേശം ഒരു ദിവസം മുമ്പ് ആരംഭിക്കുകയും ആ റൂട്ട് ബ്ലോക്ക് ചെയ്യുകയും ചെയ്യും. ഈ ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മറ്റൊരു സ്വകാര്യ ട്രെയിനും ഇതേ ട്രാക്കിലൂടെ പുറപ്പെടും. അതിന് പിന്നിൽ കിമ്മിന്റെ രാജകീയ ട്രെയിൻ പോകും. അതിനുശേഷം മറ്റൊരു ട്രെയിനും പോകും. ഈ ട്രെയിനുകള്‍ക്കും അധിക സുരക്ഷയും മറ്റ് സൌകര്യങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.