ബുള്ളറ്റ് പ്രേമികൾക്കൊരു സന്തോഷ വാർത്ത, റോയൽ എൻഫീൽഡ് 450 സിസി റോഡ്സ്റ്റർ ഉടനെത്തും
റോയൽ എൻഫീൽഡ് 450 സിസി റോഡ്‌സ്റ്റർ അടുത്തിടെ നിർമ്മാണത്തിന് സമീപമുള്ള രൂപത്തിൽ ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ വർഷം അവസാനത്തോടെ പുതിയ 450 സിസി റോഡ്സ്റ്റർ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിവേഗം വളരുന്ന ഇന്ത്യൻ വിപണിയിലെ ഉൽപ്പന്ന തന്ത്രവുമായി റോയൽ എൻഫീൽഡ് മുന്നേറുകയാണ്. രണ്ട് പുതിയ 650 സിസി മോട്ടോർസൈക്കിളുകളും ബ്രാൻഡിൻ്റെ ഏറ്റവും പുതിയ 450 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മോട്ടോർസൈക്കിളും ഉൾപ്പെടെ ഒന്നിലധികം പുതിയ മോട്ടോർസൈക്കിളുകൾ കമ്പനി പരീക്ഷിക്കുന്നു. റോയൽ എൻഫീൽഡ് 450 സിസി റോഡ്‌സ്റ്റർ അടുത്തിടെ നിർമ്മാണത്തിന് സമീപമുള്ള രൂപത്തിൽ ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ വർഷം അവസാനത്തോടെ പുതിയ 450 സിസി റോഡ്സ്റ്റർ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ റോയൽ എൻഫീൽഡ് 450 സിസി റോഡ്‌സ്റ്റർ നിയോ-റെട്രോ സ്റ്റൈലിംഗോടെയാണ് വരുന്നത്. അത് ഹണ്ടർ 350ന് സമാനമാണ്. പരമ്പരാഗത വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ-ലാമ്പുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ചെറിയ ടെയിൽ സെക്ഷൻ എന്നിവ മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിരിക്കുന്നു. മോട്ടോർസൈക്കിളിന് സ്വൂപ്പിംഗ് റൗണ്ട് ടാങ്കും സിംഗിൾ പീസ് സീറ്റും ലഭിക്കുന്നുണ്ടെന്ന് പുറത്തുവന്ന പരീക്ഷണയോട്ടത്തിനിടയുള്ള ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
റോയൽ എൻഫീൽഡ് 450 സിസി റോഡ്‌സ്റ്റർ ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കും പിന്നിൽ മോണോഷോക്ക് യൂണിറ്റുമായി വരും. ഒരു റഫറൻസ് എന്ന നിലയിൽ, പുതിയ ഹിമാലയൻ ഒരു യുഎസ്‍ഡി ഫ്രണ്ട് ഫോർക്കുമായി വരുന്നു. ബ്രേക്കിംഗിനായി മോട്ടോർസൈക്കിളിന് ഡിസ്‌ക് ബ്രേക്കുകളും ഡ്യുവൽ ചാനൽ എബിഎസ് സംവിധാനവും ഉണ്ടായിരിക്കും. പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുമായാണ് ഹണ്ടർ 350 വരുന്നത്.
ലിക്വിഡ് കൂൾഡ്, 451 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹിമാലയൻ 450 ന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 40 ബിഎച്ച്പി പവറും 40 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ പ്രാപ്‍തമാണ്. റോയൽ എൻഫീൽഡ് പുതിയ റോഡ്‌സ്റ്ററിനൊപ്പം ടോപ്പ് ബോക്‌സ്, ബാർ-എൻഡ് മിററുകൾ തുടങ്ങി വിവിധ ആക്‌സസറികളും വാഗ്ദാനം ചെയ്യും. 17 ഇഞ്ച് അലോയി വീലുകളുമായാണ് ഇത് വരുന്നത്.
ഹിമാലയൻ 450-ൽ നിന്ന് ഇൻ-ബിൽറ്റ് ഗൂഗിൾ മാപ്‌സ് ഉള്ള ഇൻസ്ട്രുമെൻ്റ് കൺസോൾ മോട്ടോർസൈക്കിളിന് ലഭിക്കും. കൂടുതൽ സ്‌പോർട്ടി റൈഡിംഗ് അനുഭവം നൽകുന്നതിന് സുഖപ്രദമായ സിംഗിൾ-സീറ്റ് സെറ്റപ്പും ചെറുതായി പിൻ-സെറ്റ് ഫൂട്ട് പെഗുകളും ലോ-സെറ്റ് ഹാൻഡിൽബാറുകളും ഇതിലുണ്ടാകും. പുതിയ മോട്ടോർസൈക്കിളിനെ പുതിയ റോയൽ എൻഫീൽഡ് ഹണ്ടർ 450 എന്ന് വിളിക്കാം. 2.33 ലക്ഷം രൂപ വിലയുള്ള ട്രയംഫ് സ്പീഡ് 400 ന് ഇത് നേരിട്ട് എതിരാളിയാകും.