കൊറിയന്‍ ശക്തിയെ തകര്‍ക്കാനെത്തി, ഇന്ധനപമ്പില്‍ തകരാര്‍, തുടക്കംപിഴച്ച് യൂറോപ്യന്‍ ചക്രവര്‍ത്തി!
യൂറോപ്പിന്റെ കരുത്ത് കാട്ടാൻ കുഷാഖ് എത്തിയ വാഹനത്തിന് നേരട്ട അപ്രതീക്ഷിത തിരിച്ചടിയാണ് ഇപ്പോള്‍ വാഹനലോകത്തെ ചര്‍ച്ചാവിഷയം
ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ (Skoda) കോംപാക്ട് എസ്‍യുവി ആയ കുഷാഖ് (kushaq) 2021 ജൂലൈയിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കൊറിയൻ ആധിപത്യമുള്ള മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് യൂറോപ്പിന്റെ കരുത്ത് കാട്ടാൻ കുഷാഖ് (Kushaq) എത്തിയത്. മികച്ച ബുക്കിംഗ് നേടി മുന്നേറുന്ന വാഹനത്തിന് നേരട്ട അപ്രതീക്ഷിത തിരിച്ചടിയാണ് ഇപ്പോള്‍ വാഹനലോകത്തെ ചര്‍ച്ചാവിഷയം.
ചില സാങ്കേതിക തകരാറുകള്‍ നിമിത്തം കുഷാഖ് മോഡലുകള്‍ തിരിച്ചുവിളിക്കുകയാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധന പമ്പുമായി ബന്ധപ്പെട്ട തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാഹനം തിരികെ വിളിക്കുന്നതെന്നാണ് റഷ് ലൈന്‍ ഉള്‍പ്പെടെയുള്ള ഓട്ടോ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മോഡല്‍ വിപണിയിലെത്തിച്ച് മാസങ്ങള്‍ക്കകമാണ് സ്‌കോഡയുടെ ഈ തിരിച്ചുവിളിക്കല്‍. ഈ തകരാര്‍ കാരണം ഇലക്ട്രിക് പവര്‍ കണ്‍ട്രോളില്‍ (ഇപിസി) മുന്നറിയിപ്പ് ലൈറ്റിലെ തകരാറ്, എഞ്ചിന്‍ കട്ട് ഓഫ്, വൈദ്യുതി നഷ്ടപ്പെടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉപഭോക്താക്കള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഒരു മുന്‍കരുതലെന്നോളം ഈ പ്രശ്‌നങ്ങള്‍ ബാധിക്കാത്ത മോഡലുകളിലും 'കൂടുതല്‍ കരുത്തുറ്റ' ഇന്ധന പമ്പ് മാറ്റിസ്ഥാപിച്ച് തകരാറുകള്‍ പരിഹരിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
സ്‌കോഡയുടെ അടുത്തുള്ള സര്‍വീസ് സെന്ററുകളുമായി ബന്ധപ്പെട്ട് കുഷാഖ് ഉപഭോക്താക്കള്‍ക്ക് തകരാറിലായ ഇന്ധന പമ്പുകള്‍ സൗജന്യമായി മാറ്റാവുന്നതാണ്. പുതിയ ഇന്ധന പമ്പിന്റെ സ്റ്റോക്കുകള്‍ ലഭിക്കുമ്പോള്‍, ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ വഴി ഉപഭോക്താക്കളെ ബന്ധപ്പെടുമെന്നും പുതുതായി നല്‍കുന്ന എല്ലാ കാറുകളിലും പുതുക്കിയ പമ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും സ്‌കോഡ അറിയിച്ചിട്ടുണ്ട്.
അതേസമയം, വാഹനം പുറത്തിറക്കി ചുരുങ്ങിയ ദിവസങ്ങള്‍ക്കും 10,000 ബുക്കിംഗുകളാണ് കുശാഖ് നേടിയത്. ജൂണ്‍ 28ന് മോഡല്‍ അവതരിപ്പിച്ചതിന് ശേഷം ഓഗസ്റ്റില്‍ മാത്രം 6,000 ബുക്കിംഗുകള്‍ ഈ മോഡലിന് ലഭിച്ചിട്ടുണ്ട്. രണ്ട് എന്‍ജിന്‍ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനില്‍ ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന കുഷാഖിന് 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 95 ശതമാനവും പ്രാദേശികമായി നിര്‍മിച്ചതിനാലാണ് കുഷാക്കിനെ ഈ ശ്രേണിയില്‍ തന്നെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ 2.0 പ്രോജക്‌ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കാറാണ് കുഷാഖ്. സംസ്‍കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം. രാജാവ്, ചക്രവർത്തി എന്നൊക്കെയാണ് ഈ പേരിന്‍റെ അർത്ഥം. ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കൊറിയൻ ആധിപത്യമുള്ള മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് യൂറോപ്പിന്റെ കരുത്ത് കാട്ടാൻ കുഷാഖ് എത്തിയത്. കുഷാഖിന്‍റെ മുഖ്യ ലക്ഷ്യം തന്നെ നിലവിലെ വമ്പന്മാരായ ക്രെറ്റയെയും സെൽറ്റോസിനെയും മലര്‍ത്തിയടിക്കുക എന്നതാണ്. അതുകൊണ്ടു തന്നെ ഈ വർഷം എസ്‌യുവിയുടെ കുറഞ്ഞത് 50,000 യൂണിറ്റുകൾ എങ്കിലും വിറ്റഴിക്കാനാണ് സ്കോഡ പദ്ധതിയിട്ടിരിക്കുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona