കാര്‍ നിന്നു കത്തി; ചതിച്ചത് സാനിറ്റൈസര്‍ എന്നു സംശയം!

ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.  അപകട സമയത്ത് കാറിലെ സാനിറ്റൈസർ കുപ്പി അടച്ചിട്ടുണ്ടോ എന്ന്
അദ്ദേഹത്തിന് ഓർമിക്കാൻ കഴിഞ്ഞില്ല.

Sanitizer on dashboard suspected of car burn with fire

ഹാന്‍ഡ് സാനിറ്റൈസർ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ്. ഒരു സാനിറ്റൈസർ കുപ്പി നിങ്ങളോടൊപ്പം സൂക്ഷിക്കുന്നതും ഇക്കാലത്ത് വളരെ നല്ലതാണ്.  മനുഷ്യരെ മാത്രമല്ല വാഹനങ്ങളും സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ട്. എന്നാൽ വാഹനങ്ങളിൽ സാനിറ്റൈസർ  സൂക്ഷിക്കുമ്പോള്‍ അതിന്‍റെ അടപ്പ് ശരിയായ വിധത്തില്‍ മുറുകിയിട്ടുണ്ടോ എന്ന് രണ്ടുവട്ടം പരിശോധിച്ച് ഉറപ്പിക്കുക.

കാരണം ഭവനേശ്വറില്‍ കഴിഞ്ഞ ദിവസം സംഭവിച്ച ഒരപകടം ഇങ്ങനെ അലക്ഷ്യമായി കാറില്‍ സാനിറ്റൈസര്‍ സൂക്ഷിച്ചതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വാഹനം നിര്‍ത്തി ഉടമ പുറത്തേക്കിറങ്ങി മിനിറ്റുകള്‍ക്കം കാര്‍ കത്തിനശിക്കുകയായിരുന്നു. ഭുവനേശ്വറിലെ രുചിക മാര്‍ക്കറ്റിലാണ് സംഭവം. കാറുടമയായ സഞ്ജയ് പത്ര വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ശേഷമായിരുന്നു തീപ്പിടിത്തം. 

കാറില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് ഡാഷ്‌ബോര്‍ഡ്, സ്റ്റീയറിങ്, സീറ്റ് എന്നിവ സാറ്റിറ്റൈസര്‍ ഉപയോഗിച്ച് അദ്ദേഹം അണുവിമുക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.  വാഹനം നിര്‍ത്തി നൂറുമീറ്ററോളം നടന്നയുടനെ വാഹനത്തിന് തീപ്പിടിക്കുകയായിരുന്നുവെന്ന് സഞ്ജയ് പറഞ്ഞു. അഗ്നിരക്ഷാസേന അരമണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്. 

അപകടത്തിന് പിന്നിൽ രണ്ട് സാധ്യതകളുണ്ടെന്നാണ് അഗ്നിശമന ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഒന്നുകില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്, അല്ലെങ്കില്‍ കാറില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസര്‍. കാറുടമ  തന്റെ കാറിനുള്ളിൽ ഒരു കുപ്പി സാനിറ്റൈസർ സ്പ്രേ സൂക്ഷിച്ചിരുന്നു.  കൊവിഡ് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതു മുതല്‍ 15 ദിവസത്തിലൊരിക്കൽ വാഹനം അദ്ദേഹം അണുവിമുക്തമാക്കിയിരുന്നു. എന്നാല്‍ അപകട സമയത്ത് കാറിലെ സാനിറ്റൈസർ കുപ്പി അടച്ചിട്ടുണ്ടോ എന്ന് അദ്ദേഹത്തിന് ഓർമിക്കാൻ കഴിഞ്ഞില്ല.

സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കിയതിന് അഞ്ച് മണിക്കൂറിന് ശേഷം വാഹനം തീ പിടിക്കാനുള്ള സാധ്യത അഗ്നിശമന വിദഗ്ധർ തള്ളിക്കളയുന്നു. എന്നിരുന്നാലും, ഒരു കാറിൽ തുറന്നിരിക്കുന്ന ഒരു സാനിറ്റൈസർ കുപ്പി ബാഷ്പീകരണത്തിലേക്ക് നയിക്കുമെന്നും ചൂട് കാരണം ഇത് കത്തുന്ന നീരാവി ആയി മാറുകയും വാഹനത്തിനുള്ളിൽ കുടുങ്ങുകയും ചെയ്യുമെന്നും അവര്‍ പറയുന്നു. ഇങ്ങനെ കാറിനുള്ളിൽ നീരാവി അടിഞ്ഞുകൂടി അവിടം ഒരു ഗ്യാസ് ചേംബർ പോലെയാകും. ഒരു ചെറിയ തീപ്പൊരി മതി വന്‍ തീപിടിത്തത്തിലേക്ക് നയിക്കാന്‍ - അഗ്നിശമന ഉദ്യോഗസ്ഥര്‍രെ ഉദ്ദരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യത്യസ്ത ബ്രാൻഡുകളായ സാനിറ്റൈസറുകൾക്ക് വ്യത്യസ്ത അളവിൽ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ഇത് 60 മുതൽ 80 ശതമാനം വരെയാണ്. സാനിറ്റൈസറില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന് തീപ്പിടിക്കാന്‍ 21 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവ് മതിയാകും. ഞായറാഴ്ച ഭുവനേശ്വറില്‍ 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു പകല്‍ താപനില. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചുവെന്നും ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം  സാധാരണയായി സോഡിയം ഹൈപ്പോ ക്ലോറൈഡ് ആണ് വാഹനങ്ങള്‍ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കുന്നതെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. വെള്ളവുമായി ചേര്‍ത്താണ് ഇത് ഉപയോഗിക്കുക. സോഡിയം ഹൈപ്പോ ക്ലോറൈഡ് ഒരിക്കലും തീ പിടിക്കില്ല. വെഹിക്കള്‍ സാനിറ്റൈസിംഗ് ചേംബറുകളിലൊക്കെ ഈ രീതിയാണ് അവംലബിക്കുന്നത്. എന്നാല്‍ ആല്‍ക്കഹോള്‍ കലര്‍ന്ന സാനിറ്റൈസര്‍ ഉപയോഗിച്ചാല്‍ അപകടത്തിനു കാരണമായേക്കാമെന്ന് ഇവരും സമ്മതിക്കുന്നു. അടുത്തകാലത്തായി ഇത്തരം അപകടങ്ങളുടെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios