'വിരട്ടാന്‍ നോക്കണ്ട', എംവിഡിയെ വെല്ലുവിളിച്ച് റോബിൻ ബസ്; നാളെയും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുമെന്ന് ബസുടമ

നാളെയും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തും. നാലിടത്ത് നിർത്തി പരിശോധന നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുവരെ 37500 രൂപ പിഴ ചുമത്തിയെന്നും ബസുടമ ഗീരീഷ് പറയുന്നു. 

Robin Bus owner says will continue service to Coimbatore tomorrow nbu

പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റുമുട്ടല്‍ തുടരുമെന്ന് പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ റോബിൻ ബസ്. ഒറ്റദിവസം മുപ്പത്തി ഏഴായിരത്തിലധികം രൂപ മോട്ടോർ വാഹനവകുപ്പ് പിഴയിട്ടെങ്കിലും വരും ദിവസങ്ങളിലും കോയമ്പത്തൂർ സർവീസുമായി മുന്നോട്ട് പോകാൻ തന്നെയാണ് റോബിൻ ബസുടമ ഗീരീഷിന്‍റെ തീരുമാനം. കോടതി പറയും വരെ സർവീസ് തുടരുമെന്ന് ഗീരീഷ് അറിയിച്ചു. ഇതോടെ എംവിഡി - റോബിൻ തർക്കം അതിരൂക്ഷമാകുമെന്ന് ഉറപ്പായി. റോഡിലെ തർക്കത്തിന് പുറമെ കോടതിയിലും പെർമിറ്റിനെ ചൊല്ലി ശക്തമായ നിയമപോരാട്ടം നടക്കും.

അഖിലേന്ത്യ പെർമിറ്റുമായി സർവീസ് തുടങ്ങിയ റോബിൻ ബസിനെ തുടര്‍ച്ചയായി തടഞ്ഞ് പിഴയിടുകയാണ് മോട്ടോർ വാഹന വകുപ്പ്. യാത്ര തുടങ്ങി ഇരുന്നൂറ് മീറ്ററിനകമായിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ആദ്യത്തെ തടയൽ. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപ പിഴയിട്ട് എംവിഡി ഉദ്യോഗസ്ഥർ മടങ്ങി. പാലാ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു രണ്ടാമത്തെ തടയൽ. അങ്കമാലിയിൽ വച്ച് മൂന്നാമത്തും ബസ് തടഞ്ഞപ്പോഴേക്കും ജനം എംവിഡിക്ക് നേരെ തിരിഞ്ഞു. കൂക്കിവിളികളും പ്രതിഷേധങ്ങളുമുയർന്നു. പതിനൊന്നരയോടെ ചാലക്കുടി പിന്നിട്ട ബസ്, പുതുക്കാട് എത്തിയപ്പോൾ വീണ്ടും എംവിഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴയീടാക്കി എംവിഡി വിട്ടയച്ച ബസ് കൊയമ്പത്തൂരിലേക്ക് യാത്ര തുടരുകയാണ്.

ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ ഇന്ത്യയിൽ എവിടെയും സാധാരണ ബസിനെ പോലെ ആളെ കയറ്റി ഓടാമെന്ന അവകാശവാദവുമായാണ് റോബിൻ ബസ് ഉടമ മുന്നോട്ട് പോകുന്നത്. അതേസമയം കോൺട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പിൽ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓ‍ടാൻ അനുവാദിമില്ലെന്നുമാണ് മോട്ടോർ വാഹനവകുപ്പ് നിലപാട്. അടുത്ത ദിവസം ഗതാഗത സെക്രട്ടറി തന്നെ റോബിൻ ബസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ നിയമപരമായി നേരിടാൻ തന്നെയാണ് റോബിൻ ബസ് ഉടമ ഗീരീഷിന്റെ തീരുമാനം.

Latest Videos
Follow Us:
Download App:
  • android
  • ios