ബജാജ് ചേതക് വിൽപ്പന കുതിക്കുന്നു
2024 ജനുവരി വരെ, ചേതക് ഇലക്ട്രിക് സ്‍കൂട്ടർ 11,000 ബുക്കിംഗുകൾ നേടി എന്നാണ് കണക്കുകൾ. പ്രതിമാസ വിൽപ്പന 15,000 യൂണിറ്റുകൾ കൈവരിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.
ബജാജ് ചേതക് ഇലക്ട്രിക് സ്‍കൂട്ടർ ഇന്ത്യൻ വിപണിയിൽ വിജയകരമായി നാല് വർഷം പൂർത്തിയാക്കി. തുടക്കത്തിൽ, അതിന്‍റെ വിൽപ്പന മന്ദഗതിയിലായിരുന്നു. ആദ്യകാലത്ത് ഈ സ്‍കൂട്ടർ ബെംഗളൂരുവിലും പൂനെയിലും മാത്രമായിരുന്നു ലഭ്യമായിരുന്നത്. പക്ഷേ ഇപ്പോൾ വാഹനത്തിന് വമ്പൻ വിൽപ്പനയാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. 2020 ജനുവരി മുതൽ 2021 മാർച്ച് വരെ 1,587 യൂണിറ്റുകളും 2022 സാമ്പത്തിക വർഷത്തിൽ മൊത്തം 8,187 യൂണിറ്റുകളും വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞു. അടുത്ത വർഷം വിൽപ്പന 31,485 യൂണിറ്റായി ഉയർന്നു. ഇത് 284 ശതമാനം വളർച്ച രേഖപ്പെടുത്തി. 2024 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ മുതൽ ഡിസംബർ 23 വരെ), ചേതക് ഇവി അതിന്‍റെ എക്കാലത്തെയും ഉയർന്ന വിൽപ്പനയായ 75,999 യൂണിറ്റുകൾ നേടി. മൊത്തം വിൽപ്പന 1,17,208 യൂണിറ്റിലെത്തി എന്നാണ് റിപ്പോര്‍ട്ടുകൾ.
2024 ജനുവരി വരെ, ചേതക് ഇലക്ട്രിക് സ്‍കൂട്ടർ 11,000 ബുക്കിംഗുകൾ നേടി എന്നാണ് കണക്കുകൾ. പ്രതിമാസ വിൽപ്പന 15,000 യൂണിറ്റുകൾ കൈവരിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. ഗണ്യമായ കിഴിവുകൾ, പുതിയ വേരിയൻറുകളുടെ വരവ്, മെച്ചപ്പെട്ട പ്രകടനം എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ വിൽപ്പന വർദ്ധനയ്ക്ക് കാരണമായി. നേരത്തെയുള്ള വിതരണ ശൃംഖലയിലെ വെല്ലുവിളികളെ വിജയകരമായി അഭിമുഖീകരിക്കുന്നതിന് വിപുലീകരിച്ച വിതരണ ശൃംഖലയെ ബജാജ് ഓട്ടോ മുന്നോട്ട് വയ്ക്കുന്നു. സൊസൈറ്റി ഓഫ് മാനുഫാക്‌ചറേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് (എസ്എംഇവി) യിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ബജാജ് ഓട്ടോ അതിൻറെ വിപണി വിഹിതം 2022-23 ലെ അഞ്ച് ശതമാനത്തിൽ നിന്ന് 2023 അവസാനത്തോടെ 10 ശതമാനമായി ഉയർത്തി.
2024 ജനുവരിയിൽ, ബജാജ് അപ്‌ഡേറ്റ് ചെയ്‌ത ചേതക് പ്രീമിയം വേരിയൻറ് പുറത്തിറക്കി. അതിൻറെ എക്‌സ്-ഷോറൂം വില 1.35 ലക്ഷം രൂപയാണ്. അതിന്‍റെ മുൻഗാമിയേക്കാൾ 15,000 രൂപ കൂടുതലാണ്. സ്‍കൂട്ടറിന്‍റെ ബാറ്ററിയിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോൾ 127 കിമി എന്ന എആർഎഐ സാക്ഷ്യപ്പെടുത്തിയ ശ്രേണി അവകാശപ്പെടുന്ന ഒരു പുതിയ 3.2kWh പായ്ക്ക് ഫീച്ചർ ചെയ്യുന്നു. നാല് മണിക്കൂറും 30 മിനിറ്റും കൊണ്ട് ബാറ്ററി പൂർണമായി ചാർജ് ചെയ്യാം.
2024 മെയ് മാസത്തോടെ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ രണ്ട് മൂന്ന് അപ്‌ഡേറ്റുകൾക്കുള്ള പ്ലാനുകൾ ബജാജ് ഓട്ടോ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, അടുത്ത വർഷത്തിന്‍റെ ആദ്യ പാദത്തിൽ കമ്പനി വലിയ പൾസർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കൂടാതെ, ബജാജ് ഈ വർഷാവസാനം അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പുതിയ സിഎൻജി ബൈക്കിനായും പ്രവർത്തിക്കുന്നുണ്ട്. ഇത് ബജാജ് സിടി ലൈനപ്പുമായി ഡിസൈൻ ഘടകങ്ങൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.